സുനീഷ് വാരനാട്: 'പൊറാട്ട് നാടകം' ഞാൻ ആദ്യം പ്ലാൻ ചെയ്തത് ഹിന്ദിയിൽ

By Web TeamFirst Published Oct 16, 2024, 2:17 PM IST
Highlights

സൈജു കുറുപ്പ്, ധർമ്മജൻ ബോൾ​ഗാട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ, ആക്ഷേപഹാസ്യത്തിന് പ്രധാന്യം നൽകുന്ന കുടുംബചിത്രമാണ്.

സുനീഷ് വാരനാട് എഴുതിയ "പൊറാട്ട് നാടകം" തീയേറ്ററുകളിലെത്തുകയാണ്. സൈജു കുറുപ്പ്, ധർമ്മജൻ ബോൾ​ഗാട്ടി എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമ, ആക്ഷേപഹാസ്യത്തിന് പ്രധാന്യം നൽകുന്ന കുടുംബചിത്രമാണ്. ബഡായി ബം​ഗ്ലാവ് പോലെയുള്ള ഹിറ്റ് ടെലിവിഷൻ കോമഡി പരിപാടികളുടെ പിന്നിൽ പ്രവർത്തിച്ച സുനീഷ് വാരനാട് സംസാരിക്കുന്നു.

ഒക്ടോബർ 18-ന് "പൊറാട്ട് നാടകം" റിലീസിന് ഒരുങ്ങുകയാണ്. ആ സന്തോഷത്തിനിടയ്ക്ക്, താങ്കൾക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. അവാർഡിനെക്കുറിച്ച് പറയൂ.

Latest Videos

അതെ. 2023-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിൽ ഹാസസാഹിത്യ വിഭാ​ഗത്തിൽ ഞാൻ എഴുതിയ "വാരനാടൻ കഥകൾ" എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്. എന്റെ സ്വന്തം നാടായ വാരനാട്ടിലെ സാധാരണക്കാരുടെ ജീവിതങ്ങൾ വച്ച് എഴുതിയ തമാശക്കഥകളാണ് പുസ്തകത്തിലുള്ളത്.

"പൊറാട്ട് നാടകം" മൂന്നാമത്തെ തിരക്കഥയാണ്.

അതെ. ആദ്യം തിരക്കഥയെഴുതിയത് മഞ്ജു വാര്യരുടെ മോഹൻലാൽ (2018). പിന്നീട് നാദിർഷയുടെ ഈശോ (2022) എഴുതി.

ടെലിവിഷനിലൂടെയാണ് മലയാളികൾക്ക് സുനീഷ് വാരനാടിനെ പരിചയം. പ്രത്യേകിച്ചും ബഡായി ബം​ഗ്ലാ​വ് എന്ന ഹിറ്റ് ഷോയിലൂടെ.

ബഡായി ബം​ഗ്ലാവ് ഞാനും രമേഷ് പിഷാരടിയും ചേർന്ന് വിദേശത്ത് വച്ച് ഒരു പരിപാടിക്ക് ഇടയിൽ ഉണ്ടായ സംസാരത്തിൽ നിന്നുണ്ടായതാണ്. ഹിന്ദിയിലെ പ്രശസ്തമായ "കോമഡി നൈറ്റ്സ് വിത് കപിൽ" ആയിരുന്നു പ്രചോദനം. ഞാനും നടൻ ബിബിൻ ജോർജ്ജും കലാഭവൻ മധുവും ചേർന്നാണ് അത് സ്ക്രിപ്റ്റ് ചെയ്തത്. എന്റെ മാത്രം കഴിവല്ലായിരുന്നു ആ പരിപാടി. പിഷാരടി, ധർമ്മജൻ, മുകേഷ് എന്നിങ്ങനെ അതിന്റെ ഭാ​ഗമായ എല്ലാവരും സ്വന്തമായി കഥകളുണ്ടാക്കാനും അവതരിപ്പിക്കാനും കഴിവുള്ളവരായിരുന്നു.

പൊറാട്ട് നാടകത്തിൽ ഒരു പശുവാണ് പ്രധാന കഥാപാത്രം. എവിടെ നിന്നാണ് ഈ കഥ വരുന്നത്?

ഞാൻ ഒരുപാട് വർഷം മുൻപ് വായിച്ച ഒരു പത്രവാർത്തയുണ്ടായിരുന്നു. ചാണകത്തിൽ നിന്നും കിട്ടിയ സ്വർണ്ണമാലയുമായി ഒരാൾ പോലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു വാർത്ത. പോലീസ് അത് അന്വേഷിച്ചു. പശുവിന്റെ മുൻ ഉടമകളെ വരെ വിളിപ്പിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷം പശു രാഷ്ട്രീയം ഒക്കെ വന്നപ്പോൾ ഞാൻ സംവിധായൻ സിദ്ദിഖിനോട് ഇതേക്കുറിച്ച് സംസാരിച്ചു. ഹിന്ദിയിൽ നവാസുദ്ദീൻ സിദ്ദിഖിയെ ഒക്കെ മനസ്സിൽ കണ്ടാണ് ഞാൻ ഇത് പ്ലാൻ ചെയ്തത്. പക്ഷേ, സിദ്ദിഖ് സാർ ആണ് പറഞ്ഞത് ഈ കഥ മലയാളീകരിക്കാൻ. അങ്ങനെ കഥ ഞാൻ കാസർകോട്ടേക്ക് മാറ്റി. പൊറാട്ടുനാടകം,  കോതാമൂരിയാട്ടം തുടങ്ങിയ കലാരൂപങ്ങൾ ഒക്കെ ഇതിനടക്ക് കൊണ്ടുവന്നു.

സിനിമ രാഷ്ട്രീയമാണ് പറയുന്നത്?

ഇതൊരു കുടുംബ ചിത്രമാണ്. ഒരു പശുവും അതിന്റെ ഉടമയുമായുള്ള സൗഹൃദമാണ് ഇതിലുള്ളത്. അങ്ങനെ രാഷ്ട്രീയമൊന്നും ആളുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷയൊന്നുമില്ല. ഒരു പൊറാട്ട് നാടകം പോലെയാണ് ഇതിന്റെ തിരക്കഥ. പക്ഷേ, അവസാനമാകുമ്പോൾ ഇത് വ്യക്തമായും സമൂഹത്തിലുണ്ടാകുന്ന ഒരു വലിയ പ്രശ്നത്തെ, ഒരു വ്യക്തിയെ എങ്ങനെ ബാധിക്കുന്നു, ഒരു വാർത്തയെ മറ്റൊരു വാർത്ത കൊണ്ട് ഇല്ലാതാക്കുന്നു എന്ന് വ്യക്തമാക്കും. ഇതെല്ലാം ആളുകൾ സ്ഥിരം ജീവിതത്തിൽ കാണുന്നതല്ലേ. അവർക്ക് മനസ്സിലാകും.

ഈ സിനിമ രാഷ്ട്രീയമായ സന്ദേശം നൽകുന്നുണ്ടോ?

ഇല്ല. ആളുകൾക്ക് സന്ദേശം നൽകാനൊന്നും ശ്രമിച്ചിട്ടില്ല. ഇത് കക്ഷി രാഷ്ട്രീയത്തിന് എതിരെ സംസാരിക്കുന്നുമില്ല. മനഃപൂർവം തന്നെ അങ്ങനെയൊന്നും സംസാരിക്കാത്തതാണ്. അല്ലെങ്കിലും ഉപദേശിക്കാൻ നമ്മൾ ആരും അല്ലല്ലോ!

സംവിധായകൻ സിദ്ദിഖ് അവസാനമായി സഹകരിച്ച ചിത്രങ്ങളിൽ ഒന്നാണിത്. അദ്ദേഹം എത്രമാത്രം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്?

ആദ്യം മുതൽ സിദ്ദിഖ് സർ ഈ പ്രോജക്റ്റിന്റെ കൂടെയുണ്ട്. തിരക്കഥയിൽ ഒരുപാട് മാറ്റങ്ങൾ പറഞ്ഞുതന്നു. മാത്രമല്ല, സർ തന്നെയാണ് കാസർകോട് ഓഡിഷൻ നടത്തി 40 പേരെ സിനിമക്ക് വേണ്ടി തെരഞ്ഞെടുത്തത്. വേണമെങ്കിൽ അറിയപ്പെടുന്ന അഭിനേതാക്കളെ തന്നെ വിളിക്കാമായിരുന്നു. പക്ഷേ, മിമിക്രി, നാടകം പോലെയുള്ള മേഖലകളിൽ നിന്നുള്ളവരെ അദ്ദേഹം സ്വന്തം താൽപര്യ പ്രകാരം തെരഞ്ഞെടുത്ത് അവർക്ക് അവസരം നൽകി.

പുസ്തകം എഴുതി, തിരക്കഥ എഴുതി, സിനിമകളിൽ അഭിനയിച്ചു. എന്താണ് ഇനിയുള്ള വലിയ ആ​ഗ്രഹം?

ഇനി സംവിധാനമാണ് ലക്ഷ്യം. രണ്ട് പ്രോജക്റ്റുകൾ പരി​ഗണനയിലുണ്ട്. അതിലൊന്ന്, എന്റെ "വാരനാടൻ കഥകളി"ൽ നിന്നുള്ള ചില കഥകൾ ചേർത്തുള്ള ഒരു സിനിമയാണ്. രമേഷ് പിഷാരടിയുമായി ചേർന്ന് മറ്റൊരു സിനിമയും ചെയ്യും.

(അഭിമുഖത്തിന്റെ പ്രസക്തഭാ​ഗങ്ങൾ. വ്യക്തതയ്ക്ക് വേണ്ടി സംഭാഷണം എഡിറ്റ് ചെയ്തിട്ടുണ്ട്.)
 

click me!