'സീരിയലിന്റെ ക്വാളിറ്റി കുറഞ്ഞു, ഹേമ കമ്മിറ്റി ചർച്ച അക്കാര്യത്തില്‍ മാത്രം ഒതുങ്ങരുത്'; കിഷോർ സത്യ അഭിമുഖം

By Nithya Robinson  |  First Published Sep 25, 2024, 2:27 PM IST

ഒരിടവേളയ്ക്ക് ശേഷം കഥ ഇന്നുവരെ എന്ന വിഷ്‍ണു മോഹൻ ചിത്രത്തിലൂടെ കിഷോര്‍ സത്യ വീണ്ടും ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.


ലയാളികൾക്ക്, പ്രത്യേകിച്ച് മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ മുഖമാണ് നടൻ കിഷോർ സത്യയുടേത്. അത്രത്തോളം കാമ്പുള്ള കഥാപാത്രങ്ങളാണ് ടെലിവിഷൻ പരമ്പരകളിലൂടെ അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നതും. സീരിയലിന് പുറമെ സിനിമയിലും കിഷോർ സത്യ തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയിട്ടുണ്ട്. സംവിധായകൻ ജോസ് തോമസിന്റെ അസിസ്റ്റന്റ് ആയി വെള്ളിത്തിരയിൽ എത്തിയ കിഷോർ ഒരുപാട് നല്ല വേഷങ്ങൾ സിനിമയിലും അവതരിപ്പിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം കഥ ഇന്നുവരെ എന്ന വിഷ്‍ണു മോഹൻ ചിത്രത്തിലൂടെ അദ്ദേഹം വീണ്ടും ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ചിത്രത്തിൽ മേതിൽ ദേവികയുടെ സഹോദരനായി മികച്ച പ്രകടനം കാഴ്ചവച്ച കിഷോർ, തന്റെ സിനിമാ- സീരിയൽ ജീവിതത്തെ കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പറ്റിയും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി സംസാരിക്കുന്നു.

ആ സിനിമയിലൂടെ തിരിച്ചു വരാനായിരുന്നു പ്ലാൻ

Latest Videos

ടെലിവിഷന്റെ കുറച്ച് തിരക്കുകളിലായിരുന്നു ഞാൻ. അതിനിടയിൽ സിനിമയ്ക്ക് സമയം കണ്ടെത്തുക എന്നത് അല്‍പം പ്രയാസകരമായ കാര്യമാണ്. അതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തേത് ഞാൻ അത്ര അഗ്രസീവ് ആയിട്ടുള്ള ആളല്ല. എനിക്ക് വരുന്ന വേഷങ്ങൾ ചെയ്യുക എന്നല്ലാതെ അതിന് വേണ്ടി പരിശ്രമിക്കാറില്ല. സ്വാഭാവികമായിട്ടുള്ള മടിയുണ്ട്.


 
ഞാനും വിഷ്‍ണുവും സൗഹൃദം ഉണ്ടായിരുന്നവരാണ്. എനിക്ക് യോജിക്കുന്നൊരു വേഷം വന്നപ്പോൾ വിഷ്‍ണുഎന്നെ ഓർത്തു, വിളിച്ചു. അതുകൊണ്ടാണ് കഥ ഇന്നുവരെയിൽ ഞാൻ എത്തിയതും. ഇതിനിടയിൽ വലിയ ലെവലിലുള്ള പടങ്ങളുടെ ഓഫർ വന്നിരുന്നു. വലിയൊരു പ്രൊജക്ടിന്റെ ഭാഗമാണ് ഞാൻ. അങ്ങനെയൊരു സിനിമയിലൂടെ തിരിച്ചു വരാനായിരുന്നു ഞാൻ പ്ലാൻ ചെയ്തിരുന്നത്. പക്ഷേ അത് കുറച്ചേ വൈരി. അപ്രതീക്ഷിതമായിട്ടാണെങ്കിലും നല്ലൊരു സിനിമയിലൂടെ തിരിച്ചുവരാനായി.

മേതിലിന് അറിയില്ലായിരുന്നു ഞാൻ ഉള്ളത്

വർഷങ്ങളായി പരിചയമുള്ള വളരെ അടുത്ത സുഹൃത്തുക്കളാണ് ഞാനും മേതിൽ ദേവികയും. എന്റെ നല്ല സുഹൃത്തുക്കളിലൊരാളാണ്. ഞാൻ മേതിൽ എന്നാണ് വിളിക്കുന്നത്. ഞാൻ ആ സിനിമയിൽ അഭിനയിക്കുന്നുണ്ടെന്ന് മേതിലിന് അറിയില്ലായിരുന്നു. എനിക്കത് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പുള്ളിക്കാരി വലിയ സർപ്രൈസ് ആയിരുന്നു. നമ്മുടെ പ്രിയപ്പെട്ടൊരാളുടെ ആദ്യസിനിമയിൽ കൂടെ അഭിനയിക്കുക, സഹോദരൻ സഹോദരിയായി അഭിനയിക്കുക എന്നത് പ്രത്യേകം സന്തോഷമുള്ളൊരു കാര്യമാണ്. ഞങ്ങൾ ഒന്നിച്ച് ആയിരുന്നു കഥ ഇന്നുവരെ കണ്ടത്. സിനിമയുടെ ഇടവേള ആയപ്പോഴേക്കും ഞാൻ പറഞ്ഞു ഇനി മേതിലിന് ധൈര്യമായിട്ട് സിനിമകൾ കമ്മിറ്റ് ചെയ്യാമെന്ന്. ആദ്യ സംരംഭം എന്ന നിലയിൽ കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ടായിരുന്നു അവർ.

അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി, എന്നിട്ടും സിനിമയിൽ സജീവമായില്ല

സിനിമയിൽ സംവിധായകരുമായും എഴുത്തുകാരുമായുമൊക്കെ സജീവമായി ഇടപെട്ട് കൊണ്ടിരുന്നാൽ മാത്രമേ പടങ്ങൾ കിട്ടുള്ളൂ. എന്നെ തേടി വരുന്ന, അറിയാവുന്നവർ മുഖേനെ വരുന്ന വേഷങ്ങൾ മാത്രമെ ചെയ്യുന്നുള്ളൂ. അല്ലാതെ അഗ്രസീവ് ആയിരുന്നില്ല ഞാൻ. ഞാൻ എന്ന നടൻ അടയാളപ്പെടുത്തിയ വേഷങ്ങൾ കണ്ടിട്ടാണ് പലപ്പോഴും ഓഫറുകൾ വരുന്നത്. ഞാൻ കുറേക്കൂടി പരിശ്രമിച്ച്, കൂടുതൽ ആൾക്കാരോട് സംസാരിക്കുകയൊക്കെ ചെയ്‍തിരുന്നുവെങ്കിൽ ഒരുപക്ഷേ ഞാൻ ഇതിനേക്കാളും സിനിമയിൽ സജീവമാകുമായിരുന്നു.

അവസരങ്ങൾ ചോദിക്കാനുള്ള വൈക്ലബ്യമോ ഇൻഹിബിഷനോ ഒക്കെയാണ് സിനിമയിൽ സജീവമാകാത്തതിന്റെ അടിസ്ഥാന കാരണം. സിനിമയിൽ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും അത് ഫോളോ ചെയ്യരുത്. അത് ശരിയായിട്ടുള്ള കാര്യമല്ല. ഒരു കഥാപാത്രത്തിന് തന്നെ പത്തോ പതിനഞ്ചോ ഓപ്ഷനുകൾ വരും. ഒരു കണക്ടീവിറ്റി ഉണ്ടെങ്കിലെ ആ ഒപ്ക്ഷനുകളിൽ നമ്മൾ വരൂ. പിന്നെ ടെലിവിഷനിൽ നിന്നും ഓഫറുകൾ ഇങ്ങോട്ട് വരുന്നത് കൊണ്ട് അത് ചൂസ് ചെയ്യുന്നു. സിനിമയിൽ സജീവമാകാത്തതിന് നൂറ് ശതമാനവും ഉത്തരവാദി ഞാൻ തന്നെയാണ്.

ഒരു വശത്ത് സിനിമയും മറുവശത്ത് സീരിയലും വച്ചാൽ..

തീർച്ചയായും സിനിമ ആയിരിക്കും ചൂസ് ചെയ്യുന്നത്. ഇന്ന് ടെലിവിഷന്റെ ഒരു ക്വാളിറ്റി ലെവലൊക്കെ ഒരുപാട് മാറി പോയി. ചാനലുകളുടെ മത്സരം, ഫണ്ടില്ലായ്മ, പിരിമിതികൾ ഒക്കെയാകാം അതിന് കാരണം. അതിൽ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. സിനിമ എന്ന് പറയുമ്പോൾ നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. ഒരു സീൻ ഇന്ന് തന്നെ തീർക്കണം എന്നില്ല. സീനുകൾ പഠിക്കാനുള്ള സമയമുണ്ട്. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ നമുക്ക് സംതൃപ്‍തി നൽകുന്നത് സിനിമ തന്നെയാണ്. ടെലിവിഷൻ എന്നത് ദൈനംദിന ജോലി മാത്രമായിട്ടെ നമുക്ക് കാണാൻ സാധിക്കുള്ളൂ. പക്ഷേ പത്തോ പന്ത്രണ്ടോ വർഷം മുൻപ് ടെലിവിഷൻ അങ്ങനെ ആയിരുന്നില്ല. ക്വാളിറ്റിയായിട്ടുള്ള പ്രൊഡക്ടുകൾ ഉണ്ടായിരുന്നു. അവയെ പറ്റി ഇപ്പോഴും ആൾക്കാർ സംസാരിക്കുന്നുണ്ട്. പക്ഷേ ഇന്ന് എല്ലാം മാറി. പ്രേക്ഷകൻ മാറിപ്പോയി. പരിമിതികളുടെ പുറത്താണ് ഇപ്പോൾ ടെലിവിഷൻ മുന്നോട്ട് പോകുന്നത്.  

സീരിയലിൽ നിന്നാൽ സിനിമയിലേക്ക് പോകാൻ പറ്റില്ലേ?

സിനിമയിൽ നിന്നും സീരിയലിലേക്ക് പോയ ആളാണ് ഞാൻ. അതുകൊണ്ട് എനിക്ക് ആ പ്രശ്‍നം ഉണ്ടായിട്ടില്ല. ടെലിവിഷനിൽ ഉള്ള എത്രപേർ ഒരു സിനിമയ്ക്ക് വേണ്ടി പരിശ്രമിക്കുന്നുണ്ടെന്ന് ചോദിച്ചാൽ വളരെ പരിമിതം എന്നാകും ഉത്തരം. ഒരു സീരിയലിൽ അഭിനയിച്ചിട്ട് ചിലപ്പോൾ ഞാൻ രണ്ട് കൊല്ലം ബ്രേക്ക് എടുക്കും. അതിനിടയിൽ ആയിരിക്കും ഞാൻ സിനിമ ചെയ്യുന്നത്.

സീരിയലിൽ നിന്നും സിനിമയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ, അതിന് വേണ്ടി പരിശ്രമിക്കുകയും കൂടി ചെയ്‍താൽ സിനിമകൾ കിട്ടാം. സിനിമയാണ് ലക്ഷ്യമെങ്കിൽ കുറച്ച് നാൾ ത്യാഗം ചെയ്യേണ്ടിവരും. ഒന്നോ രണ്ടോ കൊല്ലം സീരിയലുകൾ ചെയ്യാതെ സിനിമയ്ക്ക് വേണ്ടി പരിശ്രമിച്ചാൽ നല്ല റോളുകളും വരും. അതാണ് വസ്‍തുത. അല്ലാതെ ടെലിവിഷനിൽ അഭിനയിക്കുന്നത് കൊണ്ട് സിനിമയിൽ വിളിക്കുന്നില്ല എന്നൊരു പ്രതിസന്ധി ഉണ്ടെന്ന് തോന്നുന്നില്ല. ഞാൻ ഒരിക്കലും നേരിട്ടിട്ടുമില്ല.

പരിഹരിക്കപ്പെടേണ്ട പ്രശ്‍നങ്ങളുണ്ട്, പക്ഷേ..

ഹേമ കമ്മിറ്റിയിൽ ഒരു ഏരിയയെ മാത്രം ഫോക്കസ് ചെയ്‍തിട്ടുള്ള ചർച്ചകളായി പോയെന്ന് തോന്നുന്നുണ്ട്. ആ റിപ്പോർട്ടിൽ സെക്ഷ്വൽ ഹരാസ്മെന്റ് മാത്രമല്ല പറയുന്നത്. മറ്റ് ഒട്ടനവധി കാര്യങ്ങളുമുണ്ട്. അതൊന്നും എവിടെയും ചർച്ച ചെയ്യപ്പെട്ട് കണ്ടില്ല. സിനിമയായാലും ടെലിവിഷൻ ആയാലും ഒരുപാട് പ്രശ്‍നങ്ങൾ ഉണ്ട്. പരിഹരിക്കപ്പെടേണ്ട പ്രശ്‍നങ്ങൾ. പക്ഷേ അതിലേക്കൊന്നും ചർച്ചകൾ പോയില്ല. സെക്ഷ്വൽ അബ്യൂസുകൾ മാത്രമായി പോയി. അനാരോഗ്യകരമായ ചർച്ചകളാണ് പൊതുവിടത്തിൽ കൂടുതൽ സംഭവിച്ചത് എന്നത് സങ്കടകരമായ കാര്യമാണ്.  ആരോഗ്യകരമായൊരു ചർച്ചയിലേക്ക് റിപ്പോർട്ട് വന്നിട്ടില്ല. വലിയ ചർച്ച ആവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. ശുചിമുറി, വസ്ത്രം മാറാനുള്ള സൗകര്യം തുടങ്ങി എല്ലാം ചർച്ച ചെയ്യണം. അവ പരിഹരിക്കപ്പെടണം. അങ്ങനെ സംഭവിച്ചു കാണാൻ ഞാൻ അഗ്രഹിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാലേ ഗുണമുണ്ടാകൂ. പ്രശ്‍നങ്ങൾ ഉണ്ടെന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ലല്ലോ. സുരക്ഷിതമായ തൊഴിലിടം വേണമല്ലോ.  

കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നു എന്ന് ആളുകൾക്ക് തോന്നിക്കഴിഞ്ഞാൽ, യഥാർത്ഥത്തിൽ ഇരയാക്കപ്പെട്ടവർക്ക് ലഭിക്കേണ്ട വിശ്വാസ്യത പൊതുസമൂഹത്തിൽ തകർന്ന് പോകുന്ന വളരെ സങ്കടകരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ പോകുന്നുണ്ട്. അതൊരു അപകടകരമായ കാര്യമാണ്. അർഹതപ്പെട്ടവർക്ക് നീതി നിഷേധം ഉണ്ടായേക്കാം. നിവിൻ പോളിയുടെ വിഷയം തന്നെ ഉദാഹരണം ആണ്. മോശക്കാരാണെന്ന് പറയുന്നവർക്ക് ആ പേര് മാറി കിട്ടണമെന്നില്ല. കാലങ്ങൾക്ക് ശേഷം ആരോപണങ്ങൾ ഇല്ലാത്തതാണെന്ന് തെളിഞ്ഞാൽ ആ ഡാമേജ് പിന്നെ മാറണമെന്നുമില്ല.

ഞെട്ടിക്കാൻ മമ്മൂട്ടിയും വിനായകനും; ജിതിൻ കെ ജോസ് ചിത്രത്തിന് ആരംഭം

പുതിയ സീരിയൽ, സിനിമ

നിലവിൽ സൂര്യ ടിവിയിലെ ഒരു സീരിയൽ ആണ് ചെയ്‍തു കൊണ്ടിരിക്കുന്നത്. കുടുംബവും ഫാന്റസിയുമൊക്കെയായിട്ടുള്ളൊരു സീരിയൽ ആണത്. ഇന്നലെ മുതൽ സംപ്രേഷണം തുടങ്ങി. സിനിമകൾ ചിലപ്പോൾ സംഭവിക്കാം. ഈ വർഷവും അടുത്ത വർഷവുമൊക്കെ ആയിട്ട്. എന്റെ ഉഴപ്പൊന്ന് മാറ്റി വയ്ക്കണമെന്ന് വിചാരിക്കുന്നുണ്ട്. പുതിയ പ്രോജക്ട് വരുമ്പോൾ നമ്മളെയും കൂടി ഓർക്കണേ എന്ന് മറ്റുള്ളവരോട് പറയേണ്ടുന്ന സമയം അതിക്രമിച്ചു. ഞാനും അത് പറഞ്ഞ് തുടങ്ങാം. വരും കാലങ്ങളിൽ കൂടുതൽ സിനിമകൾ സംഭവിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രേക്ഷകർ നമ്മളെ തിരിച്ചറിയുന്നു, ഇഷ്‍ടപ്പെടുന്നു എന്നത് ഒരു കലാകാരനെ സംബന്ധിച്ച് വലിയൊരു കാര്യമാണ്. ഏതൊരു ആക്ടറുടെയും സന്തോഷമാണത്. അവിടെയാണ് നമ്മൾ സക്സസ്‍ഫുൾ എന്ന് പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

click me!