മലയാളത്തിൽ വിഷ്ണു രാഘവ് സംവിധാനം ചെയ്ത ലൗ അണ്ടർ കൺസ്ട്രക്ഷൻ, തമിഴിൽ എത്തിയ സുഴൽ സീസൺ 2. ഒരേപോലെ മലയാളത്തിലും തമിഴിലും വെബ് സീരിസിൽ തിളങ്ങി നിൽക്കുകയാണ് ഗൗരി ജി കിഷൻ.
മലയാളത്തിൽ വിഷ്ണു രാഘവ് സംവിധാനം ചെയ്ത ലൗ അണ്ടർ കൺസ്ട്രക്ഷൻ, തമിഴിൽ എത്തിയ സുഴൽ സീസൺ 2. ഒരേപോലെ മലയാളത്തിലും തമിഴിലും വെബ് സീരിസിൽ തിളങ്ങി നിൽക്കുകയാണ് ഗൗരി ജി കിഷൻ. തന്റെ പുതിയ സിനിമ വിശേഷങ്ങളും വരാനിരിക്കുന്ന പ്രോജക്ടുകളെ കുറിച്ചും ഗൗരി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.
എൽയുസി, സുഴൽ തന്ന സന്തോഷം
ഈ വർഷം തുടക്കം തന്ന സന്തോഷമാണ് വിഷ്ണു രാഘവ് സംവിധാനം ചെയ്ത ലൗ അണ്ടർ കൺസ്ട്രക്ഷനിലെ (എൽയുസി ) ഗൗരിയും, തമിഴ് ഹിറ്റ് വെബ് സീരീസ് സുഴലിന്റെ സെക്കന്റ് സീസൺ പുറത്തു വന്നപ്പോൾ അതിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ മുത്തു എന്ന കഥാപാത്രവും. രണ്ടും രണ്ട് തലത്തിലുള്ള കഥാപാത്രമായത് കൊണ്ട് കണ്ടവരെല്ലാം വിളിച്ചു പ്രശംസിച്ചിരുന്നു. സുഴലിലെ മുത്തു കുറച്ചുകൂടെ ഇൻഡക്സായ കഥാപാത്രമാണ്. ആക്ഷനും ഒപ്പം ആഴത്തിലുള്ള ഇമോഷണൽ ലയറുകളിലൂടെ കടന്നു പോകുന്നുണ്ട്. ഗൗരി ആണെങ്കിൽ വളരെ സിംപിളായ, ഒരുപാട്പേർക്ക് കണക്ടാവുന്ന ഒരു കഥാപാത്രമാണ്. മിഡിൽ ക്ലാസ്സ് ഫാമിലിയിൽ സംഭവിക്കുന്ന വീട് എന്ന സ്വപ്നവും പ്രണയവും. ഇവ രണ്ടിന്റെയും ഇടയിൽ ബാലൻസ് ചെയ്തു പോകാൻ ബുദ്ധിമുട്ടുന്ന വിനോദും, വിനോദിന്റെ പ്രശ്നനങ്ങളെയെല്ലാം മാനേജ് ചെയ്യുന്നതിനൊപ്പം വീട്ടിലുണ്ടാകുന്ന ഇഷ്യൂവിനിടയിൽ വീർപ്പുമുട്ടി പോകുന്ന ഗൗരി. ഒരു പ്രായമാവുമ്പോൾ വിദേശത്തേക്ക് പോവുന്ന ഒരുപാട് ഗൗരിമാരുണ്ട് നമുക്ക് ചുറ്റും. ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ നല്ല രണ്ടു പ്രോജക്ടുകളുടെ ഭാഗമായതിന്റെ സന്തോഷത്തിലാണ്.
ഗൗരി എന്നെപോലെ
വിഷ്ണു എൽ യു സിയുടെ കഥ പറയുമ്പോൾ തന്നെ ഗൗരിയുമായി എനിക്ക് ഒരുപാട് സാമ്യതയുള്ളപോലെ തോന്നി. എനിക്ക് മാത്രമല്ല ഒരുപാട് പെൺകുട്ടികൾക്ക് ഈസിയായി കണക്ട് ചെയ്യാൻ കഴിയുന്ന ഒരാളാണ് ഗൗരി. കാരണം, ഇപ്പോഴുള്ള പെൺകുട്ടികൾ വളരെ ധാരണയുള്ളവരാണ്. ഇൻഡിപെൻഡന്റായ, പ്രോഗ്രസീവായി ചിന്തിക്കുന്നതരത്തിലുളളവരാണ് ഈ ജനറേഷനിലെ പെൺകുട്ടികൾ. അത്തരത്തിലുള്ള പെൺകുട്ടികളെയെല്ലാം പ്രതിനിധീകരിക്കുന്നു കഥാപാത്രമായിരുന്നു ഗൗരി. എല്ലാ കാര്യങ്ങളെ കുറിച്ചും വ്യക്തമായ ധാരണയും അഭിപ്രായവുമെല്ലാമുള്ള ഒരാളായാണ് ഗൗരിയെ വിഷ്ണു അവതരിപ്പിച്ചിരിക്കുന്നത്. ഗൗരിയ്ക്ക് വേണ്ടി ഇൻപുട്ട് കൊടുക്കാൻ വിഷ്ണുവും സ്പേസ് തന്നിരുന്നു. എന്തെങ്കിലും കൺഫ്യൂഷൻസ് ഉണ്ടാവുമ്പോൾ അത് ക്ലിയർ ചെയ്താണ് ഞങ്ങൾ മുന്നോട്ട് പോയിരുന്നത്. എത്ര ഫ്രീഡം തരുന്ന ഫാമിലിയാണെങ്കിലും ചില കാര്യങ്ങളിൽ പെൺകുട്ടിയായത് കൊണ്ട് കോംപ്രമൈസ് ചെയ്യേണ്ടി വരും. ചില സീനുകൾ പെർഫോം ചെയ്തപ്പോൾ സ്വന്തം ലൈഫിൽ സംഭവിച്ചാൽ എങ്ങനെയുണ്ടാകുമെന്നൊക്കെ ചിന്തിച്ചുപോയി. അങ്ങനെ ഒരുപാട് നല്ല നിമിഷങ്ങൾ എൽയുസി എനിക്ക് നൽകി.
വിനോദും ഗൗരിയും തമ്മിലുള്ള കെമിസ്ട്രി
നീരജ് എന്ന പെർഫോർമർ, സിംഗർ ഞാൻ വളരെ സൂക്ഷമമായി നീരിക്ഷിക്കുന്ന ഒരു ആർട്ടിസ്റ്റാണ്. എൽ യു സിയുടെ സ്ക്രിപ്റ്റ് റീഡിങ് സെക്ഷനിലാണ് ഞങ്ങൾ മീറ്റ് ചെയ്യുന്നത്. ഒരു പ്രോജക്ടിന്റെ പ്രീ പ്രൊഡക്ഷനിൽ എത്ര ആർട്ടിസ്റ്റുമാരുടെ സാന്നിധ്യം ഉണ്ടാവുമോയെന്ന് ചോദിച്ചാൽ അറിയില്ല. നീരജ് അങ്ങനെയാണ്. ഞങ്ങൾ എല്ലാവരും തുടക്കം മുതൽ അതിൽ ഇൻ ആയതുകൊണ്ട് തന്നെ ഞങ്ങൾക്ക് പ്രണയ ജോഡികളാവാൻ എളുപ്പമായിരുന്നു. നീരജ് വിനോദിന് നിന്ന് മാറി നിൽക്കുന്ന കഥാപാത്രമായിരുന്നു.
പക്ഷേ ആക്ഷൻ എന്ന് പറയുമ്പോൾ നീരജിൽ നിന്ന് വിനോദിലേക്ക് സ്വിച്ച് ചെയ്യാൻ കഴിയുമായിരുന്നു. ഞാനും അങ്ങനെയാണ്. ഓരോ സീനും ഞങ്ങൾ പ്രഫഷണലായി സമീപിക്കുമ്പോൾ അത് ചെയ്യുമ്പോൾ കുറച്ചുകൂടെ എളുപ്പമായി തോന്നി. റൊമാന്റിക് ജോഡികൾ എന്ന രീതിയിൽ വിനോദിനെയും ഗൗരിയേയും പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമുണ്ട്. നിങ്ങൾ ശരിക്കും പ്രണയത്തിലെന്ന് തോന്നി എന്ന് പറയുമ്പോൾ പ്രേക്ഷകർക്ക് പ്രണയ ജോഡികളായ ഞങ്ങളുടെ കഥാപാത്രം കൺവീൻസ്‍ഡായത് കൊണ്ടാണല്ലോ..!
അജുവേട്ടൻ സ്പെഷ്യലാണ്
അജുവേട്ടനൊപ്പം ഇത് രണ്ടാമത്തെ പ്രോജക്ടാണ് ചെയ്യുന്നത്. ഇൻഡസ്ട്രിയിൽ എനിക്ക് അത്രയും പ്രിയപ്പെട്ട ഒരു അഭിനേതാവാണ് അജുവേട്ടൻ. പ്രൊഫഷണലിയും അത്രയധികം ടാലന്റുള്ള നടനാണ്. ഇന്നസെന്റ് ഏട്ടനും കൊച്ചിൻ ഹനീഫ് ചേട്ടനെല്ലാം ശേഷം മലയാളത്തിൽ ഹ്യൂമർ ചെയ്യുന്ന ആർട്ടിസ്റ്റുമാരുടെ ഒരു കുറവുണ്ടെന്ന് തോന്നാറുണ്ട്. ഈ കാലത്തിന്റെ സിനിമയുടെ അസാധ്യ ഹ്യൂമർ ചെയ്യുന്ന ഒരു ആർട്ടിസ്റ്റാണ്. എൽയുസിയിലെ എന്റെ ഫേവറേറ്റ് ക്യാരക്ടർ പപ്പേട്ടനാണ്. അത് ഡെവലപ്പ് ചെയ്തിരിക്കുന്നത് നല്ല രസമാണ്. നല്ല ക്യൂട്ട് ആയ കഥാപാത്രമാണ്. പപ്പേട്ടനും ഗൗരിയുമായുള്ള ബോണ്ടും നന്നായി വർക്ക് ആയിട്ടുണ്ട്. ഗൗരിയ്ക്ക് ബ്രേക്ക് ഡൗൺ സംഭവിക്കുമ്പോൾ പപ്പേട്ടനും കൂടെ നിൽക്കുന്നുണ്ട്. വളരെ സപ്പോർട്ടീവായ ഒരു ഗൈഡ് എന്നപോലെ നിലകൊള്ളുന്ന ഒരു പേഴ്‌സൺ കൂടെയാണ് അജുവേട്ടൻ.
മലയാള സിനിമയോടുള്ള ഇഷ്ടം
മലയാള സിനിമയോടും മലയാളി ഓഡിയൻസിനോടും എനിക്ക് വല്ലാത്തൊരു ഇഷ്ടമാണ്. മനഃപൂർവ്വമായ ഒരു ഗ്യാപ്പ് എടുക്കുന്നില്ല. കഥകൾ കേട്ട് അതിന്റെ പ്രീ പ്രൊഡക്ഷൻ കഴിയുമ്പോഴേക്കും സമയമായി പോവുന്നതാണ്. അതുപോലെ എന്റെ ആദ്യ സിനിമ തമിഴിലായത് കൊണ്ട്, പലരും എന്നെ മലയാളത്തിൽ പരിഗണിക്കാറില്ല എന്ന് ഒരുപക്ഷേ, ഞാൻ നാട്ടിൽ ഉണ്ടാവില്ലെന്ന് കരുതിയിട്ടാവാം, തമിഴ് മാത്രമേ ചെയ്യുകയുള്ളൂവെന്നൊരു മുൻധാരണ എല്ലാരിലും ഉണ്ടെന്ന് തോന്നുന്നു. തെലുങ്കിലും തമിഴിലും സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തിൽ സിനിമകൾ ചെയ്യാനാണ് കൂടുതലിഷ്ടം. മലയാള സിനിമയുടെ പ്രേക്ഷകയായി സിനിമ കാണാനാണ് ഇഷ്ടം. മലയാള സിനിമകളാണ് കൂടുതൽ കണ്ടെന്റ് ഓറിയന്റഡായ സിനിമകളും അതുപോലെ സ്ത്രീ കേന്ദ്രികൃത സിനിമകളും മലയാളത്തിലാണ് കൂടുതൽ സംഭവിക്കുന്നത്. പെർഫോമിംഗ് ഓറിയന്റഡായ കഥാപാത്രങ്ങൾ ചെയ്യണം. മലയാളത്തിലെ ഒരുപാട് നല്ല ഫിലിം മേക്കേഴ്‌സിനൊപ്പം വർക്ക് ചെയ്യണം. മലയാളത്തിൽ ഇനി കൂടുതൽ സജീവമാകണമെന്നാണ് ആഗ്രഹിക്കുന്നത്.
സുഴലിലെ 'മുത്തു'
സുഴൽ സീസൺ വൺ കണ്ട ഞാൻ ആ ഒരു ടീമിന്റെ വലിയൊരു ഫാനാണ്. അതിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മുത്തു ഒട്ടും എളുപ്പമായിരുന്നില്ല. വളരെ ഇന്റൻസായ ഒരുപാട് ഇമോഷണൽ ലയറുകളുള്ള കഥാപാത്രമാണ് മുത്തു. അത് ഒരു മീറ്ററിൽ പിടിച്ചില്ലെങ്കിൽ ഒരുപക്ഷേ കൈയിന്നു പോകാനും സാധ്യതയുള്ള കഥാപാത്രമായിരുന്നു. ആക്ഷൻ ഫിസിക്കലി ചലഞ്ചിങ്ങായിരുന്നു. മാർഷ്യൽ ആർട്‍സ് ട്രെയിനിങ്ങെല്ലാം ഉണ്ടായിരുന്നു. ഇൻഡസ്ട്രിയിൽ തന്നെ പ്രഫഷണൽ വാൾ വാച്ചർ പ്രൊഡക്ഷൻ കമ്പനിയുടെ കൂടെ വർക്ക് ചെയ്യാൻ കഴിഞ്ഞതും സന്തോഷം നൽകിയ ഒന്നാണ്. അത്രയും സ്ത്രീകളുള്ള ഒരു സെറ്റ് ആയതു കൊണ്ട് തന്നെ ഞങ്ങളുടെ സേഫ്റ്റി അവർ ഉറപ്പു വരുത്തിയിരുന്നു. അങ്ങനെ എല്ലായിടത്തും സംഭവിക്കുന്നതല്ല. അതുപോലെ അത്രയും കാസ്റ്റും എട്ടോളം എപ്പിസോഡുകൾ ഉണ്ടായിട്ടും എന്റെ കഥാപാത്രത്തെ കണ്ടവരെല്ലാം ശ്രദ്ധിക്കുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുവെന്നതിൽ സന്തോഷമുണ്ട്. അതിലെ എന്റെ കൂടെ ഉണ്ടായ പെൺകുട്ടികളെല്ലാം ബെസ്റ്റ് ഫ്രണ്ട്സായി.
ഇനി വരാനിരിക്കുന്ന സിനിമകൾ
തമിഴിൽ ലൗ ഇൻഷുറൻസ് കമ്പനിയാണ് ഇനി ഒരുങ്ങുന്ന ചിത്രം. പ്രദീപ് രംഗനാഥൻ, എസ് .ജെ സൂര്യ, കൃതി ഷെട്ടി തുടങ്ങിയവർ അഭിനയിക്കുന്ന വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സെക്കന്റ് ലീഡായി അഭിനയിക്കുന്നുണ്ട്. അനിരുദ്ധ് മ്യൂസിക്ക്, മാസ്റ്റർ കഴിഞ്ഞതിന് ശേഷം എന്റെ ഏറ്റവും വലിയൊരു സിനിമയായി വരുന്നതാവും എൽ ഐ കെ. ചെയ്യാത്ത ഒരു ലുക്കിലാണ് എത്തുന്നത്. അതുകൊണ്ട് ഞാൻ എക്സൈറ്റഡാണ്. മലയാളത്തിൽ ഇനി 21 ഗ്രാം എന്ന ചിത്രത്തിന്റെ സംവിധായകൻ ബിബിൻ കൃഷ്‍ണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം സാഹസത്തിലെ നായികാ വേഷം ചെയ്യുന്നു. റംസാൻ, ബൈജു ചേട്ടൻ , ബാബു ആന്റണി ചേട്ടൻ, നരെയ്ൻ സാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തമിഴിൽ പ്രഭുദേവ സാറിനൊപ്പം ഒരു വെബ് സീരീസ് കമ്മിറ്റ് ചെയ്തിട്ടുണ്ട്. 96 ൽ എന്റെയൊപ്പം അഭിനയിച്ച ആദിത്യ ഭാസ്‍കറിനൊപ്പമുല്ല മൂന്നാമത്തെ സിനിമ വരുന്നുണ്ട്. ടൈറ്റിൽ ഒന്നും ഇതുവരെയും അന്നൗൺ സ് ചെയ്‍തിട്ടില്ല.