'എമ്പുരാൻ കണ്ടിട്ട് അഭിലാഷം കണ്ടാൽ മതി, ചിത്രത്തിൽ ഇതുവരെ കാണാത്ത സൈജു കുറുപ്പ്'; സംവിധായകൻ ഷംസു സെയ്ബ അഭിമുഖം

ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ 'മണിയറയിലെ അശോകന്' ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം

abhilasham movie director Shamzu Zayba interview

'മാർച്ച് 27 നാണ് എമ്പുരാൻ റിലീസിനെത്തുന്നത്. ആ ദിവസം രാവിലെ ആറു മണിയുടെ ഷോയ്ക്ക് ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്.എമ്പുരാൻ മലയാളത്തിലെ ഏറ്റവും വലിയ സിനിമയാണ്, അത് വിജയിക്കേണ്ടത് ഇൻഡസ്ട്രിയുടെ ഏറ്റവും വലിയ ആവശ്യമാണ്. അത് കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞു് പെരുന്നാൾ തലേന്നാണ് ഞങ്ങളുടെ അഭിലാഷം എത്തുന്നത്. എമ്പുരാൻ കണ്ടതിന് ശേഷം അഭിലാഷവും എല്ലാവരും കാണണമെന്ന് ആഗ്രഹമുണ്ട്.' - മണിയറയിലെ അശോകന് ശേഷം ഷംസു സെയ്ബ ഒരുക്കുന്ന അഭിലാഷം റിലീസിന് ഒരുങ്ങുകയാണ്. ആദ്യ സിനിമയിൽ നിന്ന് തന്റെ രണ്ടാമത്തെ സിനിമയ്‌ക്കെടുത്ത സ്ട്രഗിളിലെ കുറിച്ച് ഷംസു ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കുന്നു.

അഭിലാഷം സെക്കന്‍റ് ചാൻസാവരുത്

Latest Videos

അഭിലാഷം തിയേറ്ററുകളിൽ കയറി കാണുന്ന ഓരോരുത്തർക്കും സിനിമ ഇഷ്ടപ്പെടുമെന്നതിൽ ഉറപ്പുണ്ട്. പലതരം ഇമോഷണല്‍ ലെയറുകളുള്ള ബന്ധങ്ങളുടെ കഥ പറയുന്ന സിനിമയാണ്. റൊമാന്റിക് ഡ്രാമയാണ് ജോണര്‍. സൈജു ചേട്ടൻ തന്നെ പറയാറുള്ള ഒന്നാണ് അദ്ദേഹം ഒരു സോകോൾഡ് സ്റ്റാർ മെറ്റീരിയലല്ലെന്ന്. തിയേറ്ററുകളിലേക്ക് ആൾക്കാരെ കൊണ്ടുവരാനുള്ള ലിമിറ്റേഷൻസുണ്ടെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് തന്നെ നായക വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ അത്രയധികം ശ്രദ്ധിച്ചുമാത്രമേ സൈജു ചേട്ടനും ചെയ്യാറുള്ളൂ. ആ സിനിമ ചെയ്യുന്നവരെയും സേഫാക്കാറുണ്ട് സൈജു ചേട്ടൻ. അയാൾ ഒരു ഗംഭീര മനുഷ്യനാണ്. സൈജു കുറുപ്പിനെ പോലെ ഇന്നത്തെക്കാലത്ത് ആവുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. അദ്ദേഹം നിർമ്മിച്ച ഭരതനാട്യം തിയറ്ററുകളിൽ വിജയമായില്ലെങ്കിലും അത് ഒടിടിയിൽ ബിസിനസ് ആവുകയും സിനിമയെ കുറിച്ചും നല്ല അഭിപ്രായങ്ങൾ വരികയും ചെയ്തു. അതുപോലെ സെക്കന്റ് ചാൻസിലേക്ക് അഭിലാഷവും പോവുമോയെന്നൊരു ആശങ്കയുണ്ട്. ഈ ഒരു ഫെസ്റ്റിവൽ ടൈമിൽ സിനിമ എത്തിക്കാൻ നിർമാതാക്കൾ തിരുമാനിച്ചിട്ടുണ്ടെങ്കിൽ അത് ഈ സിനിമയോടുള്ള ആത്മവിശ്വാസം കൊണ്ട് മാത്രമാണ്.

സൈജു ചേട്ടന്  വേണ്ടിയുള്ള അഭിലാഷം

ഇരുപത് വർഷമായി സൈജു ചേട്ടൻ മലയാളം ഇൻഡസ്ട്രയിൽ നില്‍ക്കുന്നു. നൂറ്റിയമ്പതോളം സിനിമകൾ ചെയ്തു. സൈജു ചേട്ടനെ ഇതുവരെ കാണാത്ത ഒരു രീതിയിലായിരിക്കണം അഭിലാഷത്തിനായി ഒരുക്കേണ്ടതെന്ന് നിർബന്ധമുണ്ടായിരുന്നു. ഇതിന് മുൻപ് ഒരു ആന്തോളജി മൂവിയുടെ ഭാഗമായി സൈജു ചേട്ടനുമായി വർക്ക് ചെയ്തിരുന്നു. അത് സംഭവിച്ചതുകൊണ്ടാണ് അഭിലാഷം സംഭവിക്കുന്നത്. അവിടെ നിന്നാണ് നമുക്ക് ഒന്നിച്ചൊരു ഫീച്ചർ മൂവി ചെയ്യാമെന്ന തീരുമാനത്തിൽ എത്തുന്നത്. ജെനിത്തിന്റേതാണ് തിരക്കഥ. എഴുത്തിൽ അസോസിയേറ്റായി ജിഷ്ണുവുമുണ്ട്. സൈജു ചേട്ടന്‍ ഇ എം ഐ, കടം സ്റ്റാർ എന്ന രീതിയിൽ തഴയേണ്ട ഒരു ആർട്ടിസ്റ്റ് അല്ല. അഭിലാഷിലൂടെ സൈജു ചേട്ടന്റെ കരിയറിൽ മറ്റൊരു തലത്തിലേക്ക് എത്തുമെന്നതിൽ ഉറപ്പാണ്. ട്രെയിലറും പാട്ടും കണ്ട് സൈജു ചേട്ടന്റെ ലുക്കിനെ കുറിച്ച് എല്ലാവരും സംസാരിക്കുന്നു, അതിന്റെ ക്രെഡിറ്റ് മേക്കപ്പ്മാന്‍ റോണക്സിനാണ്.

'അഭിലാഷി'നോളം പ്രധാനപ്പെട്ട 'ഷെറിന്‍'

അഭിലാഷ് ആയി എത്തുന്ന സൈജു ചേട്ടനും ഇതിനിടയിൽ വരുന്ന താജുവായി എത്തുന്ന അർജുനും നടുവിൽ നിൽക്കുന്ന ഒരാളെന്ന നിലയില്‍ ഷെറിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത് ആരായിരിക്കുമെന്നത് ഞങ്ങളെ വലിയ ആശയക്കുഴപ്പത്തിലാക്കിയ ഒന്നായിരുന്നു. മൂന്ന് വയസുള്ള ഒരു കുട്ടിയുടെ അമ്മയുമാണ് ഷെറിന്‍. തൻവി ഈ കഥാപാത്രത്തെ മനോഹരമായി അവതരിപ്പിച്ചു.

ബന്ധങ്ങളുടെ കഥ

അഭിലാഷം ബന്ധങ്ങളുടെ കഥ പറയുന്ന ഒരു സിനിമയാണ്. മലപ്പുറത്ത് ഉണ്ടായ അധികം ആരിലേക്കും അറിയാത്ത ഒരു സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് അഭിലാഷം ഒരുക്കിയിരിക്കുന്നത്. ബന്ധങ്ങളുടെ ഇമോഷനുകളിലൂടെ കടന്നുപോകുന്ന സിനിമയാണ്. അഭിലാഷും അയാളുടെ അമ്മയും തമ്മിലുള്ള ബന്ധം, ഷെറിനും അവളുടെ കുടുംബവും തമ്മിലുള്ള ബന്ധം അങ്ങനെ പറഞ്ഞു വയ്ക്കുന്ന ബന്ധങ്ങളെല്ലാം മനോഹരമായി അഭിലാഷത്തിലുണ്ട്. ബന്ധങ്ങളിൽ വിള്ളല്‍ വീഴാതിരിക്കാൻ വേണ്ടിയാണ് അഭിലാഷും ഷെറിനുമെല്ലാം നോക്കുന്നത്. നന്മയുള്ള കഥയാണ്.

 

ആദ്യ സിനിമ തിയറ്ററിൽ കാണാത്ത വിഷമം

അഭിലാഷം എനിക്ക് ആദ്യ സിനിമ എത്തുന്ന അതേ ഫീലാണ് ഉണ്ടാക്കുന്നത്. അതിനുള്ള കാരണം എന്റെ ആദ്യ സിനിമ മണിയറയിലെ അശോകൻ തിയറ്ററുകളിലേക്ക് വേണ്ടി എടുത്തതായിരുന്നെങ്കിലും കൊവിഡും ലോക്ഡൗണും കാരണം അത് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയായി മാറി. എനിക്ക് അന്നത് തിയേറ്ററിൽ കാണാൻ കഴിയാത്തത് ഒരു വിഷമം പോലെ ഉള്ളിലുണ്ട്. അതുകൊണ്ട് തന്നെയാണ് രണ്ടാമത്തെ സിനിമ അതെ ഫ്ലേവറിൽ ഒരുക്കിയത്. ഇതിനും അതിനും സാമ്യത തോന്നാനുള്ള കാരണവും അതാണ്. അത് മനഃപൂർവം ഉണ്ടാക്കിയെടുത്തതാണ്. എനിക്ക് അതിന്റെ എല്ലാ ഫീലോടെയും തിയറ്ററിൽ കാണണം.

രണ്ടാമത്തെ സിനിമയ്ക്ക് പിന്നിലെ പരിശ്രമം

ആദ്യ സിനിമയേക്കാൾ രണ്ടാമത്തെ സിനിമയ്ക്ക് വേണ്ടിയെടുത്ത സ്ട്രഗിൽ വലുതായിരുന്നു. മണിയറയിലെ അശോകന്‍ ദുൽഖർ സൽമാൻ എന്ന ബ്രാൻഡ് കാരണം ബിസിനസ് ആയെങ്കിലും പലർക്കും അത് ഇഷ്ടപ്പെട്ടില്ല. അത് എന്റെ പരാജയമായാണ് ഞാൻ കാണുന്നത്. അതുകൊണ്ട് തന്നെ രണ്ടാമത്തെ സിനിമ ഓൺ ആവുക, അതിന് പ്രൊഡക്ഷൻ കണ്ടുപിടിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.

മ്യൂസിക്കിന്‍റെ പങ്ക്

മ്യൂസിക്കലിയാണ് അഭിലാഷത്തിൽ കഥ പറയുന്നത്. മണിയറയിലെ അശോകന്റെ മ്യൂസിക് ചെയ്‌ത ശ്രീഹരി തന്നെയാണ് അഭിലാഷത്തിന്റെയും മ്യൂസിക്. മ്യൂസിക്കിലൂടെയാണ് ഇതിലെ ഇമോഷൻസ് പറയാൻ ശ്രമിക്കുന്നത്. 'തട്ടത്തിൽ തക്കത്തിൽ തന്നിട്ടു പോയതെന്തു.. ഇതുതന്നെ സിനിമ പറയുന്നതും. നല്ല ഒരുപാട് പാട്ടുകള്‍ ഇനിയും വരാനുണ്ട്. ഇതിന്‍റെ സംഗീതാനുഭവം നല്ലതായിരിക്കും.

ALSO READ : 'തിരുത്ത്' തിയറ്ററുകളിലേക്ക്; 21 ന് റിലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!