ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം
ഒരു മലയാള ചിത്രത്തിന് സമീപകാലത്ത് ലഭിച്ച ഏറ്റവും വലിയ ഹൈപ്പ് ആണ് എമ്പുരാന് ലഭിച്ചത്. മലയാളികള്‍ തിയറ്ററുകളില്‍ ആഘോഷിച്ച ലൂസിഫറിന്‍റെ രണ്ടാം ഭാഗം എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ യുഎസ്‍പി. ഒപ്പം മലയാളത്തിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായകനായി മോഹന്‍ലാല്‍ എത്തുന്നു എന്നതും പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിപ്പിച്ച ഘടകങ്ങളാണ്. നേരത്തേ ആരംഭിച്ച വിദേശ ബുക്കിംഗിന് ലഭിച്ച പ്രതികരണം തന്നെ അമ്പരപ്പിക്കുന്നത് ആയിരുന്നെങ്കില്‍ ഇന്നലെ ആരംഭിച്ച ഇന്ത്യന്‍ ബുക്കിംഗിന് ലഭിക്കുന്ന പ്രതികരണവും സമാനമോ അല്ലെങ്കില്‍ അതിനേക്കാള്‍ മുകളിലോ ആണ്. ഇപ്പോഴിതാ പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയുടെ 24 മണിക്കൂറിലെ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ ബുക്കിംഗ് ഇന്നലെ ആരംഭിച്ച എമ്പുരാന്‍ പ്രീ സെയിലില്‍, ഒരു മണിക്കൂറില്‍ ഒരു ഇന്ത്യന്‍ ചിത്രം നേടുന്ന ഏറ്റവും വലിയ ബുക്കിംഗ് നേടിയിരുന്നു. 96,000 ല്‍ ഏറെ ടിക്കറ്റുകളാണ് പീക്ക് അവറില്‍ ചിത്രം ബുക്ക് മൈ ഷോയിലൂടെ വിറ്റത്. ഇപ്പോഴിതാ ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിലെ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. ആദ്യ 24 മണിക്കൂറില്‍ 6.45 ലക്ഷം ടിക്കറ്റുകളാണ് എമ്പുരാന്‍റേതായി പ്ലാറ്റ്‍ഫോമിലൂടെ വിറ്റുപോയിരിക്കുന്നത്. മലയാള സിനിമയില്‍ എന്നല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ റോക്കോര്‍ഡ് ആണ് ഇത്.
ആന്ധ്ര ബോക്സ് ഓഫീസിന്‍റെ കണക്ക് പ്രകാരം ഈ റെക്കോര്‍ഡിന്‍റെ ഇതുവരെയുണ്ടായിരുന്ന അവകാശി പാന്‍ ഇന്ത്യന്‍ മള്‍ട്ടിസ്റ്റാര്‍ തെലുങ്ക് ചിത്രം കല്‍ക്കി 2898 എഡി ആയിരുന്നു. പ്രഭാസ് നായകനായ ചിത്രം ആദ്യ 24 മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റത് 3.41 ലക്ഷം ടിക്കറ്റുകള്‍ ആയിരുന്നു. അതായത് ഡബിള്‍ മാര്‍ജിനിലാണ് എമ്പുരാന്‍ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.
ALSO READ : പ്രശാന്ത് മുരളി നായകന്‍; 'കരുതൽ' വരുന്നു