വനിതാ ശിശുവികസന വകുപ്പ് സ്പോണ്‍സര്‍ഷിപ്പ് പദ്ധതി; യോ​ഗ്യരായവർക്ക് പ്രതിമാസം 2000 രൂപ വീതം

By Web Team  |  First Published Apr 6, 2022, 9:46 AM IST

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരുവിധ ധനസഹായവും ലഭിക്കാത്തവരാകണം അപേക്ഷകര്‍.


തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പിനു (women and child protection department) കീഴില്‍ സംയോജിത ശിശുസംരക്ഷണ പദ്ധതി പ്രകാരം  ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് മുഖേന നടപ്പാക്കുന്ന (sponsorship project) സ്പോണ്‍സര്‍ഷിപ്പ്  പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു.  സാമ്പത്തിക കാരണങ്ങളാല്‍  കുട്ടികളെ കുടുംബത്തില്‍ നിന്ന് അകറ്റി അനാഥാലയങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിന് പകരം  കുട്ടികളുടെ ജീവിത- വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായുളള തുക ലഭ്യമാക്കി കുട്ടികളെ കുടുംബത്തില്‍ തന്നെ സംരക്ഷിക്കുന്നതിനുളള പദ്ധതിയാണ് സ്പോണ്‍സര്‍ഷിപ്പ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരുവിധ ധനസഹായവും ലഭിക്കാത്തവരാകണം അപേക്ഷകര്‍.

ഏകരക്ഷിതാവിന്റെ സംരക്ഷണത്തില്‍ കഴിയുന്ന കുട്ടികള്‍, തടവുശിക്ഷ  അനുഭവിക്കുന്ന രക്ഷിതാവിന്റെ കുട്ടികള്‍, ശയ്യാവലംബരായ രക്ഷിതാവിന്റെ കുട്ടികള്‍, മാരകരോഗങ്ങള്‍ ബാധിച്ച രക്ഷിതാവിന്റെ കുട്ടികള്‍/ മാരക രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ എന്നിവര്‍ക്കാണ് സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍  യൂണിറ്റില്‍ നിന്നും ലഭിക്കുന്ന അപേക്ഷഫോം പൂരിപ്പിച്ച് നല്‍കുന്നതിനോടൊപ്പം, കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലെ മേലധികാരിയില്‍ നിന്നും  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ യാതൊരുവിധ ധനസഹായവും സ്‌കൂള്‍ മുഖേന കൈപ്പറ്റുന്നില്ല എന്നുള്ള സാക്ഷ്യപത്രവും, ജനന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (വാര്‍ഷിക വരുമാനം 24000 രൂപയില്‍ താഴെ), മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡിന്റെ കോപ്പി, കുട്ടിയുടെയും രക്ഷിതാവിന്റെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍  കുട്ടിയുടെയും രക്ഷിതാവിന്റെയും പേരില്‍ എടുത്ത  ബാങ്ക് അക്കൗണ്ടിന്റെ പകര്‍പ്പ്  എന്നിവ സഹിതം അപേക്ഷ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍  ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

Latest Videos

യോഗ്യരായ അപേക്ഷകരുടെ ഹോം സ്റ്റഡി നടത്തി  സ്പോണ്‍സര്‍ഷിപ്പ് ആന്റ് ഫോസ്റ്റര്‍കെയര്‍ അപ്രൂവല്‍ കമ്മിറ്റി അംഗീകാരത്തിനുശേഷം യോഗ്യരായ കുട്ടികളുടെ മാതാവിന്റെയും കുട്ടിയുടേയും സംയുക്ത അക്കൗണ്ടിലേക്ക് പ്രതിമാസം 2000 രൂപ വീതം ലഭ്യമാക്കുന്നതാണ് പദ്ധതി.  കൂടുതല്‍ വിവരങ്ങള്‍ക്ക് ആറന്മുള മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുമായി ബന്ധപ്പെടാം. ഫോണ്‍ : 0468-2319998, 8281954196, 8589990362.

click me!