രാവിലെ 6 മുതൽ 2 മണിവരെ കൂലിപ്പണി, ദിവസം 400 ഇഷ്ടിക ചുമക്കും; രാത്രിയിൽ പഠനം; നീറ്റിൽ 720ൽ 667 മാർക്ക്!

By Web Team  |  First Published Nov 20, 2024, 1:38 PM IST

ഇത്തവണത്തെ നീറ്റ് പരീക്ഷയിൽ 720ൽ 677 മാർക്ക് നേടിയാണ് ഈ ചെറുപ്പക്കാരൻ വിജയിച്ചത്. തീർത്തും ദരിദ്രമായ ഒരു കുടുംബാന്തരീക്ഷത്തിൽ ഈ വിജയത്തിലേക്കുള്ള പാത സർഫറാസിന് എളുപ്പമായിരുന്നില്ല.


കൊൽക്കത്ത: കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ ഏത് വലിയ പ്രതിസന്ധികളോടും പോരാടി തങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാമെന്ന് തെളിയിച്ചവരുണ്ട് നമുക്ക് ചുറ്റിലും അതിലൊരാളാണ് പശ്ചിമ ബംഗാൾ സ്വദേശിയായ 21 കാരൻ സർഫറാസ്. ഇത്തവണത്തെ നീറ്റ് പരീക്ഷയിൽ 720ൽ 677 മാർക്ക് നേടിയാണ് ഈ ചെറുപ്പക്കാരൻ വിജയിച്ചത്. തീർത്തും ദരിദ്രമായ ഒരു കുടുംബാന്തരീക്ഷത്തിൽ ഈ വിജയത്തിലേക്കുള്ള പാത സർഫറാസിന് എളുപ്പമായിരുന്നില്ല.
  
എന്നാൽ വെല്ലുവിളികളെ സർഫറാസ് വിജയത്തിലേക്കുള്ള ചവിട്ടുപടിയാക്കി മാറ്റി. അലഖ് പാണ്ഡേ എന്നയാൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചതിനെ തുടർന്നാണ് സർഫറാസിനെക്കുറിച്ച് പുറംലോകമറിഞ്ഞത്.  ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന, കൂലിപ്പണിക്കാരനാണ് സർഫറാസിന്റെ അച്ഛൻ. ചെറുപ്പം മുതൽ കുടുംബം പോറ്റാൻ സർഫറാസും അച്ഛനൊപ്പം ജോലിക്ക് പോയിത്തുടങ്ങി. കൂലിപ്പണി ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോയപ്പോഴും ഡോക്ടറാകണമെന്നുള്ള മോഹം ഈ യുവാവ് മനസിൽ തീക്ഷ്ണമായി സൂക്ഷിച്ചു. 

ഈ സ്വപ്നത്തെ പിന്തുടർന്ന് 2023-24 വർഷം നീറ്റ് പരീക്ഷ പരിശീലനത്തിന് ചേർന്നു. പകൽ സമയത്ത്, കത്തിജ്വലിക്കുന്ന വെയിലിലും കൂലിപ്പണിയെടുത്തു. കെട്ടിട നിർമ്മാണ സ്ഥലത്ത് കൂലിത്തൊഴിലാളിയായി വീടുകളിലേക്കും നിർമ്മാണ സ്ഥലത്തേക്കും ഇഷ്ടിക ചുമന്നു. ഒരു ദിവസം 200 മുതൽ 400 ഇഷ്ടിക വരെ ചുമന്നെത്തിക്കും. രാത്രിയിൽ ഉറക്കമൊഴിഞ്ഞിരുന്ന് പഠിച്ചു. പഠനത്തിൽ മികവ് പുലർത്തിയിരുന്നെങ്കിലും സാമ്പത്തിക പരാധീനതകളായിരുന്നു സർഫറാസിനെ വെല്ലുവിളിയായത്. എന്നാൽ ഇതൊന്നും ഈ യുവാവിനെ തളർത്തിയില്ലെന്നതാണ് സത്യം. ഓൺലൈൻ ക്ലാസുകളെയാണ് പഠനത്തിനായി ആശ്രയിച്ചിരുന്നത്. പകൽ ജോലിക്ക് പോകേണ്ടതിനാൽ അതിരാവിലെ എഴുന്നേറ്റ് പഠിക്കും. 6 മണി മുതൽ 2 മണിവരെ ജോലി, ശേഷം പഠനം.

Latest Videos

undefined

അതേ സമയം ഇത്രയും കഷ്ടപ്പാട് സഹിച്ച് പഠിക്കുന്നത് എന്തിനാണെന്ന് ചോ​ദിച്ച് ആളുകൾ കളിയാക്കാറുണ്ടായിരുന്നെന്നും സർഫറാസ് പറയുന്നു. പരിഹാസങ്ങൾ തന്നെ കൂടുതൽ ശക്തിപ്പെടുത്തി എന്നാണ് സർഫറാസിന്റെ മറുപടി. ഒടുവിൽ എല്ലാ കഷ്ടപ്പാടിനും പ്രതിഫലമെന്നൊണം  നീറ്റിൽ 720 ൽ 667 മാർക്ക് നേടി, നീൽ രത്തൻ സർക്കാർ മെഡിക്കൽ കോളേജിൽ സീറ്റ് ലഭിച്ചു. 

തന്റെ പ്രതിസന്ധികളെ ഓർത്ത് അവയെ മറികടന്നതോർത്ത് സർഫറാസ്, അലഖ് പാണ്ഡേ പങ്കുവെച്ച വീഡിയോയിൽ വികാരാധീനനാകുന്നുണ്ട്. നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയത്ത് കേടായിപ്പോയ ഫോണിലാണ് പഠനം തുടർന്നതെന്ന് പറയുമ്പോൾ സർഫറാസിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ചിലപ്പോഴൊക്കെ തുറസ്സായ സ്ഥലത്തിരുന്ന് പഠനം നടത്തേണ്ടി വന്നിട്ടുണ്ട്. കഠിനാധ്വാനമുണ്ടെങ്കിൽ ജീവിതത്തിലെ സ്വപ്നങ്ങൾ എത്തിപ്പിടിക്കാൻ എളുപ്പമാകും എന്നാണ് സർഫറാസിന്റെ ജീവിതം നമുക്ക് കാണിച്ചു തരുന്നത്. 

Also Read 8ാം വയസ്സിൽ 12 കാരന്റെ ബാലവധു; 13 വർഷത്തിന് ശേഷം നീറ്റ് പരീക്ഷയിൽ 603 മാർക്കോടെ മിന്നും ജയം; ഇന്ന് ഡോക്ടർ!

Also Read: നാലാം മാസത്തില്‍ അമ്മ അനാഥാലയത്തിൽ എൽപ്പിച്ചുപോയ ദയ ഡോക്ടറുടെ കുപ്പായമണിയുന്നു; അഭിമാനത്തോടെ ഹോപ് വില്ലേജ്

 


 

click me!