വണ്ടിപ്പെരിയാര്‍ സത്യത്തിലെ ഏകാധ്യാപക വിദ്യാലയം അടച്ചുപൂട്ടുന്നു; പ്രതിഷേധവുമായി പ്രദേശവാസികള്‍

By Web Team  |  First Published May 29, 2022, 10:31 AM IST


സ്കൂള്‍ അടച്ച് പൂട്ടിയതിനാല്‍ ടീച്ചറും ഇനി ഈവഴി വരാതെയാകും. സ്കൂളില്‍ പോകാനായി ജൂണ്‍ ഒന്നിന് അച്ഛനമ്മമാരോടൊപ്പം കുട്ടികള്‍ കാടിറങ്ങിവരുമ്പോഴാകും സ്കൂള്‍ അടച്ച് പൂട്ടിയ കാര്യം ഇവരറിയുക. 



ഇടുക്കി:  വണ്ടിപ്പെരിയാർ സത്രത്തിലെ മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട ആദിവാസി കുട്ടികളുടെ ഏക ആശ്രമായ ഏകാധ്യാപക വിദ്യാലയവും അടച്ചു പൂട്ടുന്നു. ഇതോടെ ആദിവാസിക്കുട്ടികളുടെ പഠനം പ്രതിസന്ധിയിലാകും. അടച്ചു പൂട്ടലിനെതിരെ പ്രതിഷധവുമായി രക്ഷിതാക്കൾ രംഗത്തെത്തി. ഇടുക്കിയില്‍ മാത്രം  59 ഏകാധ്യപക സ്കൂളുകളാണ് ആകെയുള്ളത്. അതില്‍ 52 സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറവായതിനാല്‍ ഈ അധ്യയന വര്‍ഷം മുതല്‍ അടച്ച് പൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതോടെ വണ്ടിപ്പെരിയാര്‍ സത്രം പോലെ അതിവിദൂര മേഖലയിലുള്ള സ്കൂളുകളാണ് അടച്ച് പൂട്ടല്‍ ഭീഷണി നേരിടുന്നത്. 

ഊരിന് പുറത്തുള്ളവരുമായി അധികം ഇണങ്ങാത്ത ആദിവാസി വിഭാഗമാണ് മലമ്പണ്ടാര ഗോത്രവിഭാഗം. സത്രത്തിലെ ഏകാധ്യാപക വിദ്യാലയത്തിലാണ് മലമ്പണ്ടാര ഗോത്രവിഭാഗ കുട്ടികള്‍ പഠിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ ഏകാധ്യാപികയായ സരസ്വതി ടീച്ചര്‍ കുട്ടികളുടെ വീട്ടിലെത്തിയാണ് ഓരോ ദിവസവും കുട്ടികളെ സ്കൂളിലേക്ക് എത്തിച്ചിരുന്നത്. 

Latest Videos

undefined

ഈ വര്‍ഷം സ്കൂള്‍ തുറക്കില്ലെന്നും അടച്ചുപൂട്ടുകയാണെന്നും പറയാനായി സരസ്വതി ടീച്ചർ കുട്ടികളുടെ വീട്ടിലെത്തിയപ്പോള്‍ സത്രത്തില്‍ കുട്ടികളോ അച്ഛനമ്മമാരോ ഉണ്ടായിരുന്നില്ല. സ്കൂള്‍ അടച്ച് അവധിക്കാലമായതോടെ കുട്ടികള്‍ രക്ഷിതാക്കള്‍ക്കൊപ്പം കാടുകയറിയതാണിവര്‍. ഇനി ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ മാത്രമാണ് രക്ഷിതാക്കള്‍ക്കൊപ്പം കുട്ടികളും കാടിറങ്ങുക. 

സ്കൂള്‍ അടച്ച് പൂട്ടിയതിനാല്‍ ടീച്ചറും ഇനി ഈവഴി വരാതെയാകും. സ്കൂളില്‍ പോകാനായി ജൂണ്‍ ഒന്നിന് അച്ഛനമ്മമാരോടൊപ്പം കുട്ടികള്‍ കാടിറങ്ങിവരുമ്പോഴാകും സ്കൂള്‍ അടച്ച് പൂട്ടിയ കാര്യം ഇവരറിയുക. ഈ ഏകാധ്യാപക വിദ്യാലയം കഴിഞ്ഞാല്‍ അഞ്ച്  കിലോമീറ്ററകലെയുള്ള വള്ളക്കടവിലും 14 കിലോമീറ്ററകലെയുള്ള വണ്ടിപ്പെരിയാറിലുമാണ് ഇനി സ്കൂളുള്ളത്.

വണ്ടിപ്പെരിയാര്‍ സത്രത്തിലെ ചെല്ലമ്മ പറയുന്നത് ഇങ്ങനെ , " അടുത്തിരുന്ന് പഠിക്കുവണെങ്കില്‍ പഠിക്കും. ദൂരത്തൊന്നും പോയി കുട്ടികള്‍ പഠിക്കില്ല." എന്നാണ്. വന്യമൃഗങ്ങളും വാഹന സൗകര്യവുമില്ലാത്ത ഇത്രയും ദൂരം തങ്ങളുടെ കുട്ടികള്‍ ഏങ്ങനെ പോയി പഠിക്കുമെന്ന് പ്രദേശവാസിയും രക്ഷിതാവുമായ വര്‍ഗ്ഗീസും ചോദിക്കുന്നു. ഈ പ്രദേശത്തെ ബസ് ട്രിപ്പ് നാല് മണിക്കാണ് അവസാനിപ്പിക്കുന്നത്. അതേ നാല് മണിക്കാണ് സ്കൂള്‍ വിടുന്നതും. പിന്നെ കുട്ടികള്‍ ഓട്ടോയിലും മറ്റും കേറിവേണം ഊരിലെത്താനെന്നും വര്‍ഗ്ഗീസ് പറയുന്നു. 

അഞ്ച് ആദിവാസിക്കുട്ടികൾളുൾപ്പെടെ 27 വിദ്യാർത്ഥികൾ പഠിക്കുന്ന സ്ക്കൂളാണിത്. ബാക്കിയുള്ളതിൽ ഭൂരിഭാഗവും പട്ടിക വർഗ്ഗത്തിൽപ്പെട്ട വിദ്യാര്‍ത്ഥികളാണ്. സ്ക്കൂൾ അടച്ചു പൂട്ടാതിരിക്കാൻ എല്ലാ ശ്രമവും നടത്താനാണിവരുടെ തീരുമാനം. ആനയുടെയും കടുവകളുടെയും സഞ്ചാരവഴിയാണിത്. ആറ് മണി കഴിഞ്ഞാല്‍ മുതിര്‍ന്നവര്‍ക്ക് പോലും വഴിനടക്കാന്‍ പറ്റാത്ത സ്ഥലമാണ് ഇതെന്ന് പഞ്ചായത്തംഗം ഗുണേശ്വരി പറയുന്നു. ഇത്തരമൊരവസ്ഥയില്‍ ഏങ്ങനെയാണ് നാല് മണി കഴിയുമ്പോള്‍ കുട്ടികള്‍ ഈ വഴി വരുന്നതെന്നും ഗുണേശ്വരി ചോദിക്കുന്നു. തങ്ങള്‍ കുട്ടികളുടെ ടിസി വാങ്ങില്ലെന്നും സ്കൂള്‍ അടച്ച് പൂട്ടരുതെന്നും പ്രദേശവാസികളും പറയുന്നു. 
 

click me!