പണമുണ്ടാക്കാനുള്ള എളുപ്പവഴി, കരിക്കുലം നിശ്ചയിക്കേണ്ടത് കമ്പനികളല്ല: യുജിസിക്കെതിരെ ഡോ. വി ശിവദാസൻ എംപി

By Web Team  |  First Published Feb 22, 2022, 5:00 PM IST

കേന്ദ്ര ഗവൺമെന്റ് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന  ജിഡിപിയുടെ ശതമാനം കുറയുന്നു, മറുവശത്ത്, യുജിസി,  എഡ്യൂടെക് കമ്പനികൾക്ക്   ലാഭം കൊയ്യാനുള്ള അവസരം ഒരുക്കി കൊടുക്കുന്നുവെന്നും ഡോ വി ശിവദാസൻ എംപി


ദില്ലി: യുജിസി തീരുമാനം വിദ്യാഭ്യാസ രംഗത്തെ കോർപറേറ്റ് വത്കരണത്തിനുള്ളതാണ്. പരമാവധി ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കോർപറേറ്റ് സ്ഥാപനങ്ങളെ പോലെയാണ് എജ്യു-ടെക് കമ്പനികൾ. വിദ്യാഭ്യാസത്തിലെ ലാഭക്കൊതിക്ക് ഔദ്യോഗിക അംഗീകാരം നൽകുന്നതാണ് യുജിസി തീരുമാനം. പണമുണ്ടാക്കാനുള്ള എളുപ്പവഴിയാണിതെന്നും അദ്ദേഹം വിമർശിച്ചു.

വി ശിവദാസൻ എംപിയുടെ പ്രസ്താവന

Latest Videos

undefined

കോഴ്‌സ് ഉള്ളടക്കം വികസിപ്പിക്കുന്നതിലേക്ക് എഡ്യൂടെക് കമ്പനികളെ  ഔപചാരികമായി ഉൾപ്പെടുത്തുന്നത് സുഗമമാക്കുന്നതിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (ഓപ്പൺ, വിദൂര പഠന പ്രോഗ്രാമുകളും ഓൺലൈൻ പ്രോഗ്രാമുകളും) റെഗുലേഷനുകൾ, 2O2O ഭേദഗതി ചെയ്യാനുള്ള തീരുമാനം വിദ്യാഭ്യാസത്തിന്റെ കോർപ്പറേറ്റ് വൽക്കരണത്തിനുള്ള  ശ്രമത്തിന്റെ ഭാഗമാണ്.  പരമാവധി ലാഭം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഏതൊരു കോർപ്പറേറ്റ് സ്ഥാപനങ്ങളെയും പോലെയാണ് എഡ്‌ടെക് സ്ഥാപനങ്ങൾ. സർവ്വകലാശാലകളുമായും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിക്കാൻ അവരെ അനുവദിക്കുന്നത് വിദ്യാഭ്യാസത്തിലെ ലാഭക്കൊതിക്ക് ഔദ്യോഗിക അംഗീകാരം  നൽകുന്നതിന് തുല്യമാണ്. ജെഎൻയുവിലെ കുപ്രസിദ്ധമായ പ്രവർത്തനത്തിന് ശേഷം യുജിസി ചെയർമാൻ സ്ഥാനം ഏറ്റെടുത്ത പ്രൊഫ. ജഗദീഷ് കുമാർ മാമിദാലയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 

2022-23 അക്കാദമിക് സെഷൻ മുതൽ സ്വയംഭരണ കോളേജുകൾക്ക് ഓൺലൈൻ ബിരുദം നൽകാൻ യുജിസി പദ്ധതിയിടുന്നതായും  പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ സർവകലാശാലകൾക്കും അഫിലിയേറ്റഡ് കോളേജുകൾക്കും മാത്രമാണ് ഈ സൗകര്യം അനുവദിച്ചിരുന്നത്. പണമുണ്ടാക്കാനുള്ള എളുപ്പ വഴിയായി ഇ അവസരം ഉപയോഗപ്പെടുത്തുന്നതോടെ,  'വെർച്വൽ ഡിഗ്രി ഷോപ്പുകൾ' നിലവിൽ വരുന്ന  അവസ്ഥയാണ് ഉണ്ടാവുക. ഒരു വശത്ത്, കേന്ദ്ര ഗവൺമെന്റ് വിദ്യാഭ്യാസത്തിനായി ചെലവഴിക്കുന്ന  ജിഡിപിയുടെ ശതമാനം കുറയുന്നു, മറുവശത്ത്, യുജിസി,  എഡ്യൂടെക് കമ്പനികൾക്ക്   ലാഭം കൊയ്യാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു. ഏതെങ്കിലും കമ്പനികൾക്ക് ഒരു സർവകലാശാലയുടെ കോഴ്‌സ് ഉള്ളടക്കം പോലും  രൂപകൽപ്പന ചെയ്യാൻ കഴിയുമെന്ന സ്ഥിതി ഒരിക്കലും ഉന്നത വിദ്യാഭ്യാസ രംഗത്തിന് ആശാസ്യമല്ല, അത്തരം നടപടികൾ ഡിപ്പാർട്ട്‌മെന്റുകളിലെ ഫാക്കൽറ്റിയുടെ പങ്ക് പരിപൂർണമായും ഇല്ലാതാക്കും.

പല എഡ്യൂടെക് കമ്പനികളും  തങ്ങളുടെ ക്ലയന്റുകളെ  കബളിപ്പിക്കുകയും ചെയ്യുന്നതായി റിപോർട്ടുകൾ ഉണ്ട്. ഓൺലൈൻ കോച്ചിംഗ് സേവനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തന്നെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . എഡ്-ടെക് കമ്പനികളിലെ നിരവധി തട്ടിപ്പ് കേസുകൾ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പിന് റിപ്പോർട്ട് ചെയ്തതിനെ തുടർന്നായിരുന്നു ഈ നടപടി. 

കോവിഡിന്റെ പശ്ചാത്തലത്തിൽ കൂണുപോലെ മുളച്ചുപൊന്തുന്ന എഡ്-ടെക് കമ്പനികൾ വാഗ്ദാനം ചെയ്ത “സൗജന്യ സേവനങ്ങൾ” സൂക്ഷ്മമായി പരിശോധിക്കാൻ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സർക്കുലർ  ആവശ്യപ്പെട്ടിരുന്നു. ശരിയായ പരിശോധനകളില്ലാതെ എഡ്-ടെക് കമ്പനികൾ പരസ്യപ്പെടുത്തുന്ന  'വിജയഗാഥ'കളിൽ വീണു പോവരുതെന്നും അവ കൂടുതൽ പ്രേക്ഷകരെ ശേഖരിക്കുന്നതിനുള്ള ഒരു കെണിയായേക്കാമെന്നും മുന്നറിയിപ്പ് നൽികിയിരുന്നു. “പരസ്യങ്ങളെ അന്ധമായി വിശ്വസിക്കരുതെന്നും” ഒരു പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് സ്വന്തം ഗവേഷണം നടത്തനാമെന്നും മന്ത്രാലയം  ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ എഡ്യൂടെക് കമ്പനികളെ ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് ഔദ്യോഗികമായി ഉൾപ്പെടുത്താനുള്ള യുജിസിയുടെ നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഈ നീക്കം സർവകലാശാലകളിലെ അധ്യാപകരുടെ  പങ്ക് കുറയ്ക്കുകയും, കോഴ്സ്  ഉള്ളടക്കത്തിന്റെ  നിർമ്മാണത്തിൽ പോലും അധ്യാപകരെ  മറികടക്കാൻ ഭരണകൂടത്തെ പ്രാപ്തരാക്കുകയും ചെയ്യും. ആത്യന്തികമായി, ഈ 'എഡ്യൂഷോപ്പുകൾ' വരും കാലങ്ങളിൽ സ്വയം ബിരുദങ്ങൾ നൽകാനുള്ള അധികാരം തന്നെ നേടിയെടുത്തേക്കാം.  ഈ നീക്കത്തിന് പിന്നിലെ ദീർഘകാല ലക്ഷ്യമത് തന്നെ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
 

click me!