SSLC : എസ്എസ്എൽസി, ഹയർസെക്കൻഡറി: എഴുത്തു പരീക്ഷ ആദ്യം, പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങൾ തീർക്കും

By Web Team  |  First Published Jan 28, 2022, 5:12 PM IST

കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക മുറി അനുവദിക്കും.


തിരുവനന്തപുരം:  എസ്. എസ്. എൽ. സി, ഹയർസെക്കൻഡറി, (SSLC Higher secondary) വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗങ്ങളിലെ എഴുത്തു പരീക്ഷ ആദ്യം (Written Exam) നടത്തുമെന്നും അതിനു ശേഷമാവും പ്രാക്ടിക്കൽ പരീക്ഷയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പ്രാക്ടിക്കൽ പരീക്ഷ ആദ്യം നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികൾക്ക് പരീക്ഷ എഴുതാൻ പ്രത്യേക മുറി അനുവദിക്കും.

പത്ത്, പ്‌ളസ് വൺ, പ്‌ളസ് ടു പരീക്ഷകൾക്ക് മുമ്പ് പാഠഭാഗങ്ങൾ തീർക്കുമെന്നും മന്ത്രി പറഞ്ഞു. ഓരോ സ്‌കൂളിലെയും സാഹചര്യം അനുസരിച്ച് മോഡൽ പരീക്ഷ നടത്തും. ഹയർസെക്കൻഡറി ഇംപ്രൂവ്‌മെന്റ്, സപ്‌ളിമെന്ററി പരീക്ഷകൾ 31ന് ആരംഭിക്കും. പൊതുപരീക്ഷയ്ക്ക് 60 ശതമാനം ഫോക്കസ് ഏര്യയിൽ നിന്ന് 70 ശതമാനം ചോദ്യങ്ങൾക്കാണ് ഉത്തരം എഴുതേണ്ടത്. നോൺ ഫോക്കസ് ഏര്യയിൽ നിന്ന് 30 ശതമാനം ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം. ഇന്റേണൽ, പ്രാക്ടിക്കൽ മാർക്കുകളും വിദ്യാർത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കാൻ പരിഗണിക്കും. ഒൻപതാം ക്‌ളാസ് വരെയുള്ള ഓൺലൈൻ ക്‌ളാസുകൾ ശക്തിപ്പെടുത്തും. എട്ടു മുതൽ പ്‌ളസ് ടു വരെ ക്‌ളാസുകളിൽ ജിസ്യൂട്ട് വഴി ഓൺലൈൻ ക്‌ളാസ് നടത്തും. ഓൺലൈൻ ക്‌ളാസുകളിൽ ഹാജർ രേഖപ്പെടുത്തും.

Latest Videos

ജനുവരി 25 വരെയുള്ള കണക്കുകൾ അനുസരിച്ച് 80 ശതമാനം കുട്ടികൾക്ക് വാക്‌സിനേഷൻ നടത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ 60.99 ശതമാനം കുട്ടികൾക്കും ഹൈസ്‌കൂൾ വിഭാഗത്തിൽ 80 ശതമാനം പേർക്കും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 66.24 ശതമാനം കുട്ടികൾക്കുമാണ് വാക്‌സിൻ നൽകിയത്. വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഓഫീസുകൾ കേന്ദ്രീകരിച്ചു നടത്താനിരുന്ന ഫയൽ അദാലത്ത് ഫെബ്രുവരിയിൽ നടത്തും. ഇതിൽ തീർപ്പാക്കുന്ന ഫയലുകളിൽ പരാതിയുള്ളവർക്ക് വിദ്യാഭ്യാസ ഡയറക്‌ട്രേറ്റിൽ രൂപീകരിക്കുന്ന അപ്പീൽ സെല്ലിൽ പരാതി നൽകാമെന്ന് മന്ത്രി പറഞ്ഞു.

tags
click me!