UGC : ​ഗവേഷണ വിദ്യാർത്ഥിനികൾക്ക് പ്രസവാവധി ഇനി മുതൽ 240 ദിവസം; നിർണ്ണായക തീരുമാനവുമായി യുജിസി

By Web Team  |  First Published Dec 15, 2021, 10:39 AM IST

 പിഎച്ച്ഡി വിദ്യാർത്ഥിനികൾക്ക് മുമ്പ് ആറ് മാസമായിരുന്നു പ്രസവാവധി ആയി നൽകിയിരുന്നത്. അത് 8 മാസമായി ദീർഘിപ്പിച്ചിരിക്കുകയാണ്. 
 



ദില്ലി:  ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ ചേർന്നിട്ടുള്ള വനിതാ വിദ്യാർത്ഥികൾക്ക് പ്രസവാവധിയും ഹാജർ സംബന്ധിച്ച ഇളവുകളും അനുവദിക്കുന്നതിന് ഉചിതമായ ചട്ടങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കാൻ എല്ലാ സർവകലാശാലകളിലെയും വൈസ് ചാൻസലർമാരോട് ആവശ്യപ്പെട്ടതായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി). പ്രസവാവധി 240 ദിവസങ്ങളായി വർദ്ധിപ്പിച്ചു കൊണ്ടാണ് യുജിസി നിർണായക തീരുമാനം പുറപ്പെടുവിച്ചിരിക്കുന്നത്. പിഎച്ച്ഡി വിദ്യാർത്ഥിനികൾക്ക് മുമ്പ് ആറ് മാസമായിരുന്നു പ്രസവാവധി ആയി നൽകിയിരുന്നത്. അത് 8 മാസമായി ദീർഘിപ്പിച്ചിരിക്കുകയാണ്. 

"എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അതത് സ്ഥാപനങ്ങളിലും അഫിലിയേറ്റഡ് കോളേജുകളിലും ചേർന്നിട്ടുള്ള വനിതാ വിദ്യാർത്ഥിനികൾക്ക് പ്രസവാവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ നിയമങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കാൻ അഭ്യർത്ഥിക്കുന്നു, കൂടാതെ ഹാജർ സംബന്ധിച്ച എല്ലാ ഇളവുകളും നൽകാനും പരീക്ഷ ഫോം സമർപ്പിക്കുന്നതിനുള്ള തീയതി നീട്ടാനും അഭ്യർത്ഥിക്കുന്നു. യുജി, പിജി പ്രോഗ്രാമുകൾ പിന്തുടരുന്ന വനിതാ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫോമുകളോ മറ്റേതെങ്കിലും സൗകര്യമോ ആവശ്യമാണെന്ന് കരുതപ്പെടുന്നു,” യുജിസി വൈസ് ചാൻസലർമാർക്ക് അയച്ച കത്തിൽ പറയുന്നു. എംഫിൽ വിദ്യാർത്ഥികൾക്കും അവധി കിട്ടും. ചട്ടം രൂപീകരിക്കാൻ എല്ലാ സർവകലാശാലകൾക്കും യുജിസി നി‍ർദേശം നൽകിയിട്ടുണ്ട്. ബിരുദ ബിരുദാനന്തര വിദ്യാർത്ഥിനികൾക്കും അവധി ബാധകമാക്കാൻ യുജിസിയുടെ നിർദേശമുണ്ട്. 

Latest Videos


 

click me!