ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ ഒരാഴ്ച നീട്ടി; ജൂൺ 18 വരെ

By Web Team  |  First Published Jun 14, 2021, 9:20 AM IST

പ്ലസ് ടു ക്ലാസുകൾ നേരത്തെ പ്രഖ്യാപിച്ചപോലെ ജൂൺ 7 മുതൽ 11 വരെയുള്ള ക്ലാസുകളുടെ അതേ ക്രമത്തിൽ 14 മുതൽ 18 വരെ കൈറ്റ് വിക്ടേഴ്‌സിൽ പുനഃസംപ്രേഷണം ചെയ്യും.
 


തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് വഴി സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെൽ 2.0 ഡിജിറ്റൽ ക്ലാസുകളുടെ ട്രയൽ സംപ്രേഷണം ജൂൺ 18 വരെ നീട്ടി. ഇതോടെ പ്രീ പ്രൈമറി മുതൽ പത്തുവരെ ക്ലാസുകൾ ജൂൺ ആദ്യവാരം സംപ്രേഷണം ചെയ്തതിന്റെ പുനഃസംപ്രേഷണമായിരിക്കും 14 മുതൽ 18 വരെ (തിങ്കൾ മുതൽ വെള്ളി വരെ). ജൂൺ 21 മുതൽ ഇവർക്കായി പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും. പ്ലസ് ടു ക്ലാസുകൾ നേരത്തെ പ്രഖ്യാപിച്ചപോലെ ജൂൺ 7 മുതൽ 11 വരെയുള്ള ക്ലാസുകളുടെ അതേ ക്രമത്തിൽ 14 മുതൽ 18 വരെ കൈറ്റ് വിക്ടേഴ്‌സിൽ പുനഃസംപ്രേഷണം ചെയ്യും.

സംസ്ഥാനത്ത് ലോക് ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ അയൽപക്ക പഠനകേന്ദ്രങ്ങൾ ഉൾപ്പെടെ സജീവമാക്കി മുഴുവൻ കുട്ടികൾക്കും ക്ലാസ് ലഭിക്കുന്നു എന്നുറപ്പുവരുത്താനാണ് ട്രയൽ സംപ്രേഷണം ഒരാഴ്ചകൂടി നീട്ടിയതെന്ന് കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. ഈ ആഴ്ച കലാ-കായിക-മാനസികാരോഗ്യ ക്ലാസുകളും വിദഗ്ധരുടെ സന്ദേശങ്ങളും സംപ്രേഷണം ചെയ്യും. ക്ലാസുകളും സമയക്രമവും തുടർച്ചയായി www.firstbell.kitekerala.gov.in പോർട്ടലിൽ ലഭ്യമാക്കും.

Latest Videos

click me!