പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിയുന്നത് വരെ എട്ട് ഹോസ്റ്റലുകളിൽ താമസിക്കേണ്ടി വന്നു. കഷ്ടപ്പാടിനിടയിലും അമ്മയുടെ പിന്തുണയും പ്രചോദനവുമാണ് തന്നെ ഈ വിജയത്തിലേക്ക് എത്തിച്ചതെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
ചെന്നൈ: തമിഴ്നാട്ടിലെ ആദിവാസി വിഭാഗത്തിൽ നിന്നും നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയിരിക്കുകയാണ് രാധാകൃഷ്ണൻ എന്ന വിദ്യാർത്ഥി. 406 മാർക്കാണ് രാധാകൃഷ്ണൻ നീറ്റ് പരീക്ഷയിൽ നേടിയത്. പൊള്ളാച്ചി സ്വദേശിയായ രാധാകൃഷ്ണൻ വിധവയായ അമ്മ മഹാലക്ഷ്മിക്കും സഹോദരനുമൊപ്പമാണ് താമസിക്കുന്നത്. പൊള്ളാച്ചിയിലെ മലയോരപ്രദേശമായ അത്തുപൊള്ളാച്ചിയിലാണ് രാധാകൃഷ്ണന്റെ വീട്. രണ്ടാമത്തെ ശ്രമത്തിലാണ് നീറ്റ് പരീക്ഷയിൽ വിജയിക്കാൻ സാധിച്ചതെന്ന് രാധാകൃഷ്ണൻ പറയുന്നു. 2019 ലാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ പൂർത്തിയാക്കിയത്. ആ വർഷം നീറ്റ് പരീക്ഷയിൽ വിജയിക്കാൻ സാധിച്ചില്ല.
തുടർന്ന് ചില സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് നീറ്റ് പരീക്ഷ പരിശീലനം നടത്തിയതും 2021 ൽ പരീക്ഷ എഴുതിയതും. ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽ നിന്നാണ് രാധാകൃഷ്ണൻ ഈ വിജയം നേടിയത്. ഏഴ് സർക്കാർ സ്കൂളുകളിലായിട്ടാണ് പഠനം പൂർത്തിയാക്കിയത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ കഴിയുന്നത് വരെ എട്ട് ഹോസ്റ്റലുകളിൽ താമസിക്കേണ്ടി വന്നു. കഷ്ടപ്പാടിനിടയിലും അമ്മയുടെ പിന്തുണയും പ്രചോദനവുമാണ് തന്നെ ഈ വിജയത്തിലേക്ക് എത്തിച്ചതെന്ന് രാധാകൃഷ്ണൻ പറഞ്ഞു.
undefined
നീറ്റ് പരീക്ഷയെ ഭയപ്പാടോടെ സമീപിക്കരുതെന്ന് രാധാകൃഷ്ണൻ പറയുന്നു. ''നീറ്റ് പരീക്ഷയെ പേടിക്കേണ്ട. സ്റ്റേറ്റ് സിലബസിലാണ് ഞാൻ പഠിച്ചത്. ആശയങ്ങൾ മനസ്സിലാക്ക് തുടർച്ചയായി പരിശ്രമിക്കുക എന്നതാണ് പ്രധാനം. അലസതയോടെ പരീക്ഷയെ നേരിടരുത്.'' തന്റെ വിജയമന്ത്രമിതാണെന്നും രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു. ഡോക്ടറാകാനാണ് രാധാകൃഷ്ണന് ആഗ്രഹം. ഈ നേട്ടത്തിലൂടെ ആദിവാസി സമൂഹത്തിലെ നിരവധി പേർക്ക് പ്രചോദനമാകാൻ തനിക്ക് സാധിക്കുമെന്ന് രാധാകൃഷ്ണൻ പറയുന്നു.