ഇത് കൂടാതെ നഴ്‌സിംഗ് ബിരുദ, ഡിപ്ലോമ കോഴ്സൂകളിൽ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളും ഇളവ് ചെയ്തിട്ടുണ്ട്.
ദില്ലി: രാജ്യത്ത് നഴ്‌സിങ്ങ് രംഗത്ത് (nursing sector) ജോലി ചെയ്യുന്നവരുടെ എണ്ണം കൂട്ടാൻ നടപടികൾ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ രാജ്യസഭയിൽ അറിയിച്ചു. ആയിരം പേരിൽ 1.96 എന്നതാണ് രാജ്യത്ത് നിലവിൽ നഴ്‌സുമാരുടെ കണക്ക്. ഇത് കൂട്ടാനായി നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള നടപടികളിൽ ഇളവ് അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി. മെഡിക്കൽ കോളേജുകൾക്ക് പുറമെ മൂന്നൂറു കിടക്കകൾ ഉള്ള ആശുപത്രികൾക്കും നഴ്‌സിംഗ് പഠിപ്പിക്കാൻ അനുമതി ലഭിക്കും. നൂറ് സീറ്റ് ഇത്തരം കൊളേജുകൾക്ക് ലഭിക്കും. നഴ്‌സിംഗ് കോളേജ് തുടങ്ങുന്ന സ്ഥലവുമായി ബന്ധപ്പെട്ട നിബന്ധന എടുത്തു നീക്കി. ഇത് കൂടാതെ നഴ്‌സിംഗ് ബിരുദ, ഡിപ്ലോമ കോഴ്സൂകളിൽ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളും ഇളവ് ചെയ്തിട്ടുണ്ട്.
എം.എസ്‌സി നഴ്‌സിംഗ് സ്‌പോട്ട് അലോട്ട്‌മെന്റ്
തിരുവനന്തപുരം: 2021-22 അധ്യയന വർഷത്തെ എം.എസ്‌സി നഴ്‌സിംഗ് കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് തൃശൂർ സർക്കാർ നഴ്‌സിംഗ് കോളേജിൽ ഒഴിവുണ്ടായ ഒരു സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഏപ്രിൽ ആറിന് രാവിലെ 11 മുതൽ തിരുവനന്തപുരം മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്തും. അപേക്ഷകർ രാവിലെ 10.30നു മുൻപായി മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ ഹാജരാകണം.
കേരള പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള 2021ലെ എം.എസ്‌സി നഴ്‌സിംഗ് പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് പ്രവേശനം നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമാകും പ്രസ്തുത ഒഴിവിലേക്ക് പരിഗണിക്കുക. സ്‌പോട്ട് അലോട്ട്‌മെന്റിലൂടെ അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾ ഏപ്രിൽ ഏഴിനുള്ളിൽ കോളേജിൽ ഫീസ് അടച്ചും രേഖകൾ സമർപ്പിച്ചും പ്രവേശനം നേടണം. അല്ലെങ്കിൽ അലോട്ട്‌മെന്റ് റദ്ദാക്കും. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in.