നോർക്കയുടെ നേതൃത്വത്തിൽ നാഷണൽ മൈഗ്രേഷൻ കോൺഫറൻസ് സംഘടിപ്പിക്കും: പി. ശ്രീരാമകൃഷ്ണൻ

By Web Team  |  First Published Jun 4, 2022, 2:18 PM IST

ഓരോ സംസ്ഥാനങ്ങളിലെയും പ്രവാസികളോടുള്ള പ്രതികരണങ്ങളെക്കുറിച്ചും കേരളത്തിന്റെ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചും കോൺഫറൻസ് ചർച്ച ചെയ്യും.
 


തിരുവനന്തപുരം:  വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ (NORKA Roots) നോർക്കയുടെ നേതൃത്വത്തിൽ കേരളത്തിൽ നാഷണൽ മൈഗ്രേഷൻ കോൺഫറൻസ് (National Migration Conference) സംഘടിപ്പിക്കുമെന്ന് നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ലോകകേരള സഭ സംഘാടക സമിതി രൂപീകരണവുമായി ബന്ധപ്പെട്ടു വിളിച്ച പ്രവാസി സംഘടനാ നേതാക്കളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നയരൂപീകരണത്തിനും പ്രവാസികളോടുള്ള പ്രതികരണത്തിനും സംസ്ഥാന കേന്ദ്ര സർക്കാരുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് കോൺഫറൻസിനുള്ളത്. ഓരോ സംസ്ഥാനങ്ങളിലെയും പ്രവാസികളോടുള്ള പ്രതികരണങ്ങളെക്കുറിച്ചും കേരളത്തിന്റെ പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചും കോൺഫറൻസ് ചർച്ച ചെയ്യും.

 ലോകത്തിലെ തന്നെ പ്രവാസ സാന്ദ്രത ഏറിയ സംസ്ഥാനമാണ് കേരളം. മടങ്ങിയെത്തുന്നതും നിലവിലുള്ളതുമായ പ്രവാസികൾക്കും പ്രവാസ ലോകം ആഗ്രഹിക്കുന്നവർക്കും വ്യത്യസ്ത പദ്ധതികൾ ആവിഷ്‌കരിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികളുടെ എല്ലാ നിലയിലുമുള്ള നൈപുണ്യവും കഴിവുകളും സാധ്യതകളും കേരളത്തിന്റേയും പ്രവാസ സമൂഹത്തിന്റേയും പുരോഗതിക്കു വേണ്ടി സ്വരൂപിക്കുകയാണ് ലോകകേരള സഭ വിഭാവനം ചെയ്യുന്നത്. ജനാധിപത്യത്തിന്റെ പുതിയ വികസിതതലമാണ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കൊപ്പം ലോകമെമ്പാടുമുള്ള പ്രവാസികളെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് ലോകകേരള സഭയിലൂടെ സാക്ഷാത്ക്കരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest Videos

click me!