Success Story : 50 അഭിമുഖങ്ങളിൽ പിന്തള്ളപ്പെട്ടു; ഒടുവിൽ 1 കോടി ശമ്പളത്തിൽ ​ഗൂ​ഗിളിൽ ജോലി നേടി സംപ്രീതി യാദവ്

By Web Team  |  First Published Feb 25, 2022, 1:30 AM IST

 ഒന്നോ രണ്ടോ മൂന്നോ തവണ അല്ല, തുടർച്ചയായ അമ്പത് അഭിമുഖങ്ങളിലാണ് ഈ പെൺകുട്ടി പിന്തള്ളപ്പെട്ടത്. 


പരാജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് ഒരു പ്രയോ​ഗമുണ്ട്. എന്നാൽ തുടർച്ചയായ പരാജയങ്ങൾ ഒരു വ്യക്തിയെ നിരാശയിലേക്ക് തള്ളിവിടുമെന്ന് വേണം കരുതാൻ. നിരാശരാകാതെ വീണ്ടും ലക്ഷ്യത്തിലേക്കെത്താൻ പരിശ്രമിക്കുന്നവരുമുണ്ട്. അതിലൊരാളാണ് പട്ന സ്വദേശിയായ (Sampriti Yadav) സംപ്രീതി യാദവ് എന്ന പെൺകുട്ടി. ഒന്നോ രണ്ടോ മൂന്നോ തവണ അല്ല, തുടർച്ചയായ അമ്പത് അഭിമുഖങ്ങളിലാണ് ഈ പെൺകുട്ടി പിന്തള്ളപ്പെട്ടത്. പിന്നീട് സംഭവിച്ചതും ചരിത്രമാണ്. സംപ്രീതിയെ കാത്തിരുന്നത്. 1.10 കോടി രൂപ വാർഷിക ശമ്പളത്തിൽ ​ഗൂ​ഗിളിലെജോലി ആയിരുന്നു!

സ്ഥിരോത്സാഹമാണ് പ്രൊഫഷണൽ വളർച്ചയുടെ താക്കോൽ എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണ് ഇരുപത്തിനാലുകാരിയായ ഈ പെൺകുട്ടി. സ്വപ്ന ജോലിയിലേക്കുള്ള യാത്ര ദീർഘവും കഠിനവുമായിരുന്നുവെന്ന് സംപ്രീതി പറയുന്നു."ഇന്റർവ്യൂ വേളയിൽ എനിക്ക് പരിഭ്രമം തോന്നിയിരുന്നു. മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളും എന്നെ പിന്തുണച്ച് പ്രോത്സാഹിപ്പിച്ചു. ഞാൻ വലിയ കമ്പനികളെ പഠിക്കാൻ മണിക്കൂറുകൾ ചെലവഴിച്ചു. വലിയ കമ്പനികളുമായുള്ള മിക്ക അഭിമുഖങ്ങളും ചർച്ചകൾ പോലെയാണ്. കൂടുതൽ പരിശീലനം നടത്തിയത് എന്നെ വളരെയധികം സഹായിച്ചു. അസ്വസ്ഥതയെ ചെറുക്കുകയും ആത്മവിശ്വാസത്തോടെ അഭിമുഖങ്ങൾ ഏറ്റെടുക്കുകയും ചെയ്യുക എന്നതാണ് പ്രധാനം" ഗൂഗിളിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിവിധ സ്ഥലങ്ങളിലായി 50 ഓളം അഭിമുഖങ്ങളിൽ പങ്കെടുത്തെന്ന് സംപ്രീതി യാദവ് പറയുന്നു.

Latest Videos

undefined

കഠിനാധ്വാനം ചെയ്യുന്ന മാതാപിതാക്കളെ കണ്ടാണ് താൻ വളർന്നതെന്നും സംപ്രീതി പറയുന്നു. അതുകൊണ്ട് തന്നെ ഏറ്റെ‌ടുക്കുന്ന ഉത്തരവാദിത്വത്തിൽ ഏറ്റവും മികച്ച രീതിയിൽ പ്രകടനം കാഴ്ചവെക്കാൻ ഞാൻ തീരുമാനിച്ചു. അത് പഠനമാണെങ്കിലും മറ്റെന്ത് കാര്യങ്ങളാണെങ്കിലും. സംപ്രീതി ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ദില്ലി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നാണ് സംപ്രീതി ബിരുദം പൂർത്തിയാക്കിയത്. 

ഒമ്പത് റൗണ്ട് അഭിമുഖത്തിന് ശേഷമാണ് ​ഗൂ​ഗിളിൽ തനിക്ക് ജോലി ലഭിച്ചതെന്നും സംപ്രീതി  വ്യക്തമാക്കുന്നു. മികച്ച ശമ്പളം എന്നതിലുപരി തന്നെ ആകർഷിച്ചത് ​ഗൂ​ഗിളിന്റെ ലണ്ടൻ ഓഫീസിൽ ജോലി ചെയ്യാൻ സാധിക്കുന്നു എന്നതാണെന്നും ഈ പെൺകുട്ടി പറഞ്ഞു. പട്ന സ്വദേശിയായ സംപ്രീതി നോത്രദാം അക്കാദമിയിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബീഹാറിലെ പ്ലാനിം​ഗ് ആൻഡ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ആണ് അമ്മ ശശിപ്രഭ. അച്ഛൻ റാംശങ്കർ യാദവ് എസ്ബിഐ ഉദ്യോ​ഗസ്ഥനും. 


 

click me!