മോശം സാമ്പത്തിക സ്ഥിതി കാരണം അച്ഛന്റെ ഒരു ഫോട്ടോ പോലും ആ കുടുംബത്തിൽ ഉണ്ടായിരുന്നില്ല.
മഹാരാഷ്ട്ര: സമ്പത്താണ് എല്ലാ നേട്ടങ്ങളുടെയും അടിസ്ഥാനമെന്നും പണമില്ലാത്തവർക്ക് തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയില്ലെന്നും പറയുന്ന ചിലരെങ്കിലുമുണ്ട്. എന്നാൽ പണത്തിനപ്പുറം ചില മൂല്യങ്ങളും കഠിനാധ്വാനവുമാണ് വിജയത്തിന്റെ താക്കോൽ എന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച വ്യക്തികളുണ്ട്. അക്കൂട്ടത്തിലൊരാളാണ് (Doctor Rajendra Bharud IAS) ഡോക്ടർ രാജേന്ദ്ര ഭരൂദ് ഐഎഎസ്. ദാരിദ്ര്യത്തിനും ഇല്ലായ്മക്കുമെതിരെ പോരാടാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമാണ് ഡോക്ടർ കൂടിയായ ഈ ഐഎഎസ് ഉദ്യോഗസ്ഥൻ.
മഹാഷ്ട്രയിലെ സക്രി താലൂക്കിലെ സമോഡ് ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഡോ രാജേന്ദ്ര ഭരുദ്. എംബിബിഎസ് പൂർത്തിയാക്കിയ ശേഷം, ഡോ. രാജേന്ദ്ര തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയപ്പോൾ എല്ലാവരും അത്ഭുതപ്പെട്ടു. കാരണം നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ രാജേന്ദ്ര ഭരൂദ് ഡോക്ടർ മാത്രമല്ല ഐഎഎസ് ഉദ്യോഗസ്ഥൻ കൂടിയായിരുന്നു. 1988 ജനുവരി 7 ന് സമോഡ് ഗ്രാമത്തിലാണ് ഡോ രാജേന്ദ്ര ഭരുദ് ജനിച്ചത്. രാജേന്ദ്രയെ ഗർഭിണിയായിരിക്കുന്ന സമയത്ത് അച്ഛൻ മരിച്ചു. മോശം സാമ്പത്തിക സ്ഥിതി കാരണം പിതാവിന്റെ ഒരു ഫോട്ടോ പോലും ആ കുടുംബത്തിൽ ഉണ്ടായിരുന്നില്ല. കരിമ്പിന്റെ ഇല കൊണ്ട് മേഞ്ഞ ഒരു കുടിലിലായിരുന്നു രാജേന്ദ്ര ഭരൂദിന്റെ കുടുംബം താമസിച്ചിരുന്നത്. അമ്മ മദ്യം വിറ്റാണ് ഈ കുടുംബത്തിന് ഉപജീവനത്തിനുള്ള മാർഗം കണ്ടെത്തിയിരുന്നത്.
മൂന്നു വയസ്സുകാരന്റെ വിശപ്പടക്കാൻ മദ്യം
'വിശപ്പ് സഹിക്കാനാകാതെ ഞാൻ കരയുമായിരുന്നു. മദ്യപിക്കാനെത്തുന്നവർക്ക് എന്റെ കരച്ചിൽ ശല്യമായി തോന്നി. ഒരിക്കൽ മൂന്ന് വയസ്സുള്ളപ്പോൾ, വിശന്നു കരഞ്ഞ എന്റെ വായിൽ മദ്യപരിൽ ചിലർ മദ്യത്തുളളികൾ ഒഴിച്ചു തന്നു. ഞാൻ കരയാതിരിക്കാനാണ് അവരങ്ങനെ ചെയ്തത്. പിന്നീട് വിശക്കാതിരിക്കാനും ഞാൻ കരയാതിരിക്കാനും പാലിന് പകരം അമ്മൂമ്മ എനിക്ക് മദ്യം തന്നു തുടങ്ങി. പിന്നീടങ്ങോട്ട് ജലദോഷമോ ചുമയോ വന്നാൽ പോലും മരുന്നായി മദ്യം ഉപയോഗിക്കാൻ ശീലിച്ചു.' ദുരിതം നിറഞ്ഞ കുട്ടിക്കാലത്തെക്കുറിച്ച്, ഒരു മാധ്യമത്തോട് സംസാരിക്കവേ ഭരൂദ് പറഞ്ഞ വാക്കുകൾ.
undefined
വീടിന് പുറത്തിരുന്ന് പഠനം
വീടിനു പുറത്തുളള സ്ഥലത്ത് ഇരുന്നായിരുന്നു രാജേന്ദ്രയുടെ പഠനം. ചിലപ്പോഴൊക്കെ മദ്യപിക്കാൻ വരുന്നവർ ലഘുഭക്ഷണം വാങ്ങി കൊണ്ടുവരാൻ കുറച്ച് പണം അധികമായി നൽകാറുണ്ടായിരുന്നു. അതിൽ നിന്ന് മിച്ചം വെച്ച് കുറച്ചു പുസ്തകങ്ങൾ വാങ്ങി. കഠിനാധ്വാനം ചെയ്ത് പഠിച്ചു. പത്താം ക്ലാസ് പരീക്ഷയിൽ 95% നേടിയാണ് രാജേന്ദ്ര ജയിച്ചത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 90 ശതമാനം മാർക്കുമുണ്ടായിരുന്നു.
2006-ൽ മെഡിക്കൽ പ്രവേശനം
2006-ലാണ് രാജേന്ദ്ര മെഡിക്കൽ എൻട്രൻസ് പരീക്ഷ പാസ്സായത്. മുംബൈയിലെ കെഇഎം ഹോസ്പിറ്റലിൽ നിന്നും സേത്ത് ജിഎസ് മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ ബിരുദം നേടി. മാത്രമല്ല, മഹാരാഷ്ട്രയിലെ കളക്ടർ കെഇഎം ഹോസ്പിറ്റലിലും സേത്ത് ജിഎസ് മെഡിക്കൽ കോളേജിലും രാജേന്ദ്ര ഭരൂദിന് 'ബെസ്റ്റ് സ്റ്റുഡന്റ് അവാർഡ്' ലഭിച്ചു. പൊതുജനാരോഗ്യ രംഗത്തും ജില്ലക്കും പ്രചോദനം ആയ വ്യക്തിയായിരുന്നു രാജേന്ദ്ര ഭരൂദ്.
ആദ്യ ശ്രമത്തിൽ തന്നെ യു.പി.എസ്.സി
എംബിബിഎസ് അവസാന വർഷത്തിലാണ് യുപിഎസ്‌സി (യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ) പരീക്ഷ എഴുതാൻ തീരുമാനിച്ചത്. ഒരേ സമയം രണ്ട് പരീക്ഷക്ക് പഠിക്കുന്നതിനാൽ പഠനം വെല്ലുവിളിയായിരുന്നു. എന്നാൽ യുപിഎസ്‍സി ആദ്യശ്രമത്തിൽ തന്നെ നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. യുപിഎസ്‍സി പരീക്ഷ എന്താണെന്ന് പോലും അറിയാത്ത ഒരമ്മയുടെ മകനായിരുന്നു രാജേന്ദ്ര. എം.ബി.ബി.എസ് കഴിഞ്ഞു തിരിച്ചു ചെന്നപ്പോൾ മകൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായി എന്നറിഞ്ഞപ്പോൾ അമ്മക്ക് അതിലേറെ സന്തോഷം.
“കുട്ടിക്കാലം മുതൽ മറ്റുള്ളവരെ സഹായിക്കാൻ ഡോക്ടറാകണമെന്ന് ഞാൻ സ്വപ്നം കണ്ടു. പക്ഷേ, ഞാൻ വളർന്നപ്പോൾ, ആളുകളെ സഹായിക്കുന്നതിന്, അവരെ പഠിപ്പിക്കുകയും അവർക്ക് മെച്ചപ്പെട്ട ജീവിത അവസരങ്ങൾ നൽകുകയും ചെയ്യണമെന്ന് ഞാൻ മനസ്സിലാക്കി. ഇത് ചെയ്യുന്നതിന് വേണ്ടിയാണ് ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആകണമെന്ന് തീരുമാനിച്ചത്.; ഡോക്ടറായതിനെക്കുറിച്ചും പിന്നീട് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനായതിനെക്കുറിച്ചും രാജേന്ദ്ര പറയുന്നു.
നന്ദുർബാറിലെ കളക്ടർ
ഏതാനും വർഷം മുസ്സൂറിയിൽ പരിശീലനം നേടി. അതിനുശേഷം, 2015-ൽ നന്ദേഡ് ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായും പ്രോജക്ട് ഓഫീസറായും രാജേന്ദ്രയെ നിയമിച്ചു. 2017-ൽ സോലാപൂരിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായി, 2018 ജൂലൈയിൽ നന്ദുർബാറിന്റെ കളക്ടറായി. രാജേന്ദ്ര 2014-ൽ "മീ ഏക് സ്വപ്ന പഹിൽ" എന്ന മറാത്തി പുസ്തകവും എഴുതിയിട്ടുണ്ട്. പുസ്തകത്തിൽ, തന്റെ പോരാട്ടത്തെക്കുറിച്ചും യാത്രയെക്കുറിച്ചും മൂന്ന് കുട്ടികളെ വളർത്തുന്നതിനായി അമ്മയുടെ ത്യാഗത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ഒഴിവുകഴിവുകൾ പറയുകയും ഭാഗ്യത്തെ വിമർശിക്കുകയും ചെയ്യുന്നവർക്ക് രാജേന്ദ്ര ഭരൂദ് ഒരു പ്രചോദനം മാത്രമല്ല, ഒരു ഉദാഹരണം കൂടിയാണ്.