Success Story : പഠനച്ചെലവിന് പാടത്ത് ജോലി ചെയ്തു; കർഷകനിൽ നിന്ന് പൊലീസിലേക്ക്, ഇപ്പോൾ പ്രൊഫസറും

By Web Team  |  First Published Feb 8, 2022, 2:15 PM IST

കർഷകനായി ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കെ തമിഴ്നാട് പബ്ലിക് സർവ്വീസ് കമ്മീഷൻ പരീക്ഷയെഴുതിയാണ് അരവിന്ദ് കോൺസ്റ്റബിളായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. 
 


തമിഴ്നാട്: കര്‍ഷകനില്‍ നിന്ന് പൊലീസ് ഉദ്യോ​ഗസ്ഥനിലേക്കും അവിടെ നിന്ന് പ്രൊഫസറിലേക്കും എത്തിയ വ്യക്തിയെ പരിചയപ്പെടാം. 34 വയസ്സുള്ള അരവിന്ദ് പെരുമാൾ എന്ന യുവാവിന്റെ ജീവിതം ഏതൊരു വ്യക്തിയെയും പ്രചോദിപ്പിക്കും. കാരണം കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രം ജീവിത വിജയം എത്തിപ്പിടിക്കാൻ സാധിച്ചയാളാണ് അരവിന്ദ് പെരുമാൾ. കാർഷികവൃത്തി ഉപജീവനമായി സ്വീകരിച്ച ഒരു കുടുംബത്തിലെ അം​ഗമായിരുന്നു അരവിന്ദ്. കർഷകനായി ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരിക്കെ തമിഴ്നാട് പബ്ലിക് സർവ്വീസ് കമ്മീഷൻ പരീക്ഷയെഴുതിയാണ് അരവിന്ദ് കോൺസ്റ്റബിളായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നത്. 

കാർഷിക വൃത്തിയിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടായിരുന്നു വിദ്യാഭ്യാസ ചെലവുകൾ. മനോൻമണിയം സുന്ദരനാർ യൂണിവേഴ്സിറ്റിയിൽ‌ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്ദര ബിരുദം നേടി. അതിന് ശേഷം തുടർന്ന് പഠിക്കണമെന്ന് ആ​ഗ്രഹിച്ചെങ്കിലും സാമ്പത്തികം തടസ്സമായി. പിന്നീടാണ് തമിഴ്നാട് പിഎസ്‍സി പരീക്ഷയെഴുതി പൊലീസിൽ ജോലി നേടുന്നത്. 

Latest Videos

undefined

'ഒരു കർഷകന്റെ മകനാണ് ഞാൻ. ഉപജീവനത്തിനും വിദ്യാഭ്യാസ ചെലവുകളും മുന്നോട്ട് കൊണ്ടുപോകാൻ വളരെയധികം കഷ്ടപ്പെട്ടിരുന്നു. പഠിക്കാൻ വേണ്ടി ഞാനും പാടത്ത് ജോലിക്ക് പോകും. ബിരുദത്തിനും ബിരുദാനന്തരബിരുദത്തിനും പഠിക്കുന്ന സമയത്ത്, കുടുംബത്തെ സഹായിക്കാനും അതേ സമയം പഠിക്കാനുള്ള പണം കണ്ടെത്താനും ഞാനും ജോലിക്ക് പോയിരുന്നു. പിഎച്ച്ഡി ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം അത് സാധിച്ചില്ല.' അരവിന്ദ് പറഞ്ഞു. 23ാമത്തെ വയസ്സിലാണ് അരവിന്ദ് കോൺസ്റ്റബിൾ ജോലിയിൽ പ്രവേശിക്കുന്നത്, 11 വർഷം ജോലി ചെയ്തു. 

പൊലീസിൽ ജോലി ചെയ്യുന്ന സമയത്താണ് മനോന്മണിയം സുന്ദരനാർ സർവ്വകലാശാലയിൽ  പിഎച്ച്ഡി പ്രവേശന പരീക്ഷ എഴുതുന്നതും അഡ്മിഷൻ ലഭിക്കുന്നതും.  പാർട്ട് ടൈം ആയി പിഎച്ച്‍ ഡി ചെയ്യാനുള്ള അനുവാദം മേലധികാരികളിൽ നിന്നും നേടി. ''Economic study on wage level in the informal sector" എന്ന വിഷയത്തിൽ പ്രൊഫസറുടെ മേൽനോട്ടത്തിൽ പിഎച്ച്ഡി ആരംഭിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ തനിക്ക് വളരെയധികം പിന്തുണ നൽകി എന്ന് അരവിന്ദ് പറഞ്ഞു. 2019ലാണ് അരവിന്ദ് പെരുമാൾ പിഎച്ച്ഡി പൂർത്തിയാക്കിയത്. എന്നാൽ കൊവിഡ് മഹാമാരിയെത്തുടർന്ന് 2021 ലാണ് ലഭിച്ചത്. കഴിഞ്ഞ 11 വർഷമായി സുതമല്ലി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന അരവിന്ദ് നാ​ഗർകോവിൽ എസ് ടി ഹിന്ദു കോളേജിൽ ജോലിയിൽ പ്രവേശിക്കാനുളള ഒരുക്കത്തിലാണ്. 


 

click me!