എസ്എസ്എൽസിക്ക് 4,27,407, പ്ലസ് ടുവിന് 4,32,436 വിദ്യാർഥികൾ; ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വി. ശിവൻകുട്ടി

By Web Team  |  First Published Mar 28, 2022, 9:00 AM IST

രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ  26 ന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതൽ നടക്കും. 



തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എസ്.എസ്.എൽ.സി  പരീക്ഷ മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29 ന് അവസാനിക്കും. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മെയ് 3 മുതൽ 10 വരെ നടക്കും. 4,27,407 വിദ്യാർഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതും. 4,26,999 പേർ റെഗുലറായും 408 പേർ പ്രൈവറ്റായും പരീക്ഷയെഴുതും. 2,18,902 ആൺകുട്ടികളും 2,08,097 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുന്നത്. 2,962 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഗൾഫ് മേഖലയിൽ ഒൻപത് കേന്ദ്രങ്ങളിലായി 574 വിദ്യാർഥികളും ലക്ഷദ്വീപിൽ ഒൻപത് കേന്ദ്രങ്ങളിലായി 882 വിദ്യാർഥികളും പരീക്ഷയെഴുതും.

രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷ മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ  26 ന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷ മെയ് മൂന്ന് മുതൽ നടക്കും. 4,32,436 വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ എഴുതും. 3,65,871  പേർ റഗുലറായും 20,768 പേർ പ്രൈവറ്റായും 45,797 പേർ ഓപ്പൺ സ്‌കൂളിന് കീഴിലും പരീക്ഷ എഴുതും. 2,19,545 ആൺകുട്ടികളും 2,12,891 പെൺകുട്ടികളുമാണ്. 2005 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. ഗൾഫ് മേഖലയിൽ എട്ട് കേന്ദ്രങ്ങളിലും ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലും പരീക്ഷ നടക്കും.  

Latest Videos

undefined

വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ  മാർച്ച് 30 ന് ആരംഭിച്ച് ഏപ്രിൽ 26 ന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷ സെക്ടറൽ സ്‌കിൽ കൗൺസിലും    സ്‌കൂളുകളും ചേർന്ന് തീരുമാനമെടുത്ത് മെയ് 15 നകം പൂർത്തിയാകുന്ന രീതിയിൽ ക്രമീകരിക്കും. 31,332 വിദ്യാർഥികൾ പരീക്ഷ എഴുതും. വി.എച്ച്.എസ്.ഇ.ക്ക്  (എൻ.എസ്.ക്യു.എഫ്)  30,158 പേർ റഗുലറായും 198 പേർ പ്രൈവറ്റായും പരീക്ഷ എഴുതും. 18,331 ആൺകുട്ടികളും 11,658 പെൺകുട്ടികളുമാണ്. വി.എച്ച്.എസ്.ഇ.ക്ക് (മറ്റുള്ളവ) പ്രൈവറ്റായി 1,174  വിദ്യാർഥികൾ പരീക്ഷ എഴുതും. 886 അൺകുട്ടികളും 288 പെൺകുട്ടികളുമാണ്. 389 കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും. എല്ലാ സ്ട്രീമുകളിലുമായി പരീക്ഷാ കേന്ദ്രങ്ങളിലെത്തുന്ന ആകെ വിദ്യാർഥികളുടെ  എണ്ണം 8,91,373 ആണ്.

പരീക്ഷാ തയാറെടുപ്പ് വിലയരുത്താനായി അധ്യാപക സംഘടനകളുടെയും അനധ്യാപക സംഘടനകളുടെയും ഉന്നതതല യോഗം ചേർന്നു. മന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, ഡി.ഡി.മാർ, ആർ.ഡി.ഡി. മാർ, എ.ഡി.മാർ, ജോയിന്റ് സെക്രട്ടറിമാർ എന്നിവരടങ്ങുന്ന യോഗം അവസാന ഘട്ട ക്രമീകരണങ്ങൾ വിലയിരുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ സ്‌കൂളിൽ  നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തണമെന്നും നിർദ്ദേശിച്ചു. പ്രഥമാധ്യാപകരും ഉന്നത ഉദ്യോഗസ്ഥരും ചെക്ക് ലിസ്റ്റ് തയാറാക്കി വേണം അന്തിമ വിലയിരുത്തൽ നടത്തേണ്ടത്.

ജൂൺ ഒന്നിന് തന്നെ സ്‌കൂളുകൾ തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആർ.ടി., എസ്.എസ്.കെ. തുടങ്ങിയ എല്ലാ ഏജൻസികളുടെയും അധ്യാപക സംഘടനകളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരുകയും ആലോചനകൾ നടത്തുകയും ചെയ്യും. ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക പരിഗണന പുതിയ അദ്ധ്യയന വർഷത്തിൽ ഉണ്ടാകും. സ്‌കൂൾ തുറക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ പ്രധാനമായും പൊതുവിദ്യാഭ്യാസ - ആരോഗ്യ - ഗതാഗത - തദ്ദേശസ്വയംഭരണ വകുപ്പുകൾ സംയുക്തമായി നടത്തും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടത്തിയാണ് സ്‌കൂൾ തുറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ടി സി ലഭ്യമായില്ല എന്ന കാരണത്താൽ ഒരു കുട്ടിയുടെയും പഠനം മുടങ്ങില്ലെന്ന് മന്ത്രി പറഞ്ഞു. വൻ ഫീസ് വാങ്ങുന്നത് അനുവദിക്കാൻ ആവില്ല. സ്‌കൂൾ പ്രവേശനത്തിന് എൻട്രൻസ് പരീക്ഷാ ചട്ടങ്ങളിൽ പറയുന്നില്ല. കെ ഇ ആറിന് വിരുദ്ധമായ നിലപാടുകൾക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

സ്‌കൂൾ തുറക്കുന്നതിന്  മുന്നോടിയായി ഡിജിറ്റൽ ഉപകരണങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പു വരുത്തുന്നതിന് ഡിജിറ്റൽ ക്ലിനിക്കുകളുടെ സേവനം സ്‌കൂളുകളിൽ ഉണ്ടാവും. പി.ടി.എ.കൾ പുനസംഘടിപ്പിക്കുന്നതിനും പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും വിശദമായ മാർഗരേഖ പുറത്തിറക്കും. അക്കാദമിക മാസ്റ്റർ പ്ലാൻ രൂപീകരിക്കുന്നതിന് സ്‌കൂളുകളിൽ മെയ് മാസത്തിൽ ശിൽപശാലകൾ നടത്തും. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പൊതുനിർദ്ദേശങ്ങൾ സംസ്ഥാനതലത്തിൽ പുറപ്പെടുവിക്കും. സ്‌കൂളിന്റെ സമഗ്ര വികസനം മുന്നിൽ കണ്ടാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടത്.

ഒന്ന് മുതൽ ഏഴ് വരെയുള്ള  അധ്യാപകരുടെ പരിശീലനം മെയ് മാസത്തിൽ നടത്താനുള്ള രീതിയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. ബാക്കിയുള്ള അധ്യാപകരുടെ പരിശീലനം പേപ്പർ വാല്യുവേഷന് ശേഷം വിവിധ സമയങ്ങളിലായി പൂർത്തിയാക്കാമെന്നാണ് കരുതുന്നത്. എസ്.സി.ഇ.ആർ.ടി., എസ്.എസ്.കെ., കൈറ്റ്, സീമാറ്റ് തുടങ്ങി എല്ലാ ഏജൻസികളുടെയും സഹകരണത്തോടെ അധ്യാപക പരിശീലന മൊഡ്യൂൾ തയാറാക്കുന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നതായി മന്ത്രി അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിജിലൻസ് ശക്തിപ്പെടുത്തും. അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ തുറക്കുന്നതിനു മുമ്പ് എല്ലാ വിദ്യാർഥികൾക്കും പാഠപുസ്തകം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ഖാദർ കമ്മിറ്റി റിപ്പോർട്ട് ശുപാർശ ചെയ്ത ഏകീകരണ പ്രക്രിയയുടെ നടപടികൾ നടന്നു വരികയാണെന്നും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.    

click me!