ഈ വർഷത്തെ എസ് എസ് എൽ സി/പ്ലസ് ടു പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് മികച്ച സ്കോർ നേടി ജയിക്കാൻ പുതിയ പാറ്റേൺ അറിയേണ്ടതുണ്ട്.
കൊവിഡിന് ശേഷം വിദ്യാലയങ്ങളെല്ലാം (Schools and Students) തന്നെ പഴയ രീതിയിലേക്ക് പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. വർഷാവസാന പരീക്ഷയുടെ (Final Year Examination) ചൂടിലേക്ക് വിദ്യാർത്ഥികളും എത്തിക്കഴിഞ്ഞു. പത്താം ക്ലാസ്സിലെ കുട്ടികള്‍ക്ക് ഉടന്‍ തന്നെ പരീക്ഷയെ അഭിമുഖീകരിക്കേണ്ടി വരുന്നു. പുതിയ പരീക്ഷാരീതി കുട്ടികളില്‍ ആശങ്കയുണ്ടാക്കുന്നു എന്ന തരത്തിലുളള വാര്‍ത്തകള്‍ കണ്ട് ഭയചകിതരാകേണ്ടതില്ല. മറിച്ച് പുതിയ പരീക്ഷാരീതി മനസ്സിലാക്കുക എന്നതാണ് എളുപ്പവഴി. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും പരീക്ഷാരീതി മനസ്സിലാക്കുകയാണ് വേണ്ടത്. പരീക്ഷാരീതിയില്‍ ചോദ്യരൂപങ്ങള്ക്ക് മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നത് കുട്ടികള്‍ മനസ്സിലാക്കുക. മാര്‍ക്കുകളുടെ വിന്യാസത്തിലും ചോയ്സുകളിലുമാണ് വ്യത്യാസം വന്നിട്ടുളളത്.
ഈ വർഷത്തെ എസ് എസ് എൽ സി/പ്ലസ് ടു പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് മികച്ച സ്കോർ നേടി ജയിക്കാൻ പുതിയ പാറ്റേൺ അറിയേണ്ടതുണ്ട്. അത് മനസ്സിലാക്കുകയും സാമ്പിള്‍ ചോദ്യക്കടലാസ്സുകള്‍ പരിശീലിക്കുകയും ചെയ്യുക വഴി പരീക്ഷ പേടികൂടാതെ നേരിടാം. ഈ വർഷത്തെ പരീക്ഷ എഴുതാൻ കുട്ടികൾ തയ്യാറാകേണ്ടതുണ്ട്. അധ്യാപകർ അവരെ തയ്യാറാക്കേണ്ടതുണ്ട്. ഒരു പ്രത്യേക പാറ്റേൺ രീതിയിലാണ് ചോദ്യങ്ങൾ ചോദ്യക്കടലാസ്സിൽ വരിക.എല്ലാ വിഷയങ്ങളുടെ ചോദ്യക്കടലാസ്സിനും ഒരു പാറ്റേൺ നിശ്ചയിച്ചിട്ടുണ്ട്. ചോദ്യങ്ങൾക്ക് ചോയ്സ് നല്‍കാനാണ് ഇത്തരം ഒരു പാറ്റേൺ സ്വീകരിച്ചിരിക്കുന്നത്. 80 സ്കോറിന് പരീക്ഷയുളള വിഷയങ്ങൾക്ക് 35 ചോദ്യങ്ങളാണുണ്ടാവുക. 40 സ്കോറിന്റെ പരീക്ഷയ്ക്ക് 24 ചോദ്യങ്ങളും.
undefined
ഈ വർഷത്തെ എസ് എസ് എൽ സി/പ്ലസ് ടു പരീക്ഷകൾക്ക് കുട്ടികൾ പരീക്ഷ എഴുതേണ്ടതിനെക്കാൾ 50% സ്കോറിന് കൂടി അധിക ചോദ്യങ്ങൾ ലഭിക്കും. അതായത് 40 സ്കോറിന്റെ പരീക്ഷയ്ക്ക് 60 സ്കോറിന്റെ ചോദ്യങ്ങളും 80 സ്കോറിന്റെ പരീക്ഷയ്ക്ക് 120 സ്കോറിന്റെ ചോദ്യങ്ങളും ചോദ്യക്കടലാസിൽ ലഭിക്കും. എന്നാൽ ഈ അധികചോദ്യങ്ങൾ ചോയ്സുകളായിട്ടാണ് നല്‍കുക. വ്യക്തമായി പറഞ്ഞാൽ 60 സ്കോറിന്റെ ചോദ്യപ്പേപ്പറിൽ 20 സ്കോറിന്റെ ചോദ്യങ്ങൾ ചോയ്സുകളായിരിക്കും (അധികചോദ്യങ്ങൾ). 80 സ്കോറിന്റെ ചോദ്യപ്പേപ്പറിൽ 40 സ്കോറിന്റെ ചോദ്യങ്ങൾ ചോയ്സുകളായിരിക്കും. ഈ വർഷത്തെ എസ് എസ് എൽ സി/പ്ലസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയയിൽ നിന്നും (പ്രാധാന്യം നല്കി പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ) 70% സ്കോറിനുളള ചോദ്യങ്ങളും നോൺ ഫോക്കസ് ഏരിയയിൽ നിന്നും 30% സ്കോറിനുളള ചോദ്യങ്ങളുമാണ് ചോദിക്കുക.
40 സ്കോറിന്റെ പരീക്ഷയ്ക്ക് 42 സ്കോറിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും നൽകിയിരിക്കും. അതിൽ നിന്നും കുട്ടികൾ 28 സ്കോറിന്റെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ മതിയാകും. ബാക്കി 12 സ്കോറിന്റെ ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നാണ് കുട്ടികൾ എഴുതേണ്ടത്. അതിനായി 18 സ്കോറിന്റെ ചോദ്യങ്ങൾ നല്കിയിരിക്കും.
80 സ്കോറിന്റെ പരീക്ഷയ്ക്ക് 84 സ്കോറിന്റെ ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും നൽകിയിരിക്കും. അതിൽ നിന്നും കുട്ടികൾ 56 സ്കോറിന്റെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിയാൽ മതിയാകും. ബാക്കി 24 സ്കോറിന്റെ ചോദ്യങ്ങൾ നോൺ ഫോക്കസ് ഏരിയയിൽ നിന്നാണ് കുട്ടികൾ എഴുതേണ്ടത്. അതിനായി 36 സ്കോറിന്റെ ചോദ്യങ്ങൾ നല്കിയിരിക്കും.
നോൺ ഫോക്കസ് ഏരിയായിൽ നിന്നുളള ചോദ്യങ്ങൾ കുറെയെങ്കിലും ലളിതമാകാൻ സാധ്യതയുണ്ട്. എങ്കിലും ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങളോടൊപ്പം കുട്ടികൾ നോൺ ഫോക്കസ് ഏരിയയിലെ പാഠഭാഗങ്ങൾ കൂടി പഠിച്ചിരുന്നാൽ മാത്രമേ A+ എന്ന കടമ്പ കടക്കാന്‍ കഴിയുകയുളളൂ. ഇത് നേരത്തെ മനസ്സിലാക്കി പഠിക്കുവാൻ കുട്ടികൾ ശ്രദ്ധിക്കുമല്ലോ. ഓരോ ചോദ്യക്കടലാസ്സിലും അഞ്ച് പാർട്ടുകളാണുളളത്. ഓരോ പാർട്ടിനെയും എ, ബി എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. എ ഭാഗം ഫോക്കസ് ഏരിയയിൽ നിന്നുളള ചോദ്യങ്ങളും ബി ഭാഗം നോൺ ഫോക്കസ് ഏരിയയിൽ നിന്നുളള ചോദ്യങ്ങളും ഉൾപ്പെട്ടതായിരിക്കും.
40 സ്കോറിന്റെ പരീക്ഷാചോദ്യങ്ങളുടെ വിതരണം
പാർട്ട് 1 - 1 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 6 ചോദ്യങ്ങളിൽ 4 എണ്ണത്തിന് ഉത്തരം എഴുതണം. (4 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ 3 എണ്ണത്തിനും ഉത്തരം എഴുതണം. (3 സ്കോർ). ആകെ 9 ചോദ്യങ്ങൾ നല്കിയിരിക്കും. 7 എണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് 2 - 2 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 1 ചോദ്യം നൽകിയിരിക്കും 1ന് ഉത്തരം എഴുതണം. (2 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 2 ചോദ്യങ്ങളിൽ 1ന് ഉത്തരം എഴുതണം. (2 സ്കോർ). ആകെ 3 ചോദ്യങ്ങൾ നല്കിയിരിക്കും. 2 എണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് 3 - 3 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 4 ചോദ്യങ്ങളിൽ 3 എണ്ണത്തിന് ഉത്തരം എഴുതണം. (9 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 1 ചോദ്യത്തിൽ 1ന് ഉത്തരം എഴുതണം. (3 സ്കോർ). ആകെ 5 ചോദ്യങ്ങൾ നല്കിയിരിക്കും. 4 എണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് 4 - 4 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 3 ചോദ്യങ്ങളിൽ 2 എണ്ണത്തിന് ഉത്തരം എഴുതണം. (8 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് 2 ചോദ്യങ്ങളിൽ 1 എണ്ണത്തിന് ഉത്തരം എഴുതണം. (4 സ്കോർ). ആകെ 5 ചോദ്യങ്ങൾ നല്കിയിരിക്കും. 3 എണ്ണത്തിന് ഉത്തരം എഴുതണം.
പാർട്ട് 5 - 5 സ്കോർ ചോദ്യങ്ങൾ – ഫോക്കസ് ഏരിയയിൽ നിന്ന് 2 ചോദ്യങ്ങളിൽ 1ന് ഉത്തരം എഴുതണം. (5 സ്കോർ), നോൺ ഫോക്കസ് ഏരിയയിൽ നിന്ന് ചോദ്യങ്ങളില്ല.