എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ ആരംഭിക്കും: മുഖ്യമന്ത്രി

By Web Team  |  First Published Jun 24, 2021, 11:25 AM IST

കായിക താരങ്ങൾക്കായി നിലവിലെ പരിശീലന സൗകര്യം വർധിപ്പിക്കുന്നതിനൊപ്പം പുതിയ സൗകര്യം ഒരുക്കാനുള്ള ആലോചനയിലേക്ക് സർക്കാർ കടക്കുകയാണ്. സർക്കാരിന്റേയും സ്വകാര്യ സ്ഥാപനങ്ങളുടെയും കായിക പരിശീലന സൗകര്യങ്ങൾ സംയോജിപ്പിച്ച് കൂടുതൽ കായിക ഇനങ്ങൾക്കും താരങ്ങൾക്കും പരിശീലനം ഉറപ്പാക്കാനും ആലോചനയുണ്ട്.


തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ ആരംഭിക്കാൻ സർക്കാർ പദ്ധതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഒളിമ്പിക് അസോസിയേഷൻ സാർവദേശീയ ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്രായത്തിൽ തന്നെ കായിക പ്രതിഭകളെ കണ്ടെത്തേണ്ടത് പ്രധാനമാണ്. സ്‌കൂൾ ക്‌ളസ്റ്റർ അടിസ്ഥാനത്തിൽ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.

കായിക താരങ്ങൾക്കായി നിലവിലെ പരിശീലന സൗകര്യം വർധിപ്പിക്കുന്നതിനൊപ്പം പുതിയ സൗകര്യം ഒരുക്കാനുള്ള ആലോചനയിലേക്ക് സർക്കാർ കടക്കുകയാണ്. സർക്കാരിന്റേയും സ്വകാര്യ സ്ഥാപനങ്ങളുടെയും കായിക പരിശീലന സൗകര്യങ്ങൾ സംയോജിപ്പിച്ച് കൂടുതൽ കായിക ഇനങ്ങൾക്കും താരങ്ങൾക്കും പരിശീലനം ഉറപ്പാക്കാനും ആലോചനയുണ്ട്.

Latest Videos

undefined

കൊവിഡ് 19 കാരണം കഴിഞ്ഞ 18 മാസം കായിക താരങ്ങളുടെ പരിശീലനത്തിൽ കുറവുണ്ടായി. ഒളിമ്പിക്‌സ് അടുത്ത സമയത്ത് ഇത് കായികതാരങ്ങളുടെ പ്രകടന മികവിനെ ബാധിക്കാൻ ഇടയുണ്ട്. ഗൗരവത്തോടെ കാണേണ്ട വിഷയമാണിത്. ഇതിന് പരിഹാരം കാണാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണം. പൊതുകളിയിടം എന്ന ആശയം മുൻനിർത്തി ഓരോ പഞ്ചായത്തിലും കളിസ്ഥലം ഒരുക്കും. 14 ജില്ലകളിലും 4050 കോടി രൂപ ചെലവിൽ സ്‌പോർട്‌സ് കോംപ്‌ളക്‌സ് യാഥാർത്ഥ്യമാക്കുകയാണ്. 762 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 44 സ്‌പോർട്‌സ് സ്‌റ്റേഡിയങ്ങളുടെ നിർമാണം വേഗത്തിൽ പുരോഗമിക്കുന്നു. 50 കോടി രൂപ ചെലവിൽ ഗ്രാമീണ കളിക്കളങ്ങൾ പുനരുദ്ധരിക്കുന്നുണ്ട്. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ അടിസ്ഥാനത്തിൽ ലഘു വ്യായാമ പാർക്കുകളും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

കായികരംഗത്ത് ഒരു കാലത്ത് കേരളത്തിനുണ്ടായിരുന്ന മേൽകൈ വീണ്ടെടുക്കാനാവണം. കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കായികരംഗം നിശ്ചലമായി. രോഗനിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ കായിക വേദികളും പതിയെ ഉണരുകയാണ്. നമ്മുടെ നാട്ടിലും വൈകാതെ കായിക മത്‌സരം പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് 19 ന് ശേഷമുള്ള കായിക പരിശീലനവും മത്‌സരങ്ങളുടെ പുനരാരംഭിക്കലും എന്ന വിഷയത്തിലായിരുന്നു വെബിനാർ. കായിക മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

click me!