പരീക്ഷ പൂർത്തിയാക്കാൻ അധികസമയം അനുവദിച്ചില്ലെന്നും ഉത്തരക്കടലാസ് ഇൻവിജിലേറ്റർ തട്ടിപ്പറിച്ച് വാങ്ങിയെന്നും കാണിച്ച്, ഡിസ്ഗ്രാഫിയ ബാധിച്ച വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപനം നടത്തിയത്.
ദില്ലി: നീറ്റ് പരീക്ഷ (NEET exam) ബ്രോഷർ തയ്യാറാക്കുമ്പോൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക കോളം ഉണ്ടായിരിക്കണമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് (National Testing Agency) നിർദ്ദേശിച്ച് സുപ്രീം കോടതി (Supreme Court). എന്തൊക്കെ ആനുകൂല്യങ്ങളാണ് ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നതെന്ന് ബ്രോഷറില്‍ വ്യക്തമാക്കണം. നീറ്റ് പരീക്ഷ എഴുതുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പരിഗണിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന വിഷയത്തിൽ പരീക്ഷാകേന്ദ്രങ്ങളിലെ ഇൻവിജിലേറ്റർമാർക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരിശീലനം നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശത്തിൽ വ്യക്തമാക്കി. പരീക്ഷ പൂർത്തിയാക്കാൻ അധികസമയം അനുവദിച്ചില്ലെന്നും ഉത്തരക്കടലാസ് ഇൻവിജിലേറ്റർ തട്ടിപ്പറിച്ച് വാങ്ങിയെന്നും കാണിച്ച്, ഡിസ്ഗ്രാഫിയ ബാധിച്ച വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ്, എഎസ് ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രഖ്യാപനം നടത്തിയതെന്ന് ദ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പരീക്ഷ വീണ്ടും നടത്തണമെന്നും അല്ലെങ്കിൽ ഗ്രേസ് മാർക്ക് നൽകണമെന്നും അതുമല്ലെങ്കിൽ നെഗറ്റീവ് മാർക്ക് രേഖപ്പെടുത്തരുതെന്നും പരാതി നൽകിയ വിദ്യാർത്ഥി ആവശ്യപ്പെട്ടു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് വേണ്ടി അഡ്വക്കേറ്റ് രൂപേഷ് കുമാർ ഹാജരായി. പരീക്ഷ നടത്തി ഫലം പ്രഖ്യാപിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഗ്രൗണ്ട് ലെവലിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താറില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇൻവിജിലേറ്റർമാർക്കായി വെബിനാറുകൾ സംഘടിപ്പിച്ചിരുന്നു. പക്ഷേ ഗ്രൗണ്ട് ലെവലിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ചിലപ്പോൾ സാധിക്കാറില്ല. രൂപേഷ് കുമാർ പറഞ്ഞു. പരീക്ഷ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുനപരീക്ഷ നടത്തുന്നതും ഗ്രേസ് മാർക്ക് നൽകുന്നതും ബുദ്ധിമുട്ടാണെന്നും പ്രഖ്യാപിച്ച ഫലം മുഴുവൻ തിരുത്തേണ്ടി വരുമെന്നും അദ്ദേഹം വിശദമാക്കി.
undefined
'പരീക്ഷക്ക് ഇടയിലാണ് ഒരു മണിക്കൂർ അധികസമയം വേണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടത്. അതുകൊണ്ട് തന്നെ ഇൻവിജിലേറ്റർക്ക് വ്യവസ്ഥകൾ പരിശോധിക്കാൻ സമയം ലഭിച്ചില്ലെന്നുമാണ് വിശദീകരണം. 16 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ ഒരു വിദ്യാർത്ഥിയുടെ മാർക്ക് ലിസ്റ്റ് തിരുത്തിയാൽ മൊത്തം ലിസ്റ്റും തിരുത്തേണ്ട സാഹചര്യം വന്നേക്കാം. മറ്റ് വിദ്യാർത്ഥികൾക്കും ഈ മാറ്റം ബുദ്ധിമുട്ട് സൃഷ്ടിക്കും. ഗ്രേസ് മാർക്ക് നൽകിയാൽ ചിലപ്പോൾ മെറിറ്റിലുളള മറ്റ് വിദ്യാർത്ഥികളെ മറികടന്നേക്കാം.' അഡ്വക്കേറ്റ് രൂപേഷ് കുമാർ വിശദീകരിച്ചു. 16 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷ ഒരു വിദ്യാർത്ഥിക്ക് വേണ്ടി മാത്രം വീണ്ടും പരീക്ഷ നടത്താൻ ഉത്തരവിടുന്നത് ഉചിതമല്ലെന്ന് സുപ്രീം കോടതിയും ശരിവെച്ചു.
10,12 ക്ലാസുകളിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയിട്ടുണ്ടെന്നും സുപ്രീം കോടതിയുടെ ഇടപെടൽ കുട്ടിയുടെ ഭാവിയിൽ മാറ്റം വരുത്തിയേക്കാമെന്നും വിദ്യാർത്ഥിക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് രുഷഭ് വിദ്യാർത്ഥി പറഞ്ഞു. അധികാരത്തിന് വലിയ ഉത്തരവാദിത്വങ്ങളുണ്ടെന്നും ഈ വിഷയം ചർച്ച ചെയ്തിരുന്നുവെന്നും എന്തെങ്കിലും രീതിയിലുള്ള ഇളവ് അനുവദിച്ചാൽ അത് മറ്റ് വിദ്യാർത്ഥികളെക്കൂടി ബാധിക്കുമെന്നുമായിരുന്നു സുപ്രീം കോടതിയുടെ മറുപടി. ഹർജിയിൽ ഉത്തരവ് പുറപ്പെടുവിക്കും. കൂടാതെ പരീക്ഷ ബ്രോഷറിൽ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണ നൽകാൻ എൻടിഎയോട് നിർദ്ദശിക്കും. മാത്രമല്ല, ഇൻവിജിലേറ്റർമാരെ ഉചിതമായ പരിശീലനം നൽകാൻ അവരോട് ആവശ്യപ്പെടുമെന്നും ബെഞ്ച് വ്യക്തമാക്കി.