Sister Lini Memorial Smart Anganwadi : അക്ഷരവെളിച്ചമായി ലിനി സിസ്റ്റർ മെമ്മോറിയൽ സ്മാർട്ട് അംഗൻവാടി

By Web Team  |  First Published Dec 21, 2021, 12:21 PM IST

 ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് കുറത്തിപ്പാറയിൽ ലിനിയും കുടുംബവും താമസിച്ച വീടിനടുത്തായാണ് ലിനി സിസ്റ്റർ മെമ്മോറിയൽ സ്മാർട്ട് അംഗൻവാടി  നിർമ്മിച്ചിരിക്കുന്നത്.  



കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറ ​ഗ്രാമത്തിലെ കുരുന്നുകൾ അക്ഷരം പഠിക്കാനെത്തുന്നത് സിസ്റ്റർ ലിനിയുടെ പേരിലുളള സ്മാർട്ട് അം​ഗനവാടിയിലായിരിക്കും. നിപ്പ എന്ന ഭീകര രോഗം കേരളത്തെയാകെ ഭയത്തിന്‍റെ മുള്‍മുനകളില്‍ കൊരുത്തിട്ട ദിവസങ്ങളിൽ നേഴ്സായുള്ള തന്‍റെ സേവന ജീവിതത്തില്‍ ജീവൻ വെടിയേണ്ടി വന്ന ആളാണ് സിസ്റ്റർ ലിനി. ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡ് കുറത്തിപ്പാറയിൽ ലിനിയും കുടുംബവും താമസിച്ച വീടിനടുത്തായാണ് ലിനി സിസ്റ്റർ മെമ്മോറിയൽ സ്മാർട്ട് അംഗൻവാടി  നിർമ്മിച്ചിരിക്കുന്നത്.  സ്മാർട്ട് അംഗൻവാടിയുടെ ഉദ്ഘാടനം ടി.പി. രാമകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു.

പ്രദേശവാസികളുടെ കൂട്ടായ്മകൾ  ഗ്രാമപഞ്ചായത്തിന് വാങ്ങി നൽകിയ മൂന്ന് സെൻ്റ് സ്ഥലത്ത് ബ്ലോക്ക് പഞ്ചായത്താണ് അംഗൻവാടി നിർമ്മിച്ചത്. ലിനി - ദൈവത്തിൻ്റെ മാലാഖ വാട്സാപ്പ് കൂട്ടായ്മയുടെ രണ്ട് ലക്ഷം രൂപയും മസ്ജിദ്ദുൽ ഫറൂഖ് ജി.സി സി. കൂട്ടായ്മയുടെ ഒരു ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണത്തിനായി സ്ഥലം വാങ്ങി നൽകിയത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പത്ത് ലക്ഷം രൂപ ചെലവിട്ടാണ് ലിനി മെമ്മോറിയൽ സ്മാർട്ട് അംഗനവാടി കെട്ടിടം നിർമ്മിച്ചത്. സഹജീവികൾക്കായി സ്വന്തം ജീവിതം സമർപ്പിച്ച ദൈവത്തിൻ്റെ മാലാഖയുടെ ജ്വലിക്കുന്ന ഓർമയായി ഈ സ്മാരകം മാറും. പ്രദേശത്തെ വരും തലമുറകൾ ഇനി അറിവിൻ്റെയും വിവേകത്തിൻ്റെയും ആദ്യാക്ഷരങ്ങൾ കുറിക്കുക സിസ്റ്റർ ലിനിയുടെ പേരിലുള്ള അംഗനവാടിയിൽ നിന്നാണ്. ലിനിയുടെ നിഷ്കളങ്കമായ ചിരിയുള്ള ഛായ പടം ആലേഖനം ചെയ്ത കെട്ടിടമാണ് ഇനി പ്രദേശത്തെത്തുന്നവരെ ഇനി വരവേൽക്കുക.

Latest Videos

undefined

ആതുരശുശ്രൂഷയെ ഇഷ്ടപ്പെട്ടാണ് ലിനി നഴ്സിങ്ങ് തിരഞ്ഞെടുത്തത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്നു സിസ്റ്റര്‍ ലിനി. സൂപ്പിക്കടയിലെ സാബിത്തിനെ പരിചരിക്കുന്നതിനിടയിലാണ് ലിനിക്ക് നിപ്പ ബാധിച്ചത്. രോഗം സ്ഥിരീകരിച്ച ലിനി മരിക്കുന്നത് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ്. ചെമ്പനോട കുറത്തിപ്പാറയിലെ വീട്ടില്‍ ലിനിയുടെ ഓര്‍മ്മകളുമായി ഭര്‍ത്താവ് സജീഷും മക്കള്‍ റിഥുലും സിദ്ധുവുമുണ്ട്. മുന്നിലെത്തുന്ന രോഗികളെ തികഞ്ഞ ആത്മാര്‍ത്ഥതയോടും ദീനാനുകമ്പയോടും പരിചരിച്ചു അവര്‍. നിപ്പയെ തുടര്‍ന്ന് ലിനി മരിച്ചത് കേരളത്തെയൊന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. മാലാഖ എന്ന വാഴ്ത്തലുകള്‍ക്കുമപ്പുറം കര്‍മ മണ്ഡലത്തില്‍ തന്‍റെ ജീവന്‍ ത്യജിക്കേണ്ടി വന്ന ധീരയായ സ്ത്രീയായിരുന്നു ലിനി.

ലിനിയുടെ മക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു. സിസ്റ്റർ ലിനിയുടെ ഛായാപടം അനാഛാദനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ശശി നിർവഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. സിസ്റ്റർ ലിനിയുടെ ഛായാപടം വരച്ച പ്രദേശവാസിയായ നിജിലിനെ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. സുനിൽ ആദരിച്ചു. കുറത്തിപ്പാറ വാർഡ് മെംബർ ലൈസാ ജോർജ്ജ്, ആവള ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.


 

click me!