ഒന്നിൽ പിഴച്ചു, മൂന്നാം തവണ ഒന്നാമന്‍; സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രാജ്യത്തെ ഒന്നാമനായി ശുഭംകുമാര്‍

By Web Team  |  First Published Sep 25, 2021, 2:21 PM IST

2018 ലാണ് ആദ്യമായി സിവിൽ സർവ്വീസ് പരീക്ഷയെഴുതുന്നത്. എന്നാൽ പ്രിലിമിനറി പോലും കടക്കാൻ സാധിച്ചില്ല. തോറ്റുപിന്മാറാൻ ഈ ചെറുപ്പക്കാരൻ തയ്യാറല്ലായിരുന്നു. 2019 ല്‍ രണ്ടാം തവണ 290 റാങ്കിലെത്തി. മൂന്നാമത്തെ ശ്രമത്തിൽ രാജ്യത്തെ തന്നെ ഒന്നാമനായി. 



ദില്ലി: പരിശ്രമമാണ് വിജയത്തിലേക്കുള്ള ഏക മാർ​ഗം എന്നതിന്റെ ഏറ്റവും മികച്ച ഉദാ​ഹരണമാണ് ഇത്തവണത്തെ സിവിൽ സർവ്വീസ് (Civil service Exam) റാങ്ക് ജേതാവ് ശുഭം കുമാർ (Shubham Kumar). മൂന്നാമത്തെ ശ്രമത്തിലാണ് ഈ മിന്നുന്ന വിജയം ശുഭംകുമാർ കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്. ''ഐഎഎസ് (IAS) നേടി സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന ജനങ്ങളെ സേവിക്കണമെന്നായിരുന്നു എന്റെ ആ​ഗ്രഹം. അത് സാക്ഷാത്കരിക്കപ്പെട്ടു.'' ശുഭംകുമാറിന്റെ വാക്കുകൾ. ​ഗ്രാമങ്ങളുടെ വികസനം, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, രാജ്യത്തെ ​ഗ്രാമീണ മേഖലകളിലെ ദാരിദ്ര്യ നിർമ്മാർജ്ജനം എന്നീ മേഖലകളിലായിരിക്കും താൻ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും ശുഭം കുമാർ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മൂന്നാമത്തെ പരിശ്രമത്തിനൊടുവിലാണ് ശുഭം കുമാർ സിവിൽ സർവ്വീസ് പരീക്ഷയിലെ ഒന്നാമനാകുന്നത്. 

2019ലെ സിവിൽ സർവ്വീസ് പരീക്ഷയിൽ 290 -ാം റാങ്ക് നേടിയിരുന്നു ശുഭം. ഇപ്പോൾ പൂനെയിലെ ഇന്ത്യൻ ഡിഫൻസ് അക്കൗണ്ട് സർവ്വീസസിന്റെ പരിശീലനം നോടുകയാണ് ഇദ്ദേഹം. ഐഐടി ബോംബെയിൽ നിന്ന് സിവിൽ എഞ്ചിനീയറിം​ഗ് പഠനം പൂർത്തിയാക്കി, 2018ലാണ് ആദ്യമായി സിവിൽ സർവ്വീസ് പരീക്ഷയെഴുതുന്നത്. എന്നാൽ പ്രിലിമിനറി പോലും കടക്കാൻ സാധിച്ചില്ല. തോറ്റുപിന്മാറാൻ ഈ ചെറുപ്പക്കാരൻ തയ്യാറല്ലായിരുന്നു. രണ്ടാം തവണ 290 റാങ്കിലെത്തി. മൂന്നാമത്തെ ശ്രമത്തിൽ രാജ്യത്തെ തന്നെ ഒന്നാമനായി. ബീഹാറിലെ കുമാരിപൂർ ​ഗ്രാമത്തിൽ നിന്നുള്ള ശുഭം ഒരു ദിവസം എട്ട് മണിക്കൂർ വരെയാണ് പഠനത്തിനായി മാറ്റിവെച്ചിരുന്നത്.

Latest Videos

undefined

''ജനങ്ങളുടെ പുരോ​ഗതിക്കായി പ്രവർത്തിക്കാനുള്ള അതിവിപുലമായ മേഖലയാണ് ഐഎഎസ് നൽകുന്നത്. അതുകൊണ്ട് തന്നെയാണ് ഐഎഎസ് നേടാൻ പരിശ്രമിച്ചത്. എന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. പ്രത്യേകിച്ച് ​ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്.'' പാവപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ സാധിക്കുന്ന നിരവധി മേഖലകൾ നമുക്കുണ്ടെന്നും ശുഭം കുമാർ‌ വ്യക്തമാക്കി. 

സിവിൽ സർവ്വീസ് നേടാൻ മാതാപിതാക്കളും അധ്യാപകരും വളരെയധികം പിന്തുണച്ചു. ഇദ്ദേഹത്തിന്റെ  സഹോദരി ഭാഭ ആറ്റോമിക് റിസർച്ച് സെന്ററിൽ സയൻന്റിസ്റ്റായി ജോലി ചെയ്യുകയാണ്.  ''അച്ഛൻ എന്നെ വളരെയധികം പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്തിരുന്നു. പരീക്ഷയിൽ വിജയം നേടാൻ എപ്പോഴും പോസിറ്റീവ് മനോഭാവം നിലനിർത്താന്‌‍ എന്നെ സഹായിക്കുകയും ചെയ്തു.'' ബീഹാറിൽ ബാങ്ക് മാനേജരായി ജോലി ചെയ്യുകയാണ് ശുഭം കുമാറിന്റെ അച്ഛൻ. മുൻവർഷത്തെ ചോദ്യപേപ്പറുകളും മാതൃകാ പരീക്ഷകളും തനിക്ക് പരീക്ഷയെ നേരിടാൻ വളരെയധികം സഹായകമായെന്നും ശുഭം കുമാർ പറഞ്ഞു. മിന്നുന്ന വിജയം നേടി രാജ്യത്തിനാകെ അഭിമാനമായി മാറിയിരിക്കുകയാണ് 24കാരനായ  ശുഭം കുമാർ.  

click me!