ഹൃദയത്തേയും രക്തധമനികളേയും സംബന്ധിച്ച തന്‍മാത്രാ സംവിധാനങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ ഗവേഷണ കണ്ടെത്തലുകള്‍ സഹായകമാകുമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു.
തിരുവനന്തപുരം: പ്രമേഹരോഗികളിലെ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ 'സൈക്ലോഫിലിന്‍ എ' പ്രോട്ടീന്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ടെന്ന കണ്ടെത്തലുമായി ആര്‍ജിസിബി (രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി) ഗവേഷകര്‍. വിവിധ രോഗങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഈ പ്രോട്ടീന്‍റെ പ്രവര്‍ത്തനത്തെ നിയന്ത്രിച്ച് കൃത്യമായ മരുന്നുകളിലൂടെ ഹൃദ്രോഗസാധ്യത കുറയ്ക്കാനാകും.
ഹൃദയ ധമനികളുടെ ഭിത്തികളില്‍ അടിഞ്ഞുകൂടുന്ന കൊളസ്ട്രോള്‍ പാളിയിലെ വിള്ളല്‍ മൂലമാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. പാളിയിലെ വിള്ളല്‍ സ്വാഭാവികമായി ശരിയാകുന്നതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുന്നത് രക്തം കട്ടപിടിക്കുന്നതിന് കാരണമാകും. അത്തരം രക്തക്കട്ടകള്‍ ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും തടയുകയും ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യും. പ്രമേഹമുള്ളവര്‍ക്ക് രക്തക്കുഴലുകള്‍ സംബന്ധമായ രോഗങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവരിലെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നതില്‍ സൈക്ലോഫിലിന്‍ എയ്ക്ക് സുപ്രധാന പങ്കുണ്ടെന്നാണ് ഗവേഷണത്തിലൂടെ കണ്ടെത്തിയതെന്ന് ആര്‍ജിസിബി കാര്‍ഡിയോവാസ്കുലാര്‍ ഡിസീസസ് ആന്‍ഡ് ഡയബെറ്റിസ് ബയോളജി പ്രോഗ്രാം സയന്‍റിസ്റ്റ് ഡോ. സൂര്യ രാമചന്ദ്രന്‍ പറഞ്ഞു.
undefined
സൈക്ലോഫിലിന്‍ എയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിലൂടെ പാളിയിലെ വിള്ളല്‍ മൂലമുണ്ടാകുന്ന ഹൃദയാഘാതത്തിന്‍റെ അപകടസാധ്യത കുറയ്ക്കാനാകും. പ്രമേഹരോഗികളില്‍ രക്തക്കുഴലുകളുടെ വീക്കം കണ്ടെത്തുന്നതിനുള്ള സീറോളജിക്കല്‍ മാര്‍ക്കറായി ഈ രീതി ക്ലിനിക്കലായി വികസിപ്പിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. ഹൃദയത്തേയും രക്തധമനികളേയും സംബന്ധിച്ച തന്‍മാത്രാ സംവിധാനങ്ങളെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ ഗവേഷണ കണ്ടെത്തലുകള്‍ സഹായകമാകുമെന്ന് ആര്‍ജിസിബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ പറഞ്ഞു. അപകട സാധ്യത കണ്ടെത്തുന്നതിനും നൂതന മരുന്നുകളും ചികിത്സാ രീതികളും വികസിപ്പിക്കുന്നതിനും ഇത് ഊര്‍ജ്ജമേകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ ഗവേഷണ കണ്ടെത്തല്‍ രാജ്യാന്തര സെല്‍ ബയോളജി മാഗസിനായ 'സെല്‍സ്' അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ മൃതകോശങ്ങളെ വളരെ വേഗത്തില്‍ നശിപ്പിക്കുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുന്നതിന് സൈക്ലോഫിലിന്‍ എ പ്രോട്ടീന്‍ കാരണമാകുന്നു. ഹൃദയ-രക്തക്കുഴല്‍ സംബന്ധമായ അപകട സാധ്യതയുള്ള രോഗികളിലെ വീക്കം പരിഹരിക്കുന്നതില്‍ മൃതകോശങ്ങളുടേയും അവശിഷ്ടങ്ങളുടേയും നീക്കംചെയ്യല്‍ നിര്‍ണായകമാണെന്നും അവര്‍ വ്യക്തമാക്കി.
മരത്തില്‍ നിന്ന് ഇലകള്‍ ഉണങ്ങി വീഴുന്നതുപോലെ മനുഷ്യ ശരീരത്തിലെ കോശങ്ങളും നിര്‍ജീവമാക്കപ്പെടുന്ന പ്രക്രിയ 'അപ്പോപ്റ്റോസിസ്' എന്നറിയപ്പെടുന്നു. പൊഴിയുക എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണ് ഈ പദമുണ്ടായത്. മരണത്തിലെന്നപോലെ മൃതകോശങ്ങളേയും അവയുടെ സംസ്കരണ സ്ഥലത്തേക്ക് കൊണ്ടു പോകേണ്ടതുണ്ട്. നശിക്കുന്ന കോശങ്ങള്‍ മൃതകോശങ്ങളെ നീക്കം ചെയ്യുന്ന ഒരു തരം ശ്വേത രക്താണുക്കളെ (മാക്രൊഫേജ്) ആകര്‍ഷിക്കുന്നതിന് 'എന്നെ തിന്നോളൂ' എന്ന സൂചന പുറപ്പെടുവിക്കും. സ്വാഭാവികമായി മൃതകോശങ്ങളെ നശിപ്പിക്കുന്ന മാക്രൊഫേജുകളെ തടസ്സപ്പെടുത്തി മാക്രൊഫേജുകളെ തന്നെ നിര്‍ജീവമാക്കുന്ന പ്രക്രിയയെ സൈക്ലോഫിലിന്‍ എ ത്വരിതപ്പെടുത്തും.
അര്‍ബുദം, വൈറല്‍ അണുബാധ, ന്യൂറോഡിജെനറേഷന്‍ എന്നിവയുടെ ചികിത്സയില്‍ സൈക്ലോഫിലിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നവ പ്രയോജനകരമാണെന്ന് മരുന്ന് ഗവേഷണത്തിലും ക്ലിനിക്കല്‍ പരീക്ഷണത്തിലും ആഗോളതലത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രമേഹരോഗികളിലെ ഹൃദ്രോഗസാധ്യത ലഘൂകരിക്കാനാകുമെന്നതിനാലാണ് ഗവേഷണ കണ്ടെത്തല്‍ സുപ്രധാനമാകുന്നതെന്ന് ഡോ. സൂര്യ രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ഗവേഷണസംഘം വ്യക്തമാക്കി.