ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനത്തിനും സുരക്ഷിതമായ തിരിച്ചുവരവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി ചന്നി ആവശ്യപ്പെട്ടിരുന്നു.
ദില്ലി: റഷ്യൻ സൈനിക ആക്രമണത്തെത്തുടർന്ന് ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന പഞ്ചാബികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് അദ്ദേഹം കത്തയച്ചു. എസ്എഡി നേതാവ് ഹർസിമ്രത് കൗർ ബാദൽ, ആം ആദ്മി പാർട്ടിയുടെ ഭഗവന്ത് മാൻ, പഞ്ചാബ് ലോക് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് എന്നിവരും ഇന്ത്യക്കാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.
"നിരവധി വിദ്യാർത്ഥികളും മറ്റ് പഞ്ചാബ് സ്വദേശികളും ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. മാതാപിതാക്കളും കുടുംബാംഗങ്ങളും അവരുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണ്. അവിടെ താമസിക്കാനുള്ള സ്ഥലം, പണത്തിന്റെ ദൗർലഭ്യം മുതലായ നിരവധി പ്രശ്നങ്ങൾ അവർ അഭിമുഖീകരിക്കുന്നുണ്ട്. എസ് ജയശങ്കറിന് അയച്ച കത്തിൽ മുഖ്യമന്ത്രി ചന്നി പറഞ്ഞു,
undefined
പഞ്ചാബികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി എത്തിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ അടിയന്തരമായി ഒരുക്കണമെന്ന് അദ്ദേഹം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ രക്ഷാപ്രവർത്തനത്തിനും സുരക്ഷിതമായ തിരിച്ചുവരവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി ചന്നി ആവശ്യപ്പെട്ടിരുന്നു.
ഉക്രെയിനിൽ കുടുങ്ങിക്കിടക്കുന്ന പഞ്ചാബി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും എസ്എഡി നേതാവുമായ ഹർസിമ്രത് കൗർ ബാദൽ വെള്ളിയാഴ്ച ജയശങ്കറിനോട് അഭ്യർത്ഥിച്ചു. ഉക്രെയ്നിലെ വിവിധ കോളേജുകളിൽ പഠിക്കുന്ന പഞ്ചാബിൽ നിന്നുള്ള 33 വിദ്യാർത്ഥികളുടെ പട്ടിക അവർ സർക്കാരുമായി പങ്കുവെച്ചു.
ഉക്രെയ്നിലെ ഇന്ത്യൻ എംബസി വഴി അവിടെയുള്ള വിദ്യാർത്ഥികളുടെയും ഇന്ത്യൻ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ സംയുക്തമായ ശ്രമം ആവശ്യമാണെന്ന് ബാദൽ പറഞ്ഞു. വിദേശകാര്യ മന്ത്രാലയ സെക്രട്ടറിറീനാത്ത് സന്ധുവിനെ പ്രത്യേകം സമീപിച്ച്, ഉക്രെയ്നിലെ എംബസി വഴി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് എല്ലാ സഹായവും നൽകണമെന്ന് അഭ്യർത്ഥിച്ചു. നേരത്തെ, ആം ആദ്മി പാർട്ടിയുടെ ഭഗവന്ത് മാനും ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ ക്രമീകരണങ്ങൾ ചെയ്യണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.
പഞ്ചാബ് ലോക് കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അമരീന്ദർ സിങ്ങും "അവിടെ കുടുങ്ങിക്കിടക്കുന്ന നമ്മുടെ എല്ലാ പൗരന്മാരെയും സുരക്ഷിതമായി എത്രയും നേരത്തെ തിരിച്ചെത്തിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കണമെന്ന്" കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. ഉക്രെയ്‌നിൽ നിന്നുള്ള പൗരന്മാരുടെ സുരക്ഷിതമായ എത്തിച്ചേരലിന് ഇന്ത്യ ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞു.