എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും പ്ലസ് വണിന് സീറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി മറുപടി തേടിയത്.
കൊച്ചി : മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. രണ്ടാഴ്ചക്കുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം. എസ്എസ്എൽസിക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചിട്ടും പ്ലസ് വണിന് സീറ്റ് ലഭിച്ചില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി മറുപടി തേടിയത്. പ്ലസ് വൺ സീറ്റുകൾ ഉയർത്തണമെന്ന് കമ്മീഷൻ റിപ്പോർട്ടുണ്ടായിട്ടും സർക്കാർ നടപടി സ്വീകരിക്കാത്തത് വിദ്യാർഥികളുടെ ഭാവി ഇരുട്ടിലാക്കുമെന്നും വിഷയത്തിൽ അടിയന്തരമായി തീരുമാനം എടുക്കണമെന്നുമാണ് പ്രധാന ആവശ്യം. രണ്ടാഴ്ചക്ക് ശേഷം സിംഗിൾ ബെഞ്ച് ഹർജി പരിഗണിക്കും.
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രശ്നം ഇത്തവണം വലിയ പ്രതിസന്ധിയാണ് വിദ്യാർത്ഥികളിലുണ്ടാക്കിയത്. പത്താംക്ലാസിൽ ഫുൾ എപ്ലസ് കിട്ടിയ കുട്ടികൾക്ക് പോലും സീറ്റ് ലഭിച്ചിട്ടില്ല. വലിയ വിമർശനം നേരിടുമ്പോഴും പരിഹരിക്കപ്പെടുമെന്നാണ് സർക്കാർ ആവർത്തിക്കുന്നത്.
undefined
ഫുൾ എ പ്ലസ് കിട്ടിയിട്ടും സീറ്റില്ല; മലപ്പുറത്തെ വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധിയിൽ
അതിനിടെ കഴിഞ്ഞ ദിവസം വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു അടക്കം രംഗത്തെത്തിയിരുന്നു. മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കാൻ മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സ്പീക്കർ എഎൻ ഷംസീറിന്റെ സാന്നിധ്യത്തിൽ കട്ജുവിന്റെ വിമർശനം. പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജി വെച്ചു വീട്ടിൽ പോകണമെന്നും വിദ്യാർത്ഥികളുടെ ജീവിതം വെച്ച് കളിക്കരുതെന്നും കട്ജു തുറന്നടിച്ചു. പരിഹരിച്ചില്ലെങ്കിൽ അടുത്ത തെരുഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രചാരണവുമായി ഇറങ്ങുമെന്നായിരുന്നു സ്പീക്കറോട് കട്ജുവിന്റെ മുന്നറിയിപ്പ്.