Employment Registration : സീനിയോരിറ്റി നിലനിര്‍ത്തി എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാന്‍ അവസരം

By Web Team  |  First Published May 12, 2022, 9:34 AM IST

ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല.


തിരുവനന്തപുരം: വിവിധ കാരണങ്ങളാല്‍ 01/01/2000  മുതല്‍ 31/3/2022 വരെയുള്ള  കാലയളവില്‍  (രജിസ്ട്രേഷന്‍  കാര്‍ഡില്‍ റിന്യൂവല്‍  10/99  മുതല്‍  01/2022  വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍) എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ യഥാസമയം പുതുക്കാന്‍ കഴിയാതിരിക്കുന്നവര്‍ക്കും  ഈ കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാതെ റദ്ദായതിനുശേഷം റീ രജിസ്റ്റര്‍ ചെയ്തവര്‍ക്കും തനതു സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍  പുതുക്കാന്‍ അവസരം.

ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ചു നിയമാനുസൃതം  വിടുതല്‍ ചെയ്ത  സര്‍ട്ടിഫിക്കറ്റ് യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്  മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ മെഡിക്കല്‍ ഗ്രൗണ്ടിലോ ഉപരിപഠനത്തിനോ വേണ്ടി വിടുതല്‍ ചെയ്തവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്  മുഖേന ജോലി ലഭിച്ചിട്ടും മനപൂര്‍വമല്ലാത്ത കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാതെ ബന്ധപ്പെട്ട രേഖകള്‍ യഥാസമയം ഹാജരാക്കാന്‍ കഴിയാതെ സീനിയോരിറ്റി നഷ്ടമായവര്‍ക്കും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയല്ലാതെ സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച വിടുതല്‍ ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ (ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയത്) യഥാസമയം ഹാജരാക്കാന്‍ കഴിയാത്തവര്‍ക്കും മേല്‍പറഞ്ഞ ആനുകൂല്യം നല്‍കി സീനിയോറിറ്റി പുനസ്ഥാപിക്കാം.

Latest Videos

ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. ഇപ്രകാരം പുതുക്കുന്നതിനുള്ള അപേക്ഷകള്‍ മെയ് 31 വരെയുള്ള എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ജില്ലയിലെ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും സ്വീകരിക്കും. ഇങ്ങനെ സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് ഈ കാലയളവിലെ തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ഉദ്യോഗാര്‍ഥികള്‍ക്ക് എംപ്ലോയ്മെന്റ് വകുപ്പിന്റെ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും സ്മാര്‍ട്ട് ഫോണ്‍ മുഖേനയും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി പുതുക്കാമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04682222745.

click me!