ഒരു പെണ്‍കുട്ടി കൂടി ജീവനൊടുക്കി; ഒരൊറ്റ നഗരത്തില്‍ മാത്രം ഈ വർഷം ജീവനൊടുക്കുന്ന 24-ാമത്തെ നീറ്റ് വിദ്യാർത്ഥി

By Web Team  |  First Published Sep 19, 2023, 10:56 AM IST

ഈ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലെ രണ്ടാമത്തെ ആത്മഹത്യയാണിത്. ഓഗസ്റ്റ് മാസത്തില്‍ ആറ് വിദ്യാര്‍ത്ഥികളാണ് കോട്ടയില്‍ ആത്മഹത്യ ചെയ്തത്. 


കോട്ട: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 16 വയസുകാരി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ടയില്‍ ഒരു നീറ്റ് പരിശീലന സ്ഥാപനത്തില്‍ പഠിക്കുകയായിരുന്ന  പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് തിങ്കളാഴ്ച ജീവനൊടുക്കിയത്. ഉത്തര്‍പ്രദേശ് സ്വദേശിയായ പ്രിയ സിങ് (16) മുറിയില്‍ വെച്ച് കീടനാശിനി കുടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോട്ടയിലെ വിഗ്യാന്‍ നഗറില്‍ പേയിങ് ഗസ്റ്റായി താമസിക്കുകയായിരുന്നു പ്രിയ സിങ്. തിങ്കളാഴ്ച ഉച്ചയോടെ മുറിയില്‍ വെച്ച് കീടനാശിനി കുടിച്ച് അവശയായ വിദ്യാര്‍ത്ഥിനി ഛര്‍ദിക്കാന്‍ തുടങ്ങി. മറ്റ് വിദ്യാര്‍ത്ഥികളാണ് വിവരമറിഞ്ഞ് പ്രിയയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.

Latest Videos

undefined

രാജസ്ഥാനിലെ കോട്ട നഗരത്തില്‍ ഈ വര്‍ഷം ആത്മഹത്യ ചെയ്യുന്ന 24-ാമത്തെ നീറ്റ് കോച്ചിങ് വിദ്യാര്‍ത്ഥിനിയാണ് പ്രിയ സിങ്. ഈ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഇത്തരത്തിലെ രണ്ടാമത്തെ ആത്മഹത്യയും. ഓഗസ്റ്റ് മാസത്തില്‍ ആറ് വിദ്യാര്‍ത്ഥികളാണ് കോട്ടയില്‍ ആത്മഹത്യ ചെയ്തത്. അതേസമയം പ്രിയ സിങിന്റെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ അന്വേഷണം തുടരുകയാണെന്ന് ഡി.എസ്.പി ധരംവീര്‍ സിങ് പറ‍്ഞു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്താന്‍ പൊലീസ് അന്വേഷണത്തില്‍ കഴി‌ഞ്ഞിട്ടില്ല.

Read also: പഠനമുറി നിര്‍മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു; പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹത

നിരന്തരമുള്ള വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ സര്‍ക്കാറിന് മുകളില്‍ വലിയ സമ്മര്‍ദം തീര്‍ക്കുന്നുണ്ട്. ആത്മഹത്യാ പ്രവണത ഇല്ലാതാക്കാനുള്ള നിര്‍ദേശങ്ങള്‍ നഗരത്തിലെ കോച്ചിങ് സെന്ററുകള്‍ക്കും ഹോസ്റ്റലുകള്‍ക്കും പേയിങ് ഗസ്റ്റ് അക്കൊമഡേഷനുകള്‍ക്കും നല്‍കാനും കഴിഞ്ഞിട്ടില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

അതേസമയം നേരത്തെ ഒരു പെണ്‍കുട്ടി ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ നടത്തിയ പ്രസ്താവനയുടെ പേരില്‍ രാജസ്ഥാനിലെ മന്ത്രി ശാന്തി ധരിവാള്‍ വിവാദത്തിലായിരുന്നു. പ്രണയ നൈരാശ്യത്തിന്റെ പേരിലാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ വാദം. 

എന്നാല്‍ കുട്ടിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. കുട്ടിക്ക് പ്രണയബന്ധം ഉണ്ടായിരുന്നതിന് തെളിവുകളും പൊലീസിന് കണ്ടെത്താനായില്ല. മെഡിക്കല്‍, എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരീക്ഷകളുടെ പേരില്‍ കുട്ടികള്‍ക്ക് അധിക സമ്മര്‍ദം കൊടുക്കരുതെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് രക്ഷിതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

tags
click me!