NORKA Recruitment : മലയാളി നഴ്സുമാർക്ക് കൂടുതൽ അവസരങ്ങൾ: നോർക്ക റിക്രൂട്ട്മെന്റ് യു.കെയിലേക്കും

By Web Team  |  First Published Apr 6, 2022, 11:05 AM IST

നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും വൻതോതിലുള്ള ഒഴിവാണ് ഇവിടെ പ്രതീക്ഷിക്കുന്നത്.


തിരുവനന്തപുരം: മലയാളി നഴ്സുമാർക്ക് (Malayalee nurses) യുറോപ്പിൽ കൂടുതൽ അവസരങ്ങൾക്ക് വഴി തുറന്ന് ജർമനിക്കു പിന്നാലെ യു.കെയിലേക്കും നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് (NORKA Roots Recruitment) ആരംഭിക്കുന്നു. നോർക്ക റൂട്ട്സും ജർമൻ ഫെഡർ എംപ്ലോയ്മെന്റ് ഏജൻസിയുമായി ഒപ്പുവച്ച ട്രിപ്പിൽ വിൻ പദ്ധതി പ്രകാരം ജർമനിയിലേക്ക് റിക്രൂട്ടമെന്റിനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.

യു.കെ റിക്രൂട്ട്മെന്റിന്റെ ആദ്യഘട്ടമായി  ഇയോവിൽ ഡിസ്ട്രിക്ട് ഹോസ്പിറ്റൽ എൻ.എസ്.എച്ച്. ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം അനുബന്ധ ട്രസ്റ്റുകളിലേക്കുമാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും വൻതോതിലുള്ള ഒഴിവാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ബി.എസ്.സി, ജി.എൻ.എം, മിഡ് വൈഫറി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒ.ഇ.ടി/ ഐ.ഇ.എൽ.ടി.എസ് പരീക്ഷാ ഫീസ്, സി.ബി.ടി ചെലവുകൾ തിരികെ ലഭിക്കും. യു.കെയിൽ എത്തിച്ചേർന്നാൽ ഒ.എസ്.സി.ഇ ടെസ്റ്റ് എഴുതുന്നതിനുള്ള സഹായവും ലഭിക്കും. എട്ടു മാസത്തിനുള്ളിൽ ഒ.എസ്.സി.ഇ പാസാകേണ്ടതാണ്. ഇക്കാലയളവിൽ 24,882 യൂറോവരെ ശമ്പളം ലഭിക്കും. ഒ.എസ്.സി.ഇ നേടിക്കഴിഞ്ഞാൽ 25,665 മുതൽ 31,534 യൂറോ വരെ ശമ്പളം കിട്ടും.

Latest Videos

ട്രിപ്പിൾ വിൻ പദ്ധതി വഴി ജർമനിയിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റിന് നടപടി ആരംഭിച്ചതിന് ശേഷം കൂടുതൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് വ്യാപിക്കുന്നതിന്റെ ഭാഗമായാണ് നോർക്ക റൂട്ട്സ് യു.കെയിലേക്ക് നഴ്സുമാരെ അയക്കുന്നത്. റിക്രൂട്ട്മെന്റ് പൂർണമായും സൗജന്യമാണ്. വിശദാംശങ്ങൾക്ക്  www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.  0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സേവനവും ലഭ്യമാണ്. ഇ മെയിൽ uknhs.norka@kerala.gov.in.

click me!