ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; എറണാകുളം ജില്ലയിൽ സാക്ഷരരാകാൻ 5000 പേർ; എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിന് അവസരം

By Web Team  |  First Published Sep 16, 2022, 11:09 AM IST

സാക്ഷരതാ മിഷൻ പരിഷ്കരിച്ച് തയ്യാറാക്കിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയായിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുക. 120 മണിക്കൂർ ആയിരിക്കും ക്ലാസ്സുകളുടെ ദൈർഘ്യം. 


തിരുവനന്തപുരം: കേരളത്തിലെ സാക്ഷരതാ പ്രവർത്തനങ്ങൾക്ക് സർക്കാർ മികച്ച  പിന്തുണയും സാമ്പത്തിക സഹായവും നൽകിവരുന്നുണ്ട്. സാക്ഷരതാ പ്രവർത്തനങ്ങളുടെ ഫലമായി സമ്പൂർണ്ണ  സാക്ഷരത നേടിയ ആദ്യ ജില്ലയായി എറണാകുളം മാറിയെങ്കിലും പരിപൂർണ്ണതയിലേക്ക് എത്തണമെങ്കിൽ കുറച്ചുപേരെ കൂടി പരിഗണിക്കേണ്ടതുണ്ട്. ഇതിനായി കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പുതിയ സാക്ഷരതാ  പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം. ഇതു വഴി ജില്ലയിൽ 5000 പേരെ സാക്ഷരരാക്കാനാണ് ലക്ഷ്യമിടുന്നത്.

ജില്ലയിലെ 3750 സ്ത്രീകളെയും 1250 പുരുഷന്മാരേയും പദ്ധതിയിലൂടെ സാക്ഷരരാക്കും. എസ് .സി വിഭാഗത്തിൽ നിന്ന് 600 പേരും എസ്. ടി വിഭാഗത്തിൽ നിന്ന് 30 പേരും ന്യൂനപക്ഷ വിഭാഗത്തിൽ നിന്നായി 1200 പേരും ജനറൽ -മറ്റുള്ള വിഭാഗങ്ങളിൽ നിന്നുമായി 3170 പേരെയും ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.

Latest Videos

undefined

ആദിവാസി വിഭാഗങ്ങൾ, ട്രാൻസ്ജെൻഡർ - ക്വീയർ വിഭാഗങ്ങൾ, തീരദേശ മേഖലയിൽ ഉള്ളവർ, ന്യൂനപക്ഷങ്ങൾ, കശുവണ്ടി, ഫാക്ടറി തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ പലവിധ കാരണങ്ങളാൽ ഔപചാരിക വിദ്യാഭ്യാസത്തിന് പുറത്തു നിൽക്കേണ്ടിവന്ന മുഴുവൻ പേർക്കും പദ്ധതിയിലൂടെ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുന്നു.

കാലിക്കട്ട് സര്‍വകലാശാലാ പഠനവകുപ്പുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘാടകസമിതികൾ രൂപീകരിക്കും. ദേശീയ സാക്ഷരതാ മിഷന്റെ മാർഗ്ഗ നിർദ്ദേശം അനുസരിച്ച് എട്ടു മുതൽ 10 വരെയുള്ള പഠിതാക്കൾക്ക് ക്ലാസ് എടുക്കുന്നതിനായി പത്താംക്ലാസ് വിദ്യാഭ്യാസമുള്ള സന്നദ്ധരായ അധ്യാപകനെയോ അധ്യാപികയേയോ നിയമിക്കും. 

സാക്ഷരതാ മിഷൻ പരിഷ്കരിച്ച് തയ്യാറാക്കിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയായിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുക. 120 മണിക്കൂർ ആയിരിക്കും ക്ലാസ്സുകളുടെ ദൈർഘ്യം. അടിസ്ഥാന സാക്ഷരതയും ഗണിതവും ,ജീവിത നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത നൈപുണ്യ വികസനം, തുടർ വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രാധാന്യം നൽകിയായിരിക്കും ക്ലാസുകൾ സംഘടിപ്പിക്കുക.

വാർഡുതല സംഘാടക സമിതികൾ രൂപീകരിച്ച് നിരക്ഷരരുടെ അധിവാസ മേഖലകളുടെ പട്ടിക തയ്യാറാക്കും. ഒക്ടോബർ രണ്ടിന് സർവേ സംഘടിപ്പിക്കും. സർവ്വേ ടീം അംഗങ്ങൾ മൂന്ന് ടീമുകളായി  വീടുകൾ സന്ദർശിച്ച് നിരക്ഷരരുടെ പേര് വിവരങ്ങൾ സർവ്വേ ഫോറത്തിൽ രേഖപ്പെടുത്തി ക്രോഡീകരിക്കും. 

വാർഡ് തലത്തിൽ റിസോഴ്സ് പേഴ്സൺമാരെ നിയമിക്കും. വാർഡ് തലത്തിൽ സന്നദ്ധ അധ്യാപകരെ നിയമിച്ച് ഏകദിന പരിശീലനം നൽകും. ഡിസാസ്റ്റർ മാനേജ്മെൻറ്, ശിശു പരിചരണം, യോഗ, ലഹരി വിരുദ്ധ ക്ലാസുകൾ, ഫസ്റ്റ് എയ്ഡ്, റോഡ് ട്രാഫിക്, ആക്സിഡൻറ് മാനേജ്മെൻറ് , വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കൽ, ആധാർ കാർഡ് തുടങ്ങി നിരവധി വിഷയങ്ങൾ പഠനവിധേയമാക്കും. 2023 ജനുവരി 22 ന് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള മികവുത്സവം നടത്തും. പഠിതാക്കൾക്ക് സൗകര്യപ്രദമായ സമയത്ത് പരീക്ഷ എഴുതാനുള്ള അവസരം ഉറപ്പു വരുത്തും. അതാത് പഠന കേന്ദ്രത്തിലായിരിക്കും പരീക്ഷ നടത്തുന്നത്.
 

click me!