കൗൺസിലിംഗിനുള്ള തടസം സുപ്രീംകോടതി നീക്കിയതിന് പിന്നാലെയാണ് നടപടി. ഈ വര്‍ഷത്തേക്ക് നിലവിലെ മാനദണ്ഡം അനുസരിച്ച് മുന്നോക്ക സംവരണം നടപ്പാക്കാനാൻ അനുമതി നൽകിക്കൊണ്ടായിരുന്നു സുപ്രീംകോടതി ഉത്തരവ്.
ദില്ലി: നീറ്റ് പിജി കൗൺസിലിംഗ് (NEET PG Counselling) ഈ മാസം 12 മുതൽ തുടങ്ങുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി. കൗൺസിലിംഗിനുള്ള തടസം സുപ്രീംകോടതി നീക്കിയതിന് പിന്നാലെയാണ് നടപടി. ഈ വര്‍ഷത്തേക്ക് നിലവിലെ മാനദണ്ഡം അനുസരിച്ച് മുന്നോക്ക സംവരണം നടപ്പാക്കാൻ അനുമതി നൽകിക്കൊണ്ടായിരുന്നു സുപ്രീംകോടതി ഉത്തരവ്. മുന്നോക്ക സംവരണത്തിനുള്ള മാനദണ്ഡങ്ങളുടെ ഭരണഘടന സാധുത മാര്‍ച്ച് മാസത്തിൽ വിശദമായി പരിശോധിക്കാനും കോടതി തീരുമാനിച്ചു.
പിജി പ്രവേശനത്തിനായി കാത്തിരിക്കുന്ന ഡോക്ടര്‍മാരുടെ ഭാവി കണക്കിലെടുത്തായിരുന്നു സുപ്രീംകോടതി തീരുമാനം. ഈ വര്‍ഷത്തേക്ക് നിലവിലുള്ള മാനദണ്ഡം അനുസരിച്ച് മുന്നോക്ക സംവരണം നൽകി നീറ്റ് പിജി കൗണ്‍സിലിംഗ് പൂര്‍ത്തിയാക്കാനാണ് സുപ്രീംകോടതിയുടെ അനുമതി. മുന്നോക്ക സംവരണത്തിനുള്ള ഉയര്‍ന്ന വാര്‍ഷിക വരുമാന പരിധി ഈ വര്‍ഷത്തേക്ക് എട്ട് ലക്ഷം രൂപ തന്നെയായിരിക്കും. സംവരണ മാനദണ്ഡങ്ങളിൽ ഈ വര്‍ഷം മാറ്റങ്ങൾ നടപ്പാക്കാനാകില്ല എന്ന പാണ്ഡെ സമിതി ശുപാര്‍ശയാണ് കോടതി അംഗീകരിച്ചത്. അതേസമയം മുന്നോക്ക സംവരണത്തിനുള്ള മാനദണ്ഡങ്ങൾ വിശദമായി പരിശോധിക്കാൻ കോടതി തീരുമാനിച്ചു. അതിനായി മാര്‍ച്ച് മാസത്തിൽ കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മെഡിക്കൽ പ്രവേശനത്തിന് 27 ശതമാനം ഒ.ബി.സി സംവരണം ബാധകമാക്കിയ തീരുമാനം ശരിവെച്ചു കൂടിയാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. 27 ശതമാനം ഒബിസി സംവരണവും 10 ശതമാനം മുന്നോക്ക സംവരണവും മെഡിക്കൽ പ്രവേശനത്തിന് കൂടി ബാധകമാക്കാൻ കഴിഞ്ഞ ജൂലായ് മാസത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഒബിസി സംവരണത്തിനെന്ന പോലെ മുന്നോക്ക സംവരണത്തിനും എട്ട് ലക്ഷം രൂപ വാര്‍ഷിക വരുമാന പരിധി നിശ്ചയിച്ചതായിരുന്നു സുപ്രീംകോടതി ചോദ്യം ചെയ്തത്. വരുമാന പരിധി പുനഃപരിശോധിക്കുമെന്ന് ഉറപ്പുനൽകിയ കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധസമിതിക്ക് രൂപം നൽകി. വിദഗ്ധ സമിതി ശുപാര്‍ശ അനുസരിച്ച് ഈ വര്‍ഷത്തേക്ക് മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നും, മാറ്റങ്ങൾ അടുത്ത വര്‍ഷം മുതൽ നടപ്പാക്കാമെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയത്. തൽക്കാലം ഇത് അംഗീകരിച്ചാണ് സുപ്രീംകോടതി തീരുമാനം.