കൂടുതൽ സീറ്റുകൾ അനുവദിക്കുന്ന നടപടികൾ പൂർത്തിയാക്കാനാണ് നടപടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ദില്ലി: സെപ്തംബർ 1 മുതൽ ആരംഭിക്കാനിരുന്ന ബിരുദാനന്തര ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ് പിജി 2022 കൗൺസലിംഗ്, സെപ്റ്റംബർ 19 മുതൽ ആരംഭിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പുതിയ സീറ്റുകൾ ചേർക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ ദേശീയ മെഡിക്കൽ കമ്മീഷനെ (എൻഎംസി) അനുവദിക്കുന്നതിനായിട്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം തിങ്കളാഴ്ചത്തെ നീറ്റ് പിജി കൗൺസലിംഗ് മാറ്റിവച്ചത്.
undefined
കൗൺസിലിംഗ് ഷെഡ്യൂൾ രണ്ട് ദിവസത്തിനുള്ളിൽ മന്ത്രാലയം അപ്‌ലോഡ് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. "നീറ്റ് പിജി കൗൺസലിംഗ്, 2022 സെപ്തംബർ 1 മുതൽ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ഈ അധ്യയന വർഷത്തേക്കുള്ള പുതിയ ലെറ്റർ ഓഫ് പെർമിഷനുകൾ (LoPs) നൽകുന്ന പ്രക്രിയയിലാണ്. അത് സെപ്റ്റംബർ 15 ന് അവസാനിക്കും. അതിനാൽ, കൗൺസിലിംഗിൽ കൂടുതൽ സീറ്റുകൾ ഉൾപ്പെടുത്തുന്നതിനായി, സെപ്തംബർ 1 മുതൽ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന NEET PG കൗൺസലിംഗ്, 2022 വീണ്ടും ഷെഡ്യൂൾ ചെയ്യാൻ അതോറിറ്റി തീരുമാനിച്ചു," മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
സാധാരണയായി, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (ബിരുദാനന്തര ബിരുദം) ജനുവരിയിൽ നടത്തുകയും കൗൺസിലിംഗ് മാർച്ചിൽ ആരംഭിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ കൊവിഡ് 19 മഹാമാരിയെ തുടർന്ന് കഴിഞ്ഞ വർഷത്തെ പ്രവേശന പ്രക്രിയയിൽ കാലതാമസം നേരിട്ടിരുന്നു. ഈ വർഷത്തെ പരീക്ഷ മെയ് 21 ന് നടത്തുകയും ജൂൺ 1 ന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു. ഈ വർഷത്തെ നീറ്റ് പിജി കൗൺസലിംഗ് ഏകദേശം 60,000 സീറ്റുകളിലേക്കാണ് നടക്കാൻ സാധ്യത. ദേശീയ ക്വാട്ട സീറ്റുകൾ, സംസ്ഥാന മെഡിക്കൽ, ഡെന്റൽ കോളജുകൾ, കേന്ദ്ര, ഡീംഡ് യൂനിവേഴ്സിറ്റികൾ എന്നിവിടങ്ങളിലെ പ്രവേശനത്തിന് വിദ്യാർഥികൾക്ക് കൗൺസലിങ്ങിനിടെ ഇഷ്ടമുള്ള കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം.