മാനദണ്ഡങ്ങൾ പാലിച്ചില്ല; കോഴിക്കോട് സർവകലാശാലയുടെ പതിനൊന്ന് ബിഎഡ് കേന്ദ്രങ്ങളുടെ അംഗീകാരം റദ്ദാക്കി

By Web Team  |  First Published Nov 8, 2021, 9:43 AM IST

സർ‍വകലാശാലയുടെ 11 ബി എഡ് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്. ഉടൻ ഇവയ്ക്കെല്ലാം പുതിയ കെട്ടിടം അടക്കം കണ്ടെത്തുന്നതും പ്രായോഗികമല്ല. വിഷയം ചർച്ച ചെയ്യാൻ കോഴിക്കോട് സർവ്വകലാശാല സെനറ്റ് യോഗം ഉടൻ ചേരും. 


കോഴിക്കോട്: കോഴിക്കോട് സർവകലാശാലയുടെ ( Calicut University) 11 ബിഎഡ് (B.ed) കേന്ദ്രങ്ങൾക്കുള്ള അംഗീകാരം എൻസിടിഇ ( NCTE ) പിൻവലിച്ചു. മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടത്തിയാണ് നടപടി. 2014 മുതൽ എൻസിടിഇ പല മാനദണ്ഡങ്ങളിലും മാറ്റം വരുത്തുകയും, കോഴ്സ് കാലാവധി രണ്ട് വർ‍ഷമാക്കി ഉയർത്തുകയും ചെയ്തിരുന്നു. ഏഴ് വർഷമായിട്ടും അടിസ്ഥാന സൗകര്യങ്ങളിലടക്കം വേണ്ട മാറ്റങ്ങൾ വരുത്താതിരുന്നതാണ് ഇപ്പോൾ അംഗീകാരം നഷ്ടമാകുന്നതിലേക്ക് നയിച്ചിരിക്കുന്നത്.

Latest Videos

undefined

ഒരു പാട് വിദ്യാർത്ഥികളുടെ ഭാവി തന്നെ പ്രതിസന്ധിയിലാക്കുന്നതാണ് എൻസിടിഇയുടെ തീരുമാനം. പുതിയ അധ്യയന വർഷനത്തിലേക്കുള്ള പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് എൻസിടിഇ നടപടി വരുന്നത്. ശരാശരി അമ്പത് സീറ്റ് വച്ചാണ് ഓരോ കേന്ദ്രത്തിലുമുള്ളത്. 

സർ‍വകലാശാലയുടെ 11 ബി എഡ് കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ്. ഉടൻ ഇവയ്ക്കെല്ലാം പുതിയ കെട്ടിടം അടക്കം കണ്ടെത്തുന്നതും പ്രായോഗികമല്ല. വിഷയം ചർച്ച ചെയ്യാൻ കോഴിക്കോട് സർവ്വകലാശാല സെനറ്റ് യോഗം ഉടൻ ചേരും. അംഗീകാരം പെട്ടന്ന് പുനസ്ഥാപിക്കുകയെന്നതിനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ സീറ്റുകൾ നഷ്ടപ്പെടാതിരിക്കാനും അഡ്മിഷൻ നൽകിയ വിദ്യാർത്ഥികളുടെ കാര്യത്തിൽ എന്ത് ചെയ്യാൻ പറ്റുമെന്നുമായിരിക്കും സെനറ്റ് ചർച്ച ചെയ്യുക.  

click me!