National Youth Day : സ്വാമി വിവേകാനന്ദന്റെ ജന്മദിനം ദേശീയ യുവജന ദിനമായി ആചരിക്കുന്നതെന്തു കൊണ്ട്?

By Web Team  |  First Published Jan 12, 2022, 11:59 AM IST

 ഇന്ത്യയൊട്ടാകെ ദേശീയ യുവജനദിനമായി ആചരിക്കുകയാണ്. 1985 ലാണ് കേന്ദ്ര സ‍‍ർക്കാ‍ർ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി പ്രഖ്യാപിച്ചത്. 


സ്വാമി വിവേകാനന്ദന്റെ (Swami Vivekananda) 159ാം ജന്മദിനമാണ് 2022 ജനുവരി 12. ഇന്ന് ഇന്ത്യയൊട്ടാകെ ദേശീയ യുവജനദിനമായി INational Youth Day) ആചരിക്കുകയാണ്. 1985 ലാണ് കേന്ദ്ര സ‍‍ർക്കാ‍ർ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ യുവത്വത്തെ പ്രചോദിപ്പിക്കാൻ സ്വാമി വിവേകാനന്ദന്റെ പ്രബോധനങ്ങൾ സഹായിച്ചിട്ടുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ആശയ സമ്പുഷ്ടമായ പ്രസം​ഗങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്ന്. 

കൊൽക്കത്തയിലെ ഉത്തരഭാഗത്തെ സിംല എന്ന പട്ടണത്തിലെ ഒരു സമ്പന്നകുടുംബത്തിൽ നിയമപണ്ഡിതനും അഭിഭാഷകനുമായിരുന്ന വിശ്വനാഥ്‌ ദത്തയുടെയും വിദ്യാസമ്പന്നയും പുരാണപണ്ഡിതയുമായിരുന്ന ഭുവനേശ്വരിയുടെയും പത്തു മക്കളിൽ ആറാമത്തെ പുത്രനായിട്ടാണ് 1863 ജനുവരി 12ന് സ്വാമി വിവേകാനന്ദൻ എന്ന നരേന്ദ്രനാഥ് ദത്ത ജനിച്ചത്. അദ്ദേഹം കുട്ടിക്കാലം മുതൽ ആത്മീയതയിലേക്ക് ചായ്‌വുള്ള വ്യക്തിയായിരുന്നു. വളരെ ചെറുപ്പം മുതലേ ധ്യാനം പരിശീലിച്ച വിവേകാനന്ദൻ ബ്രഹ്മസമാജ പ്രസ്ഥാനത്തിൽ ചേർന്നു. ദേശസ്നേഹികളിൽ ഒരാളായ അദ്ദേഹമാണ് ഇന്ത്യൻ തത്ത്വചിന്തകളും വേദാന്തവും യോഗയും പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തിയത്.

Latest Videos

undefined

പ്രപഞ്ചത്തെയും ഈശ്വരനെയും സംബന്ധിച്ച നിരവധി  ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു നരേന്ദ്രന്റെ മനസ്സ്. ശ്രീരാമകൃഷ്ണ പരമഹംസനുമായുള് കൂടിക്കാഴ്ചയായിരുന്നു നരേന്ദ്രന്റെ ജീവിതത്തിലെ വഴിത്തിരിവ്, ഈശ്വരനെ കാണാൻ കഴിയുമോ എന്ന ചോദ്യത്തിന്‌ 'ആത്മാർത്ഥമായി ഈശ്വരദർശനത്തിന്‌ ആഗ്രഹിക്കുന്നവന്‌ ഈശ്വരൻ പ്രത്യക്ഷപ്പെടും'എന്നായിരുന്നു നരേന്ദ്രന് ലഭിച്ച മറുപടി. നരേന്ദ്രൻ തന്റെ ആത്മീയഗുരുവിനെ ആണ്‌ ശ്രീരാമകൃഷ്ണനിൽ കണ്ടത്‌. ശ്രീരാമകൃഷ്ണനാകട്ടെ നരേന്ദ്രനിൽ തന്റെ പിൻഗാമിയെയും കണ്ടെത്തി.

ശ്രീരാമകൃഷ്ണന്റെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ ഒരു ഭാരതപര്യടനത്തിനായി വിവേകാനന്ദൻ പുറപ്പെട്ടു. കന്യാകുമാരി കടലിൽ കണ്ട ഒരു വലിയ പാറയിലേക്ക്‌ നീന്തി ചെന്ന അദ്ദേഹം 3 ദിവസം (1892 Dec 25,26,27) അവിടെ ധ്യാനനിരതനായി ഇരുന്നു. ഒരു നവചൈതന്യവുമായാണ്‌ അദ്ദേഹം തിരിച്ചെത്തിയത്‌. ഈ പാറയാണ്‌ പിന്നീട്‌ വിവേകാനന്ദപ്പാറ ആയി മാറിയത്‌.  കന്യാകുമാരിയിലെ ധ്യാനത്തിലിരിക്കെയാണ് ഷിക്കാഗോഗയിലെ മതസമ്മേളനത്തിൽ പങ്കെടുക്കണമെന്ന്  തീരുമാനിച്ചത്. 1893 സെപ്റ്റംബർ11ന് നടത്തിയ 'അമേരിക്കയിലെ എന്റെ സഹോദരി സഹോദരന്മാരെ' എന്നു തുടങ്ങുന്ന വിഖ്യാതമായ പ്രസംഗം അമേരിക്കയുടെ ആത്മാവിനെ ആത്മാർത്ഥമായി സ്പർശിച്ചു. 39ാമത്തെ വയസ്സിലാണ് സ്വാമി വിവേകാനന്ദൻ സമാധിയാകുന്നത്. 
 

click me!