പുതിയ സാഹചര്യത്തിൽ ലോകത്തെല്ലായിടത്തും വിവിധ മേഖലകളിൽ തൊഴിലുകൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കേരള നോളജ് എക്കണോമി മിഷൻ (kerala knowledge economy mission) പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായുള്ള 'എന്റെ തൊഴിൽ എന്റെ അഭിമാനം' (my job my pride) പ്രചാരണ പരിപാടിയുടെയും സർവ്വേയുടെയും മാർഗ്ഗരേഖ (guidelines) തയ്യാറായതായി മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കേരള നോളജ് എക്കണോമി മിഷൻ മുഖേന തൊഴിലന്വേഷകരെയും തൊഴിൽദാതാക്കളെയും ബന്ധിപ്പിക്കുന്നതിന് വികസിപ്പിച്ച ഓൺലൈൻ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ എൻട്രോൾ ചെയ്യുന്നതിന് വേണ്ടിയാണ് 'എന്റെ തൊഴിൽ എന്റെ അഭിമാനം' എന്ന പ്രചാരണ പരിപാടി നടത്തുന്നത്. പുതിയ സാഹചര്യത്തിൽ ലോകത്തെല്ലായിടത്തും വിവിധ മേഖലകളിൽ തൊഴിലുകൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
2026 ഓടെ കേരള നോളജ് എക്കണോമി മിഷന്റെ ഭാഗമായി 20ലക്ഷം അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് ജോലി നൽകാനാണ് ലക്ഷ്യമിടുന്നത്. 18 വയസു മുതൽ 59 വരെയുള്ള വ്യക്തികളുടെ വിവരങ്ങളാണ് സർവ്വേയുടെ ഭാഗമായി ശേഖരിക്കുക. നോളജ് എക്കണോമി മിഷനെക്കുറിച്ച് അറിവ് നൽകുന്നതോടൊപ്പം പത്തു ലക്ഷം പേരെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യിക്കാനും ഈ സർവേയിലൂടെ ലക്ഷ്യമിടുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഇതിന്റെ ഫീൽഡ് തല പ്രവർത്തനങ്ങൾക്കായി കുടുംബശ്രീ മുഖേന കമ്മ്യൂണിറ്റി അംബാസഡർമാരെ നിയമിക്കും. ഒരു സിഡിഎസിന് കീഴിൽ ഒരു അംബാസിഡർ എന്ന നിലയിലായിരിക്കും ഇവരെ നിയോഗിക്കുക. ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശങ്ങളടങ്ങിയ മാർഗരേഖ പ്രസിദ്ധീകരിച്ചതായും മന്ത്രി അറിയിച്ചു.