അതിഥി തൊഴിലാളികളുടെ മക്കൾക്കായി റോഷ്നി പദ്ധതി ആറാം ഘട്ടം; കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തും

By Web Team  |  First Published Apr 16, 2022, 4:59 PM IST

പദ്ധതിയുടെ ആറാം ഘട്ടമാണ് അടുത്ത അധ്യയന വർഷം ആരംഭിക്കുന്നത്.


എറണാകുളം: അതിഥി തൊഴിലാളികളുടെ (school students) കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന (Roshni Project) റോഷ്നി പദ്ധതി വിപുലമാക്കുന്നു. പദ്ധതിയുടെ പ്രയോജനം കൂടുതൽ കുട്ടികളിലേക്ക് എത്തിക്കും. പഠന മികവിനായി വിവിധ പരിപാടികളും നടപ്പാക്കും. അടുത്ത അധ്യയന വർഷം മുതൽ റോഷ്നി പദ്ധതി കൂടുതൽ മികവോടെ നടപ്പാക്കാനും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.ജീവൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. പദ്ധതിയുടെ ആറാം ഘട്ടമാണ് അടുത്ത അധ്യയന വർഷം ആരംഭിക്കുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി നിലവിൽ വിദ്യാലയങ്ങൾ നടപ്പാക്കുന്ന പദ്ധതികൾ റോഷ്നി പഠിതാക്കളിലും നടപ്പാക്കും. വിദ്യാർത്ഥികളുടെ വിവരങ്ങൾ ക്രോഡീകരിക്കുന്ന സമ്പൂർണ്ണ പോർട്ടലിൽ ഇവരെയും ഉൾപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും. ആറായിരത്തിലധികം അതിഥി തൊഴിലാളികളുള്ള ജില്ലയിൽ 2000 കുട്ടികളെയെങ്കിലും പദ്ധതിയുടെ ഭാഗമാക്കണമെന്ന് കെ.ജീവൻ ബാബു നിർദ്ദേശിച്ചു.

Latest Videos

വിവിധ സംഘടനകളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും സഹകരണത്തോടെ കുട്ടികൾക്കുള്ള പ്രഭാത ഭക്ഷണം വിദ്യാലയങ്ങളിൽ തന്നെ നൽകും. ബ്ലോക്ക് റിസോഴ്സ് സെന്ററുകളുടെ സേവനങ്ങൾ റോഷ്നി പഠിതാക്കൾക്കു കൂടി പ്രയോജനപ്പെടുത്തും. കുട്ടികൾക്ക്  പഠനാരംഭത്തിനു മുമ്പായി സ്കൂളുമായി പൊരുത്തപ്പെടുന്നതിനുള്ള ബോധവത്കരണ പരിപാടികളും നടപ്പാക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയായിരിക്കും വിദ്യാഭ്യാസ രീതി. വിദ്യാർത്ഥികൾ ഇടയ്ക്കുവച്ച് പഠനം നിർത്തുന്നത് കുറയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.ഭാരത് പെട്രോളിയം കോർപറേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

click me!