എപ്പോഴാണ് സ്കൂൾ തുറക്കുന്നതെന്നും സ്കൂളിൽ പോകാൻ സാധിക്കുന്നതെന്നും ചോദിച്ച് പ്രജ്ന എന്ന പെൺകുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് അദ്ദേഹം കുട്ടിയെ നേരിട്ട് വിളിച്ചത്.
തമിഴ്നാട്: നവംബർ ഒന്നിന് തന്നെ സ്കൂൾ തുറക്കുമെന്ന് വിദ്യാർത്ഥിനിക്ക് ഉറപ്പു നൽകി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കർണാടക തമിഴ്നാട് അതിർത്തിയിലുള്ള ഹൊസൂരിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് മുഖ്യമന്ത്രിയുടെ കോൾ എത്തിയത്. നവംബർ ഒന്നിന് തന്നെ സ്കൂൾ തുറക്കും, സ്കൂളിൽ പോകാം. മുഖ്യമന്ത്രി വിദ്യാർത്ഥിനിക്ക് ഉറപ്പു നൽകി. എപ്പോഴാണ് സ്കൂൾ തുറക്കുന്നതെന്നും സ്കൂളിൽ പോകാൻ സാധിക്കുന്നതെന്നും ചോദിച്ച് പ്രജ്ന എന്ന പെൺകുട്ടി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് അദ്ദേഹം കുട്ടിയെ നേരിട്ട് വിളിച്ചത്. ഹൊസൂരിലെ ടൈറ്റൻ ടൗൺഷിപ്പിലാണ് പ്രജ്ന താമസിക്കുന്നത്. കത്തിൽ തന്റെ ഫോൺനമ്പറും പ്രജ്ന ഉൾപ്പെടുത്തിയിരുന്നു.
ഒട്ടും ആശങ്കപ്പെടേണ്ടതില്ലെന്നും കൊവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യണം. അതുപോലെ നന്നായി പഠിക്കണമെന്നും സ്റ്റാലിൻ കുട്ടിക്ക് ഉപദേശം നൽകി. മുഖ്യമന്ത്രി നേരിട്ട് സംസാരിച്ചതിന്റെ അവിശ്വസനീയത അവസാനിച്ചിട്ടില്ലെന്ന് പ്രജ്ന പറയുന്നു. സ്കൂൾ എപ്പോൾ തുറക്കും എന്നറിയാൻ വേണ്ടിയാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.