MG University Exam : ആശങ്ക വേണ്ട, കൊവിഡ് കാരണം എഴുതാൻ കഴിയാത്തവർക്ക് ഉടൻ പരീക്ഷ നടത്തുമെന്ന് എംജി സർവകലാശാല

By Web Team  |  First Published Jan 21, 2022, 8:03 PM IST

കൊവിഡ് കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ആദ്യ അവസരമായി തന്നെ പിന്നീട് പരീക്ഷയെഴുതാം. ഇതിനായി കൊവിഡ് രോഗബാധ സംബന്ധിച്ച രേഖകൾ ഹാജരാക്കിയാൽ മതിയാകും.


കോട്ടയം: പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് എംജി സർവകലാശാല (MG University). കൊവിഡ് (Covid) കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ആദ്യ അവസരമായി തന്നെ പിന്നീട് പരീക്ഷയെഴുതാം. ഇതിനായി കൊവിഡ് രോഗബാധ സംബന്ധിച്ച രേഖകൾ ഹാജരാക്കിയാൽ മതിയാകും. സെമസ്റ്റർ യഥാർത്ഥ സമയ ക്രമത്തിലേക്ക് തിരികെ കൊണ്ടുവരാൻ വേണ്ടിയാണ് പരീക്ഷ മാറ്റാത്തതെന്നും സർവകലാശാല അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് വിശദീകരണം.

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പരീക്ഷകളുമായി മുന്നോട്ട് പോവുകയാണ് എംജി സർവകലാശാല. വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ വകവയ്ക്കാതെ പിജി രണ്ടാം സെമസ്റ്റർ പരീക്ഷകൾക്ക് ഇന്ന് തുടക്കമായി. ഹോസ്റ്റലുകളിലും കോളേജുകളിലും കൊവിഡ് പകരുന്നതിനിടെയാണ് സർവകലാശാല പരീക്ഷകൾ നടത്തുന്നത്.

Latest Videos

undefined

സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലും ഹോസ്റ്റലുകളിലും രോഗത്തിന്റെ അതിതീവ്ര വ്യാപനമുണ്ട്. ചില ഹോസ്റ്റലുകൾ ക്ലസ്റ്ററുകളുമാണ്. ഇതിനിടെ കോട്ടയത്തെ ഹോസ്റ്റലുകളിൽ ചിക്കൻപോക്സ് വ്യാപനവുമുണ്ട്. ഈ സാഹചര്യത്തിലാണ് രോഗബാധിതരായ ഒട്ടേറെ കുട്ടികൾ സർവകലാശാല അധികൃതരോട് പരാതിയും ആശങ്കയും അറിയിച്ചത്. ഇത് കണക്കിലെടുക്കാതെ പരീക്ഷയുമായി മുന്നോട്ടുപോകാനാണ് സർവ്വകലാശാല തീരുമാനം.

പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി വൈസ് ചാൻസലർ, പരീക്ഷ കൺട്രോളർ ഉൾപ്പെടെയുള്ളവരെ ബന്ധപ്പെട്ടെങ്കിലും വിദ്യാർത്ഥികൾക്ക് മറുപടി കിട്ടിയിട്ടില്ല. അധ്യാപകരും ആശങ്ക അറിയിച്ചിരുന്നു. കോളേജുകൾക്ക് സർക്കാർ ഇളവ് അനുവദിക്കാത്തതിനാൽ പരീക്ഷ മാറ്റിവയ്ക്കാൻ കഴിയില്ലെന്നാണ് സർവകലാശാല നിലപാട്.

click me!