പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കണ്ണൂര്‍, കേരള, എംജി സര്‍വ്വകലാശാല പരീക്ഷകളില്‍ മാറ്റം

By Web Team  |  First Published Sep 22, 2022, 8:13 PM IST

നാളെ നടത്താൻ നിശ്ചയിച്ച പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പി എസ് സി അറിയിച്ചു. 


തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയും കേരള സര്‍വകലാശാലയും, കണ്ണൂര്‍ സര്‍വ്വകലാശാലയും നാളെ (സെപ്റ്റംബര്‍ 23) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കേരള നഴ്സിങ് കൌണ്‍സില്‍ നാളെ നടത്താനിരുന്ന പരീക്ഷകള്‍ക്കും മാറ്റം. എന്നാല്‍ നാളെ നടത്താൻ നിശ്ചയിച്ച പി എസ് സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പി എസ് സി അറിയിച്ചു. എൻഐഎ റെയ്‍ഡിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തുന്നത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ മാത്രം ഒഴിവാക്കും. ഹർത്താലിനോട് അനുബന്ധിച്ച് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചുകൾ നടത്തുമെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വം അറിയിച്ചു.

പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപക നീക്കമാണ് ഇന്ന് എൻഐഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും നടത്തിയത്. പുലർച്ചെ ഒരു മണിക്ക് രഹസ്യ ഓപ്പറേഷൻ എൻ ഐ തുടങ്ങുകയായിരുന്നു. കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എൻഐഎ, ഇഡി ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എത്തിയത്. റെയ്ഡ് നിരീക്ഷിക്കാൻ പലയിടത്തായി ആറു കൺട്രോൾ റൂമുകൾ തയ്യാറാക്കിയിരുന്നു. 1500 ലധികം ഉദ്യോഗസ്ഥർ റെയിഡുകളിൽ പങ്കെടുത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഓപ്പറേഷൻ നേരിട്ട് നിരീക്ഷിച്ചു എന്നാണ് സൂചന. ദില്ലിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎ രൂപീകരിച്ച ശേഷമുള്ള ഈ ഏറ്റവും വലിയ ഓപ്പറേഷൻ. 

Latest Videos

undefined

തെക്കേ ഇന്ത്യയ്ക്കും ദില്ലിക്കും മഹാരാഷ്ട്രയ്ക്കും പുറമെ അസമിലും ബീഹാറിലും യുപിയിലും ബംഗാളിലുമൊക്കെ റെയ്ഡ് നടന്നു. പലയിടത്തും പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്തു. ഭീകരവാദത്തിന് പണം വന്നതിനും, പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയതിനും, നിരോധിച്ച സംഘടനകളിൽ ആളെ ചേർക്കുന്നതിനും രജിസ്റ്റർ ചെയ്ത കേസിലായിരുന്നു നീക്കം. വിദേശത്ത് നിന്നുള്ള ഫണ്ടിംഗിന്‍റെ സൂചനകൾ കിട്ടിയതായാണ് വിശദീകരണം.  രാജസ്ഥാനിൽ എസ്ഡിപിഐ നേതാക്കളും അറസ്റ്റിലായി. നൂറിലധികം ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുത്തു. ചിലരുടെ വീട്ടിൽ നിന്ന് പണം പിടിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു.  ആന്ധ്രയിലെയും തെലങ്കാനയിലെയും പിഎഫ് ഐ നേതാക്കൾക്കെതിരായ കേസും അടുത്തിടെ എൻഐഎ ഏറ്റെടുത്തിരുന്നു. തെലങ്കാനയിലെ 40 കേന്ദ്രങ്ങളിൽ എൻഐ കഴിഞ്ഞയാഴ്ച റെയ്‍ഡ് നടത്തി. അതിന് പിന്നാലെയാണ് ദേശീയ നേതാക്കളെ തന്നെ അറസറ്റ് ചെയ്തുകൊണ്ടുള്ള ഇന്നത്തെ നീക്കം. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് പിഎഫ്ഐ പ്രതികരിച്ചു. തുടർനീക്കങ്ങൾ വരും ദിവസങ്ങളിലുമുണ്ടാകുമെന്നാണ് എൻഐഎ നല്‍കുന്ന സൂചന.
 

 

click me!