ഡിജിറ്റൽ സർവകലാശാല, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, വിവിധ സർവകലാശാലകൾ, ഐ.എച്ച്.ആർ.ഡി, എൽ.ബി.എസ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എന്നീ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുക.
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകൾ, സർവകലാശാലകൾ, മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽ ഓൺലൈൻ ക്ലാസ്, പരീക്ഷ എന്നിവയുൾപ്പെടെയുള്ള പാഠ്യപദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാങ്കേതിക സംവിധാനം ഒരുക്കാൻ 'ലെറ്റസ് ഗോ ഡിജിറ്റൽ' പദ്ധതിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഇതിനായി 100 ദിവസത്തിനുള്ളിൽ വിപുലമായ ലേണിംഗ് പ്ലാറ്റ്ഫോം വികസിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഡിജിറ്റൽ സർവകലാശാല, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, വിവിധ സർവകലാശാലകൾ, ഐ.എച്ച്.ആർ.ഡി, എൽ.ബി.എസ്, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല എന്നീ സ്ഥാപനങ്ങളെ ഏകോപിപ്പിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് പദ്ധതി നടപ്പാക്കുക. കേരളത്തിലെ മുഴുവൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും അധ്യയനം പൊതുവായ ലേണിംഗ് മാനേജ്‌മെന്റ് സംവിധാനത്തിലൂടെയാക്കുക, പരീക്ഷയുൾപ്പെടെ പാഠ്യപദ്ധതി ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിഷ്‌ക്കരിക്കുക, ഉപകരണ ലഭ്യത, ഡാറ്റ ലഭ്യത തുടങ്ങിയ കാര്യങ്ങളിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം.
undefined
ഉന്നതവിദ്യാഭ്യാസ കൗൺസിലും ഡിജിറ്റൽ സർവകലാശാലയും യോജിച്ചു തയ്യാറാക്കിയ എൽ.എം.എസ് മറ്റ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കും. അടുത്ത 100 ദിവസത്തിനുള്ളിൽ മൂഡിൽ എലിമന്റ് ഉപയോഗിച്ച് വിപുലമായ ലേണിംഗ് പ്ലാറ്റ്ഫോം വികസിപ്പിക്കും. ഇതിന്റെ കേന്ദ്രീകൃത ക്ലൗഡ് സ്‌പേസ് ഡിജിറ്റൽ സർവകലാശാലയുടെ സഹായത്തോടെ ലഭ്യമാക്കും. സ്റ്റേറ്റ് ഡേറ്റാ സെന്റർ, മറ്റ് ക്ലൗഡ് പ്രൊവൈഡർ കമ്പനികൾ എന്നിവയുടെ സഹായം സ്വീകരിക്കും.
കാൾ നെറ്റ് എന്ന ശൃംഖല വഴി സർവകലാശാല ലൈബ്രറികളെ പൂർണ്ണമായി ഏകോപിപ്പിച്ചിട്ടുണ്ട്. മറ്റ് ലൈബ്രറികളെയും ഈ സംവിധാനത്തിൽ കൊണ്ടുവരും. അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമടക്കം എല്ലാവർക്കും ഇതിന്റെ ഉപയോഗത്തിനുള്ള പരിശീലനം ശിൽപശാലകളിലൂടെ ലഭ്യമാക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിൽ തുടക്കമിട്ടിട്ടുണ്ട്. പരിശീലനം ലഭിച്ച അധ്യാപകരെ കോളേജുകളിൽ പദ്ധതി നിർവഹണത്തിനുള്ള സാങ്കേതിക വിദഗ്ദ്ധരായി ഉപയോഗിക്കുന്നതിനാവശ്യമായ നടപടിയുമുണ്ടാവും.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സർവകലാശാലകളുടെ വൈസ് ചാൻസലർമാർ, പരീക്ഷാ വിഭാഗം എന്നിവരുടേയും കോളേജ് പ്രിൻസിപ്പൽമാരുടേയും യോഗം വിളിച്ച് അഭിപ്രായ രൂപീകരണം നടത്തിയിട്ടുണ്ട്. അധ്യാപക വിദ്യാർത്ഥി പ്രതിനിധികളുടെയും അനധ്യാപക പ്രതിനിധികളുടേയും പ്രത്യേക യോഗങ്ങൾ ചേരുമെന്നും മന്ത്രി അറിയിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.