സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആഗോള സാങ്കേതികവിദ്യാ മത്സരം: കെഎസ് യുഎം അപേക്ഷ ക്ഷണിച്ചു

By Web Team  |  First Published Jul 19, 2021, 3:37 PM IST

വനിതകള്‍ക്ക് ഉപയോഗിക്കാവുന്ന സാങ്കേതിക ഉല്‍പ്പന്നമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും വനിതാ സംരംഭകര്‍ക്കും വേണ്ടിയുള്ള വേദിയാണ് 'ഷി ലവ്സ് ടെക്ക് 2021 ആഗോള സ്റ്റാര്‍ട്ടപ്പ് മത്സരം'. 


തിരുവനന്തപുരം: സ്ത്രീസംബന്ധിയായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള ശ്രദ്ധപിടിച്ചുപറ്റാന്‍ അവസരം നല്‍കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് മത്സരത്തിലേക്ക് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം) അപേക്ഷ ക്ഷണിച്ചു. ഷി ലവ്സ് ടെക്കിന്‍റെ സഹകരണത്തോടെയാണ് മത്സരം വനിതകള്‍ക്ക് ഉപയോഗിക്കാവുന്ന സാങ്കേതിക ഉല്‍പ്പന്നമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും വനിതാ സംരംഭകര്‍ക്കും വേണ്ടിയുള്ള വേദിയാണ് 'ഷി ലവ്സ് ടെക്ക് 2021 ആഗോള സ്റ്റാര്‍ട്ടപ്പ് മത്സരം'. 'ഷി ലവ്സ് ടെക്ക് ഇന്ത്യ' ദേശീയ തല മത്സരം സെപ്തംബര്‍ 8 ന്  കെഎസ് യുഎം നടത്തും. ഇതിനു മുന്നോടിയായി ജൂലൈ 21 ന് വെര്‍ച്വല്‍ റോഡ്ഷോ സംഘടിപ്പിക്കും.

അഞ്ച് ദശലക്ഷം ഡോളര്‍ നിക്ഷേപമായി നേടിയിട്ടുള്ളതും വിജയപ്രദമായ ഉല്‍പന്നം വികസിപ്പിച്ചിട്ടുള്ളതുമായ (മിനിമം വയബിള്‍ പ്രോഡക്ട് - എംവിപി) സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. വനിതകള്‍ക്ക് ഉപയോഗിക്കാവുന്ന സാങ്കേതിക ഉല്‍പ്പന്നമുള്ള പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പോ അല്ലെങ്കില്‍ വനിതാ സ്ഥാപകരുള്ള  സ്റ്റാര്‍ട്ടപ്പോ ആയിരിക്കണം. രണ്ട് യോഗ്യതയും ഒന്നിച്ചാവാം.

Latest Videos

undefined

ഓസ്ട്രേലിയ, ബംഗ്ലാദേശ്, കംബോഡിയ, ചൈന, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേല്‍, ഇറ്റലി, ലാത്വിയ, ലിത്വാനിയ, മലേഷ്യ, മംഗോളിയ, നേപ്പാള്‍, നൈജീരിയ, നോര്‍വേ, പാക്കിസ്ഥാന്‍, പോളണ്ട്, ഫിലിപ്പൈന്‍സ്, റഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, തായ് ലന്‍ഡ്, വിയറ്റ്നാം, യുഎഇ, അമേരിക്ക തുടങ്ങിയ നാല്‍പതിലധികം രാജ്യങ്ങളിലായാണ് ഈ വര്‍ഷം മത്സരം നടക്കുന്നത്.

തേജാ വെഞ്ച്വേഴ്സ്, ഏഷ്യന്‍ ഡവലപ്മെന്‍റ് ബാങ്ക് വെഞ്ച്വേഴ്സ് തുടങ്ങിയവയില്‍ നിന്നും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മത്സരത്തിലൂടെ 50,000 ഡോളര്‍വരെ സ്വന്തമാക്കാനാകും. പ്രത്യേക മാധ്യമ, മാര്‍ഗനിര്‍ദേശ സമ്മാനങ്ങളും ഷി ലവ്സ് ടെക്ക് പങ്കാളികളുടെ ഫണ്ടുമായി അതിവേഗ ബന്ധവും ആക്സിലറേറ്റര്‍ പ്രോഗ്രാമുകളും മാര്‍ഗനിര്‍ദേശ സേവനങ്ങളും ലഭിക്കും.

ചുരുക്കപ്പട്ടികയില്‍ ഇടംനേടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആഗോള പരിപാടികളില്‍ ആശയാവതരണത്തിനും നിക്ഷേപകരുമായുളള കൂടിക്കാഴ്ചകള്‍ക്കും ശില്‍പശാലകളില്‍ പങ്കെടുക്കുന്നതിനുമുള്ള അവസരങ്ങളും മാര്‍ഗനിര്‍ദേശവും  ഫണ്ടിംഗിനുള്ള പിന്തുണയും ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി ജൂലൈ 31. മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്   http://www.startupmission.in/shelovestech/ എന്ന വെബ്സൈറ്റും വെര്‍ച്വല്‍ റോഡ്ഷോയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന്  https://bit.ly/SLTRoadshow എന്ന വെബ്സൈറ്റും സന്ദര്‍ശിക്കുക.
 

click me!