പൊതു പ്രാഥമിക പരീക്ഷകൾ നാലുഘട്ടങ്ങളിലായി 2022 മെയ് 15, 28, ജൂൺ 11, 19 തീയതികളിൽ നടത്തും.
തിരുവനന്തപുരം: 2022 ലെ പത്താംതലം പൊതു പ്രാഥമിക (Tenth Level Preliminary Examination) പരീക്ഷകൾ നാലുഘട്ടങ്ങളിലായി 2022 മെയ് 15, 28, ജൂൺ 11, 19 തീയതികളിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന പരീക്ഷാ തീയതി, ജില്ല എന്നിവയിൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കില്ല. (Kerala Public Service Commission) കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വിവിധ ഘട്ടങ്ങളിലായി അപേക്ഷകൾ ക്ഷണിച്ച പത്താം ക്ലാസ് വരെ യോഗ്യതയുള്ള 76 കാറ്റഗറികളിലേക്ക് 2022 മെയ്, ജൂൺ മാസങ്ങളിലായി പൊതുപ്രാഥമിക പരീക്ഷ നടത്തുവാൻ കേരള പബ്ലിക് സർവീസ് കമ്മിഷൻ തീരുമാനമറിയിച്ചിരുന്നു. നാലുഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക് സംസ്ഥാനത്തുടനീളം പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. ആകെയുള്ള 157 തസ്തികകളിലേക്ക് ഏതാണ്ട് 60 ലക്ഷത്തോളം അപേക്ഷകളാണുള്ളത്.
undefined
പരീക്ഷയ്ക്ക് സ്ഥിരീകരണം നൽകുവാനുള്ള സമയം ഫെബ്രുവരി 20 മുതൽ മാർച്ച് 11 വരെയായിരുന്നു. ഇത് സംബന്ധിച്ച അറിയിപ്പുകൾ ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴി നൽകിയിട്ടുണ്ട്. അപേക്ഷിച്ച ഓരോ തസ്തികയ്ക്കും പരീക്ഷ എഴുതുമെന്ന് പ്രത്യേകം ഉറപ്പു നൽകണം. നിശ്ചിത ദിവസത്തിനകം ഉറപ്പു നൽകാത്തവരുടെ അപേക്ഷ നിരുപാധികം നിരസിക്കുന്നതാണ്. സ്ഥിരീകരണം നൽകുമ്പോൾ പരീക്ഷയുടെ മാധ്യമം മലയാളം/കന്നട/തമിഴ് എന്നിവയിൽ ഏതെന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്. മുൻകൂട്ടി തെരഞ്ഞെടുത്ത മാധ്യമത്തിൽ മാത്രമേ ചോദ്യപേപ്പർ ലഭ്യമാകുകയുള്ളൂ. ഇതു സംബന്ധിച്ച് പിന്നീട് ലഭിക്കുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്, റവന്യൂ വകുപ്പിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്, വനം വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ, ഇന്ത്യൻ റിസർവ് ബറ്റാലിയനിലേക്കുള്ള പോലീസ് കോൺസ്റ്റബിൾ, ബിവറേജ് കോർപ്പറേഷനിൽ എൽ.ഡി. ക്ലർക്ക്, ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ, ഫീമെയിൽ പ്രിസൺ ഓഫീസർ, വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനിൽ ലാസ്റ്റ് ഗ്രേഡ്സെർവന്റ്, കേരള കോ-ഓപ്പറേറ്റീവ് റബ്ബർ മാർക്കറ്റിങ്ങിൽ പ്യൂൺ/അറ്റൻഡർ തുടങ്ങിയവയാണ് പ്രാഥമിക പരീക്ഷ നടക്കുന്ന പ്രധാന തസ്തികകൾ.