നീറ്റ് റാങ്കിനെ അടിസ്ഥാനമാക്കിയാണ് കേരള മെഡിക്കൽ റാങ്ക് പട്ടിക തയ്യാറാക്കിയത്. 42059 പേർ റാങ്ക് പട്ടികയിൽ ഇടം നേടി
തിരുവനന്തപുരം: കേരള മെഡിക്കൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എസ് ഗൗരിശങ്കറിനാണ് ഒന്നാം റാങ്ക്. വൈഷ്ണ ജയവർധന രണ്ടാം റാങ്ക് നേടി. നീറ്റ് റാങ്കിനെ അടിസ്ഥാനമാക്കിയാണ് കേരള മെഡിക്കൽ റാങ്ക് പട്ടിക തയ്യാറാക്കിയത്. 42059 പേർ റാങ്ക് പട്ടികയിൽ ഇടം നേടി. പ്രവേശന ഷെഡ്യൂൾ അഖിലേന്ത്യ ഷെഡ്യൂൾ അനുസരിച്ചു പിന്നീട് പ്രസിദ്ധീകരിക്കും. അഖിലേന്ത്യാ ക്വാട്ടയിൽ മുന്നോക്ക സംവരണത്തിൻറെ വരുമാനപരിധിയിൽ സുപ്രീം കോടതി ഇടപെട്ടതിനാൽ അലോട്ട്മെൻറ് നടപടി വൈകാനാണ് സാധ്യത. പിജി പ്രവേശനത്തിലാണ് ഇടപെടലെങ്കിലും എംബിബിഎസ് പ്രവേശനത്തെയും ബാധിക്കാനിടയുണ്ട്.
കേരള മെഡിക്കൽ റാങ്ക് പട്ടിക നവംബർ 27 ന് പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാലിത് പിന്നീട് നീട്ടി. നീറ്റ് പരീക്ഷയുടെ മാർക്ക് അറിയിക്കാനുള്ള സമയപരിധി നീട്ടിയത് കൊണ്ടാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്നത് മാറ്റിവച്ചത്. മുപ്പതാം തീയതി വരെ കുട്ടികൾക്ക് നീറ്റ് പരീക്ഷ ഫലം അറിയിക്കാൻ അവസരമുണ്ടായിരുന്നു. മാർക്ക് അറിയിക്കാൻ പലർക്കും അവസരം കിട്ടിയില്ലെന്ന പരാതികളെ തുടർന്നായിരുന്നു അന്ന് സമയപരിധി നീട്ടിയത്.