ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നത് വരെ ഒന്നിലധികം അവസരങ്ങള്‍ നല്‍കും.
വയനാട്: സംസ്ഥാന സര്‍ക്കാറിന്റെ പുത്തന്‍ പദ്ധതിയായ (kerala knowledge economy mission) കേരള നോളജ് ഇക്കണോമി മിഷന്‍ സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ തൊഴില്‍ മേള (online job fair) ജനുവരി 21 മുതല്‍ 27 വരെ നടക്കും. കേരള നോളജ് ഇക്കണോമി മിഷന്‍ (കെകെഇഎം) ഡി.ഡബ്യൂ.എം.എസ് (DWMS) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സൗകര്യാര്‍ത്ഥം വെര്‍ച്വല്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കാം. പതിനായിരത്തിലധികം തൊഴിലവസരങ്ങളാണ് മേളയിലൂടെ സൃഷ്ടിക്കുന്നത്.
മറ്റ് തൊഴില്‍ മേളകളില്‍ നിന്ന് വ്യത്യസ്തമായി ഒറ്റത്തവണയായോ വാര്‍ഷികമായോ അല്ല കേരള നോളജ് ഇക്കണോമി മിഷന്റെ മേള നടത്തുന്നത്. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നത് വരെ ഒന്നിലധികം അവസരങ്ങള്‍ നല്‍കും. ഇതിനായി ഉദ്യോഗാര്‍ത്ഥികള്‍ Knowledgemission.kerala. gov.in എന്ന വൈബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വിദ്യാഭ്യാസ യോഗ്യത, നൈപുണ്യം, അനുഭവപരിചയം എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രൊഫൈല്‍ രജിസ്‌ട്രേഷനാണ് നടത്തേണ്ടത്. തുടര്‍ന്ന് വെര്‍ച്വല്‍ ജോബ് ഫെയര്‍ മോഡ് തിരഞ്ഞെടുക്കണം. പുതുക്കിയ വിവരങ്ങള്‍, ബയോഡാറ്റ എന്നിവ അപ്ലോഡ് ചെയ്ത് ശേഷം അവരവരുടെ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന തൊഴില്‍ വാഗ്ദാനങ്ങള്‍ തിരഞ്ഞെടുക്കാം.
ഓപ്ഷണല്‍ മൂല്യവര്‍ദ്ധന സേവനം എന്ന നിലയില്‍ താത്പര്യമുളള തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് റോബോട്ടിക് അഭിമുഖത്തിലും, ഓട്ടോമാറ്റിക് പ്രതികരണ മൂല്യനിര്‍ണയത്തിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജോലികള്‍ക്കുള്ള തീയതിയും സമയവും, ഉദ്യോഗാര്‍ത്ഥികളെ ഇമെയില്‍ വഴി അറിയിക്കും. തൊഴില്‍ മേളയുടെ പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും അനുയോജ്യമായ പുതിയ ജോലികളുടെ ലഭ്യതയ്ക്കും ഉദ്യോഗാര്‍ത്ഥികള്‍ വെബ്‌സൈറ്റ് പരിശോധിക്കണം. .