കേരളം കഴിഞ്ഞാൽ ബംഗാളിലാണ് കൂടുതൽ നിയമനം നടന്നത് (3605). രാജസ്ഥാനിൽ 2890 നിയമനങ്ങളും ഉത്തർപ്രദേശിൽ 2886 നിയമനങ്ങളും നടന്നു.
തിരുവനന്തപുരം: രാജ്യത്തെ 27 സംസ്ഥാനങ്ങളിൽ പബ്ലിക് സർവീസ് കമ്മീഷൻ വഴിയുള്ള നിയമനങ്ങളുടെ കണക്കുപുറത്തുവിട്ട് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‍സി). ജനുവരി മുതൽ ജൂൺവരെയുള്ള ആറുമാസത്തെ കണക്കാണ് യുപിഎസ്‍സി ന്യൂസ് ലെറ്ററിൽ പ്രതിപാദിച്ചത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ നിയമനം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കേരളത്തിൽ 15,146 പേർക്ക് പിഎസ്‍സി വഴി നിയമനം നൽകിയപ്പോൾ മറ്റ് 26 സംസ്ഥാനങ്ങളിലാകെ 19,646 നിയമനങ്ങൾ മാത്രമാണ് നടന്നത്. കേരളം കഴിഞ്ഞാൽ ബംഗാളിലാണ് കൂടുതൽ നിയമനം നടന്നത് (3605). രാജസ്ഥാനിൽ 2890 നിയമനങ്ങളും ഉത്തർപ്രദേശിൽ 2886 നിയമനങ്ങളും നടന്നു. ഗുജറാത്തിൽ 1120 നിയമനങ്ങളും കർണാടകയിൽ 1494 നിയമനങ്ങളും നടന്നപ്പോൾ ഉത്തരാഖണ്ഡിൽ 1634 പേരെ പി എസ് സി വഴി നിയമിച്ചു. ഒഡിഷയിൽ 2592പേരെയും മഹാരാഷ്ട്രയിൽ 1145പേരെയും നിയമിച്ചു.
കേരളത്തിൽ പട്ടികജാതി വിഭാഗത്തിലെ 1121 പേർക്ക് പിഎസ്‍സി വഴി നിയമനം നൽകിയപ്പോൾ പട്ടിക വർഗ വിഭാഗത്തിൽ നിന്ന് 1423 പേർക്കും ഒബിസി വിഭാഗത്തിൽ നിന്ന് 7385 പേർക്കും പിഎസ്‍സി വഴി നിയമനം ലഭിച്ചു. ആറുമാസക്കാലയളവിൽ ഏറ്റവും കൂടുതൽ പരീക്ഷകൾക്ക് നോട്ടിഫിക്കേഷൻ വിളിച്ചതും കേരള പിഎസ്‍സി തന്നെ. 313 പരീക്ഷകൾക്കാണ് കേരളം 6 മാസത്തിനിടെ നോട്ടിഫൈ ചെയ്തത്. മറ്റൊരു സംസ്ഥാനവും ഇത്രയും പരീക്ഷ നോട്ടിഫൈ നടത്തിയിട്ടില്ല. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, കർണാടക സംസ്ഥാനങ്ങളിൽ ഒറ്റപരീക്ഷയുടെയും നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചിട്ടില്ല, 36 നോട്ടിഫിക്കേഷൻ പുറത്തിറക്കിയ ജമ്മുകശ്മീരാണ് കേരളത്തിന് തൊട്ടുപിന്നിൽ. കേരളം നോട്ടിഫൈ ചെയ്ത 313 പരീക്ഷകളും ഇക്കാലയളവിൽ നടത്തിയെന്നതും പ്രത്യേകത. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, രാജസ്ഥാൻ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ആറുമാസക്കാലയളവിൽ ഒറ്റ പരീക്ഷയും നടത്തിയില്ല.
ആറുമാസക്കാലയളവിൽ 463462 പേരാണ് കേരള പി എസ് സിയിൽ മത്സര പരീക്ഷക്കായി അപേക്ഷ നൽകിയത്. 13943 പേരെ അഭിമുഖത്തിന് ക്ഷണിച്ചു. 1275240 പേരാണ് ഉത്തർപ്രദേശിൽ പരീക്ഷക്കായി അപേക്ഷിച്ചത്. രാജസ്ഥാനിൽ 946763 പേരും അപേക്ഷിച്ചു.