കെ ഡിസ്ക് പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്; ലക്ഷ്യം 20 ലക്ഷം പേർക്ക് തൊഴിൽ

By Web Team  |  First Published Jul 10, 2022, 6:34 AM IST

ബിരുദവും അതിന് മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവരെ ജോലി സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി അടുത്ത ആഴ്ച മുതൽ കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ വീടുകളിലെത്തും. ഒരു വാര്‍ഡിന് ഒരാളെന്ന നിലയിൽ കുടുംബശ്രീ സേവനം ഉറപ്പാക്കാനാണ് തീരുമാനം.


തിരുവനന്തപുരം: 20 ലക്ഷം പേര്‍ക്ക് തൊഴിലെന്ന പ്രഖ്യാപിത നയവുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ ഡിസ്ക് പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. ബിരുദവും അതിന് മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവരെ ജോലി സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായി അടുത്ത ആഴ്ച മുതൽ കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ വീടുകളിലെത്തും. ഒരു വാര്‍ഡിന് ഒരാളെന്ന നിലയിൽ കുടുംബശ്രീ സേവനം ഉറപ്പാക്കാനാണ് തീരുമാനം.

53 ലക്ഷത്തി 42 ആയിരത്തി 094 പേരാണ് കെ ഡിസ്ക് വഴി കേരളത്തിൽ തൊഴിൽ കാത്തിരിക്കുന്നത്. കണക്കെടുപ്പ് കഴിഞ്ഞ് രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബിരുദവും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കും. 21 നും 40 നും ഇടക്ക് പ്രായമുള്ള 23 ലക്ഷം പേരാണ് ലിസ്റ്റിലുള്ളത്. സംസ്ഥാനത്തെ 20000 വാര്‍ഡുകളിലും ഓരോ കമ്മ്യൂണിറ്റി അംബാസിഡര്‍മാര്‍ ഉണ്ടാകും. ഇവര്‍ വീടുകളിലെത്തി രജിസ്ട്രേഷൻ നടപടികൾ പൂര്‍ത്തിയാക്കുകയാണ് ആദ്യപടി. ജോലി ആവശ്യമുള്ളവര്‍ക്ക് ഡിജിറ്റൽ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം അഥവ dwms ൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കാം. ഇതിനായി മൊബൈൽ ആപ്പ് അടക്കം സാങ്കേതിക സൗകര്യങ്ങളാണ് കെ ഡിസ്ക് ഒരുക്കുന്നത്.

Latest Videos

ലഭ്യമായ അനുയോജ്യമായ തൊഴിലവസരങ്ങളുടെ നോട്ടിഫിക്കേഷൻ കിട്ടുന്ന വിധമാണ് പ്രവര്‍ത്തനം. സ്പോക്കൺ, വിവിധ അഭിമുഖ പരിശീലനങ്ങൾ തുടങ്ങി മത്സരക്ഷമത ഉറപ്പാക്കുന്നതിനുള്ള ക്ലാസുകൾ ഓൺലൈനായി ലഭ്യമാക്കും. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിശീലനം മുതൽ ആര്‍ട്ടിഫിഷ്യൽ ഇൻറലിജൻസ് വരെ ഹ്രസ്വകാല ദീര്‍ഘകാല കോഴ്സുകൾക്ക് പണമീടാക്കിയും അല്ലാതെയും പഠിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പിൽ നിന്നാണ് കമ്മ്യൂണിറ്റി അംബാസിഡര്‍മാരെ കണ്ടെത്തുന്നത്. തിങ്കളാഴ്ച മുതൽ കാസര്‍കോടുനിന്ന് പരിശീലന പരിപാടി തുടങ്ങാനാണ് തീരുമാനം. 9000 തൊഴിലവസരങ്ങൾ ഇപ്പോൾ ലഭ്യമാണെന്നും തൊഴിൽ ദാതാക്കളേയും തൊഴിലന്വേഷകരേയും ബന്ധിപ്പിക്കാൻ വിപുലമായ പ്രവര്‍ത്തനങ്ങൾ പുറകെ ഉണ്ടെന്നും കെ ഡിസ്ക് വിശദീകരിക്കുന്നു.

click me!