എല്‍.പി.എസ്.എ റാങ്ക് ലിസ്റ്റ് വിപുലീകരിക്കണമെന്നാവശ്യപെട്ട് ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ മലപ്പുറം കളക്ട്രറേറ്റിന് മുന്നില്‍ പന്തല്‍ കെട്ടി തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം രണ്ട് മാസമെത്താറായി.
മലപ്പുറം: മലപ്പുറം ജില്ലയിലെ എല്‍.പി സ്കൂൾ (LP School) അധ്യാപക റാങ്ക് പട്ടിക (Teachers Rank List Expansion) വിപുലീകരിക്കാനുള്ള നീക്കത്തിനെതിരെ മെയിൻ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നിയമ നടപടികളിലേക്ക്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി റാങ്ക് പട്ടിക വിപുലീകരിക്കുന്നത് മെയിൻ ലിസ്റ്റിലുള്‍പ്പെട്ടവരുടെ ജോലി സാധ്യത ഇല്ലാതാക്കുമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പരാതി. എല്‍.പി.എസ്.എ റാങ്ക് ലിസ്റ്റ് വിപുലീകരിക്കണമെന്നാവശ്യപെട്ട് ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ മലപ്പുറം കളക്ട്രറേറ്റിന് മുന്നില്‍ പന്തല്‍ കെട്ടി തുടങ്ങിയ അനിശ്ചിതകാല നിരാഹാര സമരം രണ്ട് മാസമെത്താറായി.
സമരം ഒത്തു തീര്‍പ്പിലെത്തിക്കണമെന്ന് വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി പട്ടിക വിപുലീകരിക്കുമോയെന്ന ആശങ്കയിലാണ് മെയിൻ ലിസ്റ്റില്‍ ഉള്‍പെട്ടിട്ടുള്ളവര്‍. 2014 ലെ മെയിൻ ലിസ്റ്റില്‍ ഉള്‍പെട്ടവര്‍ക്കെല്ലാം നിയമനം നല്‍കിയതുപോലെ തന്നെ ഈ ലിസ്റ്റിലെ എല്ലാവര്‍ക്കും നിയമനം നല്‍കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ രാങ്ക് പട്ടിക വിപുലീകരിക്കുന്നതിനെതിരെ നിയമ നടപടികളിലേക്ക് കൂടി കടക്കുകയാണ്.