Employment : കാർഷിക മേഖലയിൽ ആദിവാസി വിഭാഗങ്ങൾക്ക് തൊഴിലും പരിശീലനവും

By Web Team  |  First Published Dec 11, 2021, 11:38 AM IST

കാർഷികമേഖലയിൽ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് പട്ടികവർഗവികസന വകുപ്പിന്റെ സഹായത്തോടെ വെള്ളായണി കാർഷിക സർവകലാശാല നടപ്പാക്കുന്ന വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു.


തിരുവനന്തപുരം: കാർഷികമേഖലയിൽ (Ariculture sector) ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് പട്ടികവർഗവികസന വകുപ്പിന്റെ (Scheduled tribe department) സഹായത്തോടെ വെള്ളായണി കാർഷിക സർവകലാശാല നടപ്പാക്കുന്ന വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ പട്ടികവർഗ ഉപപദ്ധതിയുടെ ഭാഗമായാണ് പദ്ധതികൾ നടപ്പാക്കുന്നത്. കാർഷിക മേഖലയിൽ ആദിവാസി വിഭാഗങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കുക, യന്ത്രവത്ക്കരണം വഴി കാർഷിക മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുക, ആദിവാസി കുടുംബങ്ങളുടെ ജീവനോപാധി മെച്ചപ്പെടുത്തുക, പോഷകാഹാര ലഭ്യത ഉറപ്പാക്കുക എന്നിവയാണ് പദ്ധതികളുടെ ലക്ഷ്യം.

രാവിലെ 10 മണിക്ക് പാങ്കാവ് സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന ആദിവാസി വിഭാഗങ്ങൾക്കുള്ള കാർഷിക യന്ത്രങ്ങളുടെ വിതരണവും കാർഷികമേഖലയിൽ യന്ത്രവത്കരണത്തിന്റെ സാധ്യതയെ കുറിച്ചുള്ള പരിശീലനപരിപാടിയും ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.  പദ്ധതിയുടെ ഭാഗമായി കാർഷിക കർമ്മ സേന രൂപീകരിച്ച് നൂതന കാർഷിക യന്ത്രങ്ങളുടെ ഉപയോഗം, നഴ്‌സറി പരിപാലനം, കമ്പോസ്റ്റ് നിർമ്മാണം, ജൈവ- ജീവാണു വളങ്ങളുടെ ഉൽപാദനം തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലന പരിപാടിയും സംഘടിപ്പിക്കും.

Latest Videos

undefined

ആദിവാസി വിഭാഗങ്ങൾക്കുള്ള പച്ചക്കറിവിത്ത്-സുഗന്ധവിള തൈകളുടെ വിതരണവും പരിശീലന പരിപാടിയുടെ ഉദ്ഘാടനവും ഉച്ചയ്ക്ക് രണ്ട് മണിക്ക് പുരവിമല ട്രൈബൽ എൽ.പി സ്‌കൂളിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു.  പ്രദേശത്തെ ആദിവാസി കുടുംബങ്ങളുടെ പോഷക ലഭ്യത മെച്ചപ്പെടുത്തുന്നതിന് പഴവർഗങ്ങളും പച്ചക്കറികളും കൃഷിചെയ്യുന്നതിനുള്ള സാങ്കേതിക സഹായം നൽകുന്നതിനും ഡയറ്റ് ക്ലിനിക്കുകൾ വഴി പോഷക സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള പരിപാടിയും ഇതോടനുബന്ധമായി സംഘടിപ്പിക്കും.

വനിതകള്‍ക്കായി തൊഴില്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്, വനിതകള്‍ക്കായി പേപ്പര്‍ ബാഗ് നിര്‍മ്മാണ തൊഴില്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും ഗ്രാമീണ സ്വയംതൊഴില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ പത്ത് ദിവസമായി നടന്ന ക്യാമ്പില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വി.ശശി എം.എല്‍.എ വിതരണം ചെയ്തു.

വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും കൂടുതല്‍ ആത്മവിശ്വാസം നേടുന്നതിനും ഇത്തരം പരിശീലന പരിപാടികളിലൂടെ കഴിയുമെന്ന് എം.എല്‍.എ പറഞ്ഞു. പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കി ഇത്തരം പരിസ്ഥിതി സൗഹൃദ സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

തൊഴിലുറപ്പ് പദ്ധതി പ്രകാരം നൂറ് തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ 26 വനിതകള്‍ക്കാണ് പരിശീലന ക്യാമ്പില്‍ അവസരം ലഭിച്ചത്.   ക്രാഫ്റ്റ് പേപ്പര്‍ കൊണ്ടുള്ള ബോട്ടീക് ബാഗുകള്‍, മെന്‍സ് വെയര്‍ ബാഗുകള്‍, കേക്ക് ബാഗുകള്‍, മൊബൈല്‍ ബാഗുകള്‍, ഓഫീസ് ഫയല്‍, എന്‍വലപ്പ് എന്നിവയുടെ നിര്‍മാണ പരിശീലനമാണ് ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പേപ്പര്‍ ബാഗ് നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ലഭ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഉറപ്പു നല്‍കി. 10 ദിവസത്തെ തൊഴിലുറപ്പ് വേതനവും ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് നല്‍കി.

click me!