മൂന്നുപതിറ്റാണ്ടിലേറെയായി മിനി ഐപ് എൽഐസിയിൽ ജോലി ചെയ്തു തുടങ്ങിയിട്ട്. 1986 ൽ ആണ് കരിയറിന്റെ തുടക്കം. അസിസ്റ്റന്റ് അഡ്നിമിസ്ട്രേറ്റർ ഓഫീസറായി എൽഐസിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു.
തിരുവനന്തപുരം: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ തലപ്പത്ത് ഇനി മലയാളിത്തിളക്കം. മലയാളിയായ മിനി ഐപ് എൽഐസിയുടെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത് ഈ ഓഗസ്റ്റ് 2നായിരുന്നു. ഈ പദവിക്ക് പിന്നിൽ മറ്റൊരു ചരിത്രം കൂടി എഴുതിച്ചേർക്കപ്പെടുന്നുണ്ട്. എൽഐസിയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ ഡയറക്ടർ കൂടിയാണ് ഇവർ. നിലവിൽ എക്സിക്യൂട്ടീവ് ഡയറക്ടർ (ലീഗൽ) ആയി പ്രവർത്തിക്കുന്ന മിനി ഐപ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖം
നിശ്ചയദാർഢ്യവും കഠിനാദ്ധ്വാനവുമുണ്ടെങ്കിൽ ഏത് മേഖലയിലും വനിതകൾക്ക് തിളങ്ങാൻ കഴിയുമെന്ന് മിനി ഐപ് പറയുന്നു. ഇതിനോടകം തന്നെ നിരവധി സുപ്രധാനമായ പദവികളും കൈകാര്യം ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് മിനി. മൂന്നുപതിറ്റാണ്ടിലേറെയായി മിനി ഐപ് എൽഐസിയിൽ ജോലി ചെയ്തു തുടങ്ങിയിട്ട്. 1986 ൽ ആണ് കരിയറിന്റെ തുടക്കം. അസിസ്റ്റന്റ് അഡ്നിമിസ്ട്രേറ്റർ ഓഫീസറായി എൽഐസിയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീടിങ്ങോട്ട് നിരവധി പ്രധാനപ്പെട്ട പദവികളിലെ വനിതാ സാന്നിദ്ധ്യമായി മാറി. 2019 ഏപ്രിലിൽ എൽഐസിയിലെ ആദ്യ വനിതാ സോണൽ മാനേജർ പദവിലേക്കുമെത്തി. ''ഔദ്യോഗിക ജീവിതത്തിലെ മറക്കാനാവാത്ത, ഏറ്റവും സന്തോഷം തോന്നിയ അവസരമായിരുന്നു ഇത്. ഹൈദരാബാദ് കേന്ദ്രമായ സൗത്ത് സെൻട്രൽ സോണിന്റെ ചുമതലയാണ് എന്നെ ഏൽപിച്ചത്. എൽഐസിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത ആ സ്ഥാനത്തേക്ക് എത്തുന്നത്. ഏറ്റവും ആത്മാർത്ഥമായി തന്നെ പ്രവർത്തിക്കാൻ എനിക്ക് സാധിച്ചു,'' മിനി ഐപ് പറഞ്ഞു.
undefined
കേരളത്തിലെ വേരുകൾ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണെങ്കിലും മിനി വളർന്നതും പഠിച്ചതുമെല്ലാം വിശാഖപട്ടണത്താണ്. ആന്ധ്ര സർവ്വകലാശാലയിൽ നിന്ന് കൊമേഴ്സിൽ ബിരുദാനന്തര ബിരുദം. ഇന്റർനാഷണൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ, ഡയറക്ടർ ആന്റ് സിഇഒ എൽഐസിഎച്ച്എഫ്എൽ സർവ്വീസ് ലിമിറ്റഡ്, വിവിധ വിഭാഗങ്ങളിലെ റീജിയണൽ മാനേജർ തുടങ്ങി നിരവധി ചുമതലകൾ മിനി ഐപ് വഹിച്ചിട്ടുണ്ട്.
വളരെയധികം തൊഴിലവസരങ്ങളുള്ള മേഖലയാണ് ഇൻഷുറൻസ് മേഖലയെന്ന് മിനി ഐപ് പറയുന്നു. പെൺകുട്ടികളെ സംബന്ധിച്ച് നിരവധി തൊഴിലവസരങ്ങൾ എൽഐസി വാഗ്ദാനം ചെയ്യുന്നുണ്ട്. പെൺകുട്ടികൾക്ക് സാമ്പത്തിക സുസ്ഥിരത അത്യാവശ്യഘടകമാണെന്ന് മിനി ഐപ് പറയുന്നു. ''എന്റെ കുഞ്ഞിന് മൂന്നുമാസം പ്രായമുള്ളപ്പോഴാണ് എനിക്ക് ജോലി ലഭിക്കുന്നത്. മോനെ ഭർത്താവിന്റെ അമ്മയെ ഏൽപ്പിച്ചാണ് ഞാൻ ജോലിക്കായി ഹൈദരാബാദിലേക്ക് പോകുന്നത്. 'നല്ല ജോലിയല്ലേ, കളയണ്ട' എന്ന് എന്നെ പിന്തുണച്ചതും പ്രോത്സാഹിപ്പിച്ചതും ഭർത്താവിന്റെ അമ്മയാണ്. ഒരു ജോലി വേണം എന്നുള്ള നിശ്ചയദാർഡ്യം പെൺകുട്ടികൾക്കുണ്ടാകണം. അത് ഭാവിയെ വളരെയധികം സ്വാധീനിക്കുന്ന ഘടകമാണ്.'' വിദ്യാഭ്യാസത്തിന്റെയും ജോലിയുടെയും പ്രാധാന്യത്തെക്കുറിച്ച് സ്വന്തം ജീവിതം ചൂണ്ടിക്കാണിച്ച് മിനി വ്യക്തമാക്കുന്നു.
കൊല്ലം സ്വദേശിയായ കമഡോർ (റിട്ട.) കെ കെ ഐപ്പാണ് മിനി ഐപ്പിന്റെ ഭർത്താവ്, രണ്ട് മക്കൾ. ഏൽപ്പിച്ച ചുമതലകളും കർത്തവ്യങ്ങളും ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്ത വനിത എന്ന ഖ്യാതി തേടിയെത്തുമ്പോഴും തന്റെ വിജയത്തിന്റെ ഘടകങ്ങൾ ഇവയാണെന്ന് മിനി പറയുന്നു. ''ഏത് ജോലിയിലും കഠിനാധ്വാനം അത്യാവശ്യമാണ്. അതുപോലെ സത്യസന്ധതയും. ചെയ്യുന്ന ജോലിക്ക് മൂല്യം നൽകുക. നമ്മുടെ പ്രയത്നങ്ങൾക്കൊപ്പം സഹപ്രവർത്തകരുടെ പ്രയത്നവുമുണ്ടെന്ന് മനസ്സിലാക്കണം. അവരുടെ കഷ്ടപ്പാടും നമ്മൾ മനസ്സിലാക്കണം.'' വിജയഘടകങ്ങൾ എന്താണെന്ന ചോദ്യത്തിന് മിനി ഐപ്പിന് പറയാനുള്ളത് ഇത്രമാത്രം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona